Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ: മൂന്നിലൊന്നു പഞ്ചായത്ത് സീറ്റുകളിൽ തൃണമൂലിന് എതിരില്ല

Trinamool-Congress-logo

കൊൽക്കത്ത∙ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വോട്ടുപോലും ചെയ്യും മുൻപേ 34 ശതമാനം സീറ്റുകളിൽ തൃണമൂൽ കോൺഗ്രസിനു ജയം. ആകെയുള്ള 58,692 സീറ്റുകളിൽ 20,076 ൽ തൃണമൂൽ സ്ഥാനാർഥികൾക്ക് എതിരില്ല. ഈ മാസം 14 നാണു തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണു എതിരില്ലാതെ വിജയിച്ചവരുടെ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിയും അക്രമവും മൂലം നാമനിർദേശം സമർപ്പിക്കാൻ കഴിയുന്നില്ലെന്ന പരാതിയുമായി പ്രതിപക്ഷ പാർട്ടികൾ കോടതിയിലെത്തിയിരുന്നു. ഇതേത്തുടർന്ന് ഒരു ദിവസം കൂടി അനുവദിച്ചെങ്കിലും പത്രികകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായില്ല. ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയും പേർ എതിരില്ലാതെ വിജയിക്കുന്നത്. 2013 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 10 % തൃണമൂൽ സ്ഥാനാർഥികൾക്കും ഇടതുമുന്നണി ഭരണകാലത്തു 11 % സിപിഎം സ്ഥാനാർഥികൾക്കും എതിരില്ലായിരുന്നു. 

പത്രിക സമർപ്പണം വാട്സാപ്പ് വഴി

പത്രിക നൽകേണ്ട കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കുന്നില്ലെന്നു പരാതിപ്പെട്ട ഒൻപതു സ്ഥാനാർഥികളുടെ പത്രിക തിരഞ്ഞെടുപ്പു കമ്മിഷൻ വാട്സാപ്പ് വഴി സ്വീകരിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ദിവസം ബിർഭൂമിലെ ജില്ലാ മജിസ്ട്രേട്ട് ഓഫിസിൽ ആദ്യമെത്തിയതു വാളും മഴുവും കത്തിയും വീശി ഒരു സംഘമായിരുന്നു. പത്രിക സമർപ്പിക്കാൻ കോടതി നീട്ടി നൽകിയ ദിവസവും ബിർഭൂമിൽ കനത്ത അക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ബിർഭും ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 

ഇതു ജനാധിപത്യമോ?: പ്രതിപക്ഷ പാർട്ടികൾ

ജനാധിപത്യത്തെ അപഹാസ്യമാക്കുന്നതിന്റെ ഉദാഹരണമാണിതെന്നു ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. തങ്ങളുടെ പല സ്ഥാനാർഥികൾക്കും പത്രിക സമർപ്പിക്കാനായില്ലെന്നും സമർപ്പിച്ചവരിൽ ചിലരെ ഭീഷണിയിലൂടെ തൃണമൂൽ പിൻവലിപ്പിച്ചെന്നും ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. തിരഞ്ഞെടുപ്പിനെ തൃണമൂൽ പരിഹാസ്യമാക്കിയെന്നു മുതിർന്ന സിപിഎം നേതാവ് സുജൻ ചക്രവർത്തി ആരോപിച്ചു. 

ഗ്രാമപഞ്ചായത്തുകൾ – 3358 

ആകെ സീറ്റ് – 48,650 

ഒറ്റ സ്ഥാനാർഥി മാത്രം – 16,814 

പഞ്ചായത്ത് സമിതികൾ – 341 

ആകെ സീറ്റ് – 9217 

എതിരില്ലാത്തത് – 3059 

ജില്ലാ പരിഷത്ത് – 20 

ആകെ സീറ്റ് – 825 

എതിരില്ലാത്തത് – 203 

related stories