Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധിജീവികളുമായി കോഴിക്കോട്ട് കാരാട്ടിന്റെ രഹസ്യ ചർച്ച; സിപിഎമ്മിൽ പുതിയ വിവാദം

Sitaram Yechuri, Prakash Karat

ന്യൂഡൽഹി ∙ ഹൈദരാബാദിൽ അംഗീകരിച്ച രാഷ്ട്രീയ നയം വിശദീകരിക്കാൻ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കോഴിക്കോട്ട് കഴിഞ്ഞ ദിവസം ബുദ്ധിജീവികളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ച പാർട്ടിയിൽ പുതിയ വിവാദത്തിനു തുടക്കമിട്ടു. കോൺഗ്രസുമായി ധാരണയെന്നതിന്റെ അർഥമാണു കാരാട്ട് കോഴിക്കോട്ട് പ്രധാനമായും വിശദീകരിച്ചത്.

പൊളിറ്റ് ബ്യൂറോയിൽ (പിബി) ചർച്ചയോ തീരുമാനമോ ഇല്ലാതെയാണ് കാരാട്ട് കോഴിക്കോട്ട് നയവിശദീകരണം നടത്തിയതെന്നും അത് അംഗീകരിക്കാനാവില്ലെന്നുമാണ് യച്ചൂരിപക്ഷത്തിന്റെ നിലപാട്. കാൾ മാർക്സിന്റെ ഇരുനൂറാം ജന്മവാർഷിക പരിപാടികളുടെ ഭാഗമായി ലണ്ടനിലും മറ്റും പ്രഭാഷണം നടത്താൻ പോയ ജനറൽ സെക്രട്ടറി മടങ്ങിയെത്തിയാലുടനെ വിഷയം പിബിയിൽ ഉന്നയിക്കുമെന്നും യച്ചൂരിപക്ഷം പറഞ്ഞു.

കോഴിക്കോട്ടു മാത്രമല്ല: കാരാട്ട്

കോഴിക്കോട്ട് കഴിഞ്ഞ മൂന്നു വർഷത്തിനിടെ താൻ പങ്കെടുത്ത മൂന്നാമത്തെ യോഗമാണിതെന്നു കാരാട്ട് മനോരമയോടു പറഞ്ഞു. മറ്റു നഗരങ്ങളിലും ഇങ്ങനെ ചെയ്യാറുണ്ട്. ജീവിതത്തിന്റെ നാനാതുറകളിലുമുള്ള, പാർട്ടിക്കാരല്ലാത്തവരുമായി ഇടപഴകാനുള്ള ശ്രമമാണ്. രാഷ്ട്രീയ നയം വിശദീകരിക്കാൻ മാത്രമല്ല, മറ്റെല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും പ്രതികരണമറിയാനുമായിരുന്നു ശ്രമം. 

കാരാട്ട് പറഞ്ഞത്

കോഴിക്കോട്ട് ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാവിലെ അറുപതോളം പേരുമായി കാരാട്ട് കൂടിക്കാഴ്ച നടത്തിയത്. നയവിശദീകരണത്തിനു പിന്നാലെ സദസിൽനിന്നുള്ള ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. പാർട്ടി ജില്ലാ കമ്മിറ്റിയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ചില പ്രവർത്തകരുമാണത്രേ ബുദ്ധിജീവികളെ ക്ഷണിച്ചത്. രഹസ്യയോഗത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചോദ്യത്തിന് കാരാട്ട് മറുപടി നൽകിയില്ല.

കോൺഗ്രസുമായി ധാരണ പാടില്ലെന്നതാണ് കൊൽക്കത്ത പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച ഭൂരിപക്ഷ നിലപാടെന്നും പാർട്ടി കോൺഗ്രസിൽ അതു തിരുത്തിയെന്നും കാരാട്ട് പറഞ്ഞതായാണ് യോഗത്തിൽ പങ്കെടുത്തവരിൽനിന്ന് അറിയുന്നത്. പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസുമായുള്ള സഹകരണം എത്രത്തോളംവരെയെന്നും കാരാട്ട് വിശദീകരിച്ചു.

മുഖ്യശത്രുവിനെ നേരിടാൻ ഏതു ചെകുത്താനെയും കൂട്ടുപിടിക്കാമെന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നിലപാടനുസരിച്ച് കോൺഗ്രസുമായി സഹകരിക്കുന്നതിൽ എന്തു തെറ്റെന്നു സദസിൽനിന്നു ചോദ്യമുണ്ടായി. കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്നും ത്രിപുരയിൽ പാർട്ടി തോറ്റതിന്റെ കാരണം അവരാണെന്നും മറുപടി. പാർട്ടിക്കു ശക്തി തെല്ലുമില്ലാത്ത സ്ഥലങ്ങളിലും ജനത്തെ സംഘടിപ്പിക്കാൻ‍ ശ്രമിക്കുമെന്നും കാരാട്ട് പറഞ്ഞു.

വൃന്ദയുടെ വാക്കുകളും വിവാദമായി

ഹൈദരാബാദിൽ പാർട്ടിയുടെ രാഷ്ട്രീയ പ്രമേയം അംഗീകരിച്ചതിന്റെ പിറ്റേന്ന് വൃന്ദ കാരാട്ട് മാധ്യമങ്ങളോടു നയം വ്യാഖ്യാനിച്ചതു വിവാദമായിരുന്നു. ബംഗാളിൽ കോൺഗ്രസുമായി സഹകരിക്കുന്ന പ്രശ്നമില്ലെന്നും യച്ചൂരി മുന്നോട്ടുവച്ച നിലപാട് തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും വൃന്ദ പറഞ്ഞു.