Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ കണക്‌ഷന് ആധാർ വേണ്ട; സിം നിഷേധിക്കരുതെന്നു കേന്ദ്ര ഉത്തരവ്

aadhar-sim

ന്യൂഡൽഹി∙ മൊബൈൽ കണക്‌ഷൻ ലഭിക്കാൻ ഇനി ആധാർ നിർബന്ധമല്ല. ആധാറില്ലെങ്കിലും സിം കാർഡ് നിഷേധിക്കരുതെന്നു കേന്ദ്രസർക്കാർ ടെലികോം കമ്പനികൾക്കു നിർദേശം നൽകി. ആധാർ ഇല്ലാത്ത പ്രവാസികളും വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ളവർക്കു ഗുണകരമാണു നിർദേശം.

തിരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് (വോട്ടേഴ്സ് ഐഡി), ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ ആധാറിനു പകരമായി സ്വീകരിച്ചു സിം നൽകാമെന്നു കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദർരാജൻ അറിയിച്ചു. ഇതു സംബന്ധിച്ച കേസിൽ അന്തിമ തീരുമാനം ആകുന്നതുവരെ സിം കാർഡ് ലഭിക്കാൻ ആധാർ വേണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ ആധാറില്ലാത്തതിന്റെ പേരിൽ മൊബൈൽ കണക്​ഷൻ നിഷേധിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്നാണു കേന്ദ്ര ഉത്തരവ്. ആധാറും മൊബൈലും സംയോജിപ്പിക്കാനുള്ള കാലാവധി സുപ്രീം കോടതി നീട്ടിനൽകിയിട്ടും ടെലികോം കമ്പനികൾ ഇതു സംബന്ധിച്ച മുൻനിർദേശം തുടരുകയാണ്. സുപ്രീം കോടതി തീർപ്പുകൽപ്പിക്കുംവരെ ആധാറും മൊബൈലും ബന്ധിപ്പിക്കുന്നതിൽ നിർബന്ധം പാടില്ലെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.