Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിം അവാർഡ്: രാഷ്ട്രപതി കൈവിട്ടു, ഒറ്റപ്പെട്ട് വാർത്താവിതരണവകുപ്പ്

National-Film-Award-Distribution-Venue

ന്യൂഡൽഹി ∙ കേരളത്തിൽനിന്നുള്ള 10 പേരടക്കം ബഹുഭൂരിപക്ഷം പുരസ്കാര ജേതാക്കളും വിട്ടുനിന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിനെച്ചൊല്ലിയുള്ള വിവാദത്തിൽ ഒറ്റപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. സംഭവത്തിൽ, രാഷ്ട്രപതി റാം നാഥ് കോവിന്ദ് തന്നെ പ്രധാനമന്ത്രിയുടെ ഓഫിസിനെ അസന്തുഷ്ടി അറിയിച്ചതോടെയാണു വകുപ്പു പ്രതിക്കൂട്ടിലായത്.

പുരസ്കാര ജേതാക്കളിൽ ബഹുഭൂരിപക്ഷം പേരും പ്രതിഷേധിച്ചു വിട്ടുനിന്നിട്ടും പ്രതികരിക്കാൻ വകുപ്പുമന്ത്രി സ്മൃതി ഇറാനി തയാറായിട്ടില്ലെന്നും വിമർശനമുണ്ട്. രാഷ്ട്രപതിയുടെ ഓഫിസ് പ്രതികരിച്ചതോടെ പരിപാടിയുടെ സംഘാടനത്തിൽ വകുപ്പിന്റെ വീഴ്ച വ്യക്തമായി. വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണു രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചത്.

റാം നാഥ് കോവിന്ദ് ചുമതലയേറ്റശേഷം, റിപ്പബ്ലിക് ദിന പരിപാടിപോലെ അതിപ്രധാന യോഗങ്ങൾക്കൊഴികെ പരിപാടികളുടെ സമയം ഒരുമണിക്കൂറായി ചുരുക്കിയിരുന്നു. ഇതനുസരിച്ചു പരിപാടിയിൽ ഒരുമണിക്കൂർ മാത്രമേ പങ്കെടുക്കൂവെന്ന കാര്യം ഏപ്രിൽ ആദ്യവാരംതന്നെ രാഷ്ട്രപതിയുടെ ഓഫിസ് സംഘാടകരെ അറിയിച്ചിരുന്നു. രാഷ്ട്രപതി പുരസ്കാരം നൽകേണ്ടവരുടെ പട്ടികയും വാങ്ങിയിരുന്നതായി രാഷ്ട്രപതി ഭവനിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

എന്നാൽ, സംഘാടകർ ഇക്കാര്യം പരിപാടിയുടെ തലേന്നു മാത്രമാണു പുരസ്കാര ജേതാക്കളെ അറിയിച്ചത്. ക്ഷണക്കത്തിലും രാഷ്ട്രപതി നൽകുമെന്നായിരുന്നു. ഇതാണു പ്രതിഷേധത്തിനു കാരണമായത്. ചടങ്ങിൽ, രാഷ്ട്രപതിയെ ക്ഷണിക്കാൻ വകുപ്പുമന്ത്രി നേരിട്ടുപോകുന്ന പതിവും ഇക്കുറി ഉണ്ടായില്ലെന്ന് ആരോപണവുമുണ്ട്. വകുപ്പു സെക്രട്ടറി എൻ.കെ.സിൻഹയാണ് രാഷ്ട്രപതിഭവനിലെത്തിയത്.