Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരദ് യാദവ് പക്ഷത്തിന് പുതിയ പാർട്ടി: ലോക്താന്ത്രിക് ജനതാദൾ

Sharad Yadav

ന്യൂഡൽഹി ∙ ജനതാദൾ (യു) വിട്ട മുൻ ദേശീയാധ്യക്ഷൻ ശരദ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു – ലോക്താന്ത്രിക് ജനതാദൾ (എൽജെഡി.) ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡിയും കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൂട്ടുകൂടിയപ്പോൾ ഒപ്പം പോകാതെ വിട്ടുനിൽക്കുകയായിരുന്നു ശരത് യാദവ് പക്ഷം.

യാദവിന്റെ സാന്നിധ്യത്തിൽ സുശീല മൊറാലെ ആണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. സാങ്കേതികമായി പുതിയ പാർട്ടിയിൽ താൻ അംഗത്വമെടുത്തിട്ടില്ലെന്നു ശരത് യാദവ് പറഞ്ഞു. യഥാർഥ ജെഡിയു തനിക്കൊപ്പമാണെന്നും പാർട്ടി ചിഹ്നമായ അമ്പ് തനിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള ശരത് യാദവിന്റെ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇതിൽ തീർപ്പാകാത്തതു കൊണ്ടാണ് എൽജെഡിയിൽ അംഗമാകാത്തതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗമായിരുന്ന ശരത് യാദവിന് പാർട്ടി പിളർന്നപ്പോൾ എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെ യാദവ് കൊടുത്ത കേസും കോടതിയിലുണ്ട്. പുതിയ പാർട്ടിയുടെ ദേശീയ സമ്മേളനം മേയ് 18ന് നടക്കും. മാർഗദർശകൻ എന്ന നിലയിൽ ശരത് യാദവ് ഇതിൽ പങ്കെടുക്കും.