Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി 17 മണിക്കൂർ, കൂലി 300 രൂപ; ഗുജറാത്തിലെ സ്ത്രീതൊഴിലാളികൾക്കു കൊടിയ ചൂഷണമെന്നു സർവേ

rupee-symbol

അഹമ്മദാബാദ് ∙ എട്ടു മണിക്കൂർ പണിയെന്നതൊക്കെ ഏട്ടിൽ മാത്രം. ഗുജറാത്തിലെ നിർമാണ മേഖലയിൽ സ്ത്രീത്തൊഴിലാളികൾക്ക് എട്ടിന്റെ പണിയാണെന്നു സർവേ. നിർമാണ മേഖലയിലെ സ്ത്രീത്തൊഴിലാളികൾ ദിവസം 17 മണിക്കൂർ പണിയെടുക്കേണ്ടിവരുന്നതായാണു പഠനം നടത്തിയ ആജീവിക ബ്യൂറോയുടെ കണ്ടെത്തൽ.

മണ്ണെടുപ്പും ചുമടും അടക്കമുള്ള ശ്രമകരമായ ജോലികൾക്കാണു മുക്കാൽ ലക്ഷത്തോളം വരുന്ന സ്ത്രീത്തൊഴിലാളികളെ അഹമ്മദാബാദിൽ മാത്രം കരാർ പണിയിൽ നിയമിച്ചിരിക്കുന്നത്. പന്ത്രണ്ടു മണിക്കൂർ നീളുന്ന പണിക്കു പുറമേ വീട്ടുജോലികളടക്കം പതിനേഴോളം മണിക്കൂർ പണിയെടുക്കേണ്ടിവരുന്നു. കിട്ടുന്ന കൂലി മുന്നൂറു രൂപ മാത്രം. ഇവരിൽ മഹാഭൂരിപക്ഷവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അസംഘടിത തൊഴിലാളികളാണ്. തുറസ്സായ സ്ഥലത്തു തമ്പടിച്ചാണു താമസം. ഇവർക്കു ചികിൽസ കിട്ടാനും കടമ്പകളേറെ. ആശുപത്രിയിൽ കൂട്ടുവരുന്ന ഭർത്താവിനോ ബന്ധുക്കൾക്കോ അന്നത്തെ കൂലി നഷ്ടമാവുന്നു; ഭാരിച്ച ചികിത്സാച്ചെലവും താങ്ങാനാകില്ല.

ഗർഭിണികൾക്ക് ഒരുവിധ ഇളവുകളും നൽകുന്നില്ല. എട്ടുമാസം ഗർഭിണികളായവർ വരെ പണിയെടുക്കുന്നുണ്ടെന്നാണു സർവേയിലെ കണ്ടെത്തൽ. നഗരത്തിലെ ആശുപത്രിച്ചെലവു താങ്ങാനാവാത്തതിനാൽ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയാണു പ്രസവം. രണ്ടാഴ്ചയ്ക്കുള്ളിൽ കൈക്കുഞ്ഞുമായി അവർക്കു പണിസ്ഥലത്തു തിരിച്ചെത്തേണ്ടി വരുന്നു. സ്ത്രീത്തൊഴിലാളികൾ ലൈംഗികചൂഷണത്തിന് ഇരയാവുന്നുണ്ടെന്നു പഠനത്തിൽ വ്യക്തമായിട്ടുണ്ട്. മലയാളിയായ നിവേദിത ജയറാം അംഗമായുള്ള പഠനസംഘമാണു സർവേ നടത്തിയത്.