Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയും ഇന്തൊനീഷ്യയുമായി പ്രതിരോധ, ഗവേഷണ കരാർ

Joko Widodo, Narendra Modi ഇന്തൊനീഷ്യ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ജക്കാര്‍ത്തയില്‍ പട്ടം പറത്തുന്നു.

ജക്കാർത്ത∙ ഇന്തൊനീഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം തന്ത്രപരമായ സഖ്യമാക്കി മാറ്റാൻ ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി. പ്രതിരോധ സഹകരണം ഉൾപ്പെടെ 15 കരാറുകളിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തൊനീഷ്യയുടെ പ്രസിഡന്റ് ജോക്കോ വിഡോഡോയും ഒപ്പുവച്ചു. ഇന്തോ – പസിഫിക് മേഖലയിൽ സ്വതന്ത്ര നാവിക സഞ്ചാരം അനുവദിക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ചുനിൽക്കുമെന്നും മേഖലയിലെ സമാധാനത്തിന് സഹകരിച്ചു പ്രവർത്തിക്കുമെന്നും ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ സന്ദർശിക്കാൻ എത്തുന്ന ഇന്തൊനീഷ്യക്കാർക്ക് 30 ദിവസത്തെ സ്വതന്ത്ര വീസ നൽകുമെന്നു നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പ്രതിരോധം, ബഹിരാകാശ ഗവേഷണം, ശാസ്ത്രം, സാങ്കേതികവിദ്യ, റെയിൽവേ, ആരോഗ്യം എന്നീ മേഖലകളിൽ സഹകരിക്കുന്നതിനാണ് കരാർ ഒപ്പിട്ടത്. പ്രതിരോധ വ്യവസായരംഗത്ത് സംയുക്ത ഉൽപാദന കേന്ദ്രങ്ങൾ തുടങ്ങും.

പരസ്പര സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്തും. സൈനിക സഹകരണവും ശക്തിപ്പെടുത്തും. ആൻഡമാൻ നിക്കോബാർ ദ്വീപുകളും സുമാത്രയുമായി വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ദൗത്യസംഘം രൂപീകരിക്കാനും ധാരണയായി. ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദിക്ക് ഇന്തൊനീഷ്യ വൻ വരവേൽപു നൽകി.