Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ പ‍ഞ്ചായത്തു തിരഞ്ഞെടുപ്പ്: ഇ–മെയിൽ പത്രികയ്ക്ക് സുപ്രീം കോടതി സ്റ്റേ

PTI1_12_2018_000153A

ന്യൂഡൽഹി ∙ ബംഗാൾ പഞ്ചായത്തു തിരഞ്ഞെടുപ്പിന് ഇ–മെയിലിലുടെ സമർപ്പിച്ച നാമനിർദേശ പത്രികകൾ സൂക്ഷ്മപരിശോധനയ്ക്കായി സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു കൽക്കത്ത ഹൈക്കോടതി നൽകിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പതിനേഴായിരത്തോളം സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കുന്നതും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തടഞ്ഞു.

ബംഗാളിൽ 14ന് ആണു പഞ്ചായത്തു തിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ 831 സ്ഥാനാർഥികളാണ് ഇ–മെയിലിലൂടെ പത്രിക നൽകിയത്. തങ്ങളുടെ രണ്ടായിരത്തോളം സ്ഥാനാർഥികൾ ഇ–മെയിലിലൂടെയാണു പത്രിക നൽകിയതെന്നു ബിജെപിയും വ്യക്തമാക്കിയിരുന്നു. പത്രിക സ്വീകരിക്കേണ്ടതില്ലെന്നു സുപ്രീം കോടതി ഇടക്കാല ഉത്തരവു നൽകിയതിനാൽ ഇ–മെയിലിലൂടെ പത്രിക നൽകിയവരുടെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായി; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥിതിയും അങ്ങനെതന്നെ. മൊത്തം 34% സീറ്റിൽ സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെന്നാണു കമ്മിഷന്റെ കണക്ക്. കേസ് സുപ്രീം കോടതി വീണ്ടും ജൂലൈ മൂന്നിനു പരിഗണിക്കും.

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരെ വിജയികളെന്നു പ്രഖ്യാപിക്കുന്നത് അന്നുവരെയാണു തടഞ്ഞിട്ടുള്ളത്. തൃണമൂൽ കോൺഗ്രസുകാർ തടഞ്ഞതിനാൽ വരണാധികാരിയെ നേരിട്ടുകണ്ടു പത്രിക നൽകാൻ സാധിച്ചില്ലെന്നതാണ് ഇ–മെയിൽ പത്രികയ്ക്കു സിപിഎം പറഞ്ഞ കാരണം.

ആദ്യം വാട്സാപ്പിൽ; പിന്നെ ഇ–മെയിലിൽ

ഒൻപതു സ്ഥാനാർഥികൾ വാട്സാപ്പിലൂടെ നൽകിയ പത്രിക സ്വീകരിക്കാൻ കൽക്കത്ത ഹൈക്കോടതി സിംഗിൾ‍ െബഞ്ച് കഴിഞ്ഞ 24നു നിർദേശിച്ചിരുന്നു. ജഡ്ജിമാരായ ബിശ്വനാഥ് സൊമദർ, അരിന്ദം മുഖർജി എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, വാട്സാപ് പത്രിക സ്വീകരിച്ചതുകൂടി കണക്കിലെടുത്താണു സിപിഎമ്മിന് അനുകൂല ഉത്തരവു നൽകിയത്. വേർതിരിവു പാടില്ലെന്നും പരമാവധി സ്ഥാനാർഥികൾക്ക് അവസരം ലഭിക്കുന്നതു ജനാധിപത്യത്തിനു നല്ലതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇ–മെയിൽ പത്രിക സ്വീകരിക്കാനുള്ള നിർദേശവും 34% പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുവെന്നതും ആശങ്കയുണ്ടാക്കുന്നുവെന്നു സുപ്രീം കോടതി വാക്കാൽ പറഞ്ഞു. 14നു തിരഞ്ഞെടുപ്പു സ്വതന്ത്രവും നീതിപൂർവകവുമാണെന്നു കമ്മിഷൻ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

related stories