Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യം നിങ്ങളോടൊപ്പം: സിയാച്ചിനിലെ സൈനികരോട് രാഷ്ട്രപതി

President in siachen സിയാച്ചിനിലെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സൈനികർക്കൊപ്പം.

സിയാച്ചിൻ (കശ്മീർ) ∙ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ‘യുദ്ധക്കള’മായ സിയാച്ചിനിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ സന്ദർശനം. സിയാച്ചിൻ സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ്. സിയാച്ചിനിലെ സൈനികരുടെ ധീരതയും ത്യാഗവും ഇന്ത്യയിലെ ഓരോ പൗരനും ആത്മവിശ്വാസവും സുരക്ഷിതബോധവും നൽകുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു. ‘നിങ്ങൾ ഓരോരുത്തർക്കും നിങ്ങളുടെ കുടുംബത്തിനും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും സർക്കാരിന്റെയും പേരിൽ നന്ദി പറയാനും ഞങ്ങളെല്ലാവരും നിങ്ങൾക്കും കുടുംബത്തിനും ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകാനുമാണു ഞാനിവിടെ വന്നത്’ – സിയാച്ചി‍ൻ ബേസ് ക്യാംപിൽ സൈനികരോടു രാഷ്ട്രപതി പറഞ്ഞു. ഡൽഹിയിൽ വരുമ്പോൾ രാഷ്ട്രപതി ഭവൻ സന്ദർശിക്കാൻ സൈനികരെ അദ്ദേഹം ക്ഷണിച്ചു. സിയാച്ചിൻ യുദ്ധസ്മാരകത്തിൽ രാഷ്ട്രപതി പുഷ്പചക്രം അർപ്പിച്ചു. 2004ൽ ഡോ. എ.പി.ജെ.അബ്ദുൽ കലാമാണ് സിയാച്ചിനിലെത്തിയ ആദ്യ രാഷ്ട്രപതി. 2005ൽ ഡോ. മൻമോഹൻ സിങ് സിയാച്ചിൻ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രിയായി. 

സിയാച്ചിൻ: സംഘർഷത്തിന്റെ ഹിമപർവതം

സമുദ്രനിരപ്പിൽനിന്നു 18,000 മുതൽ 22,000 വരെ അടി ഉയരത്തിലുള്ള സിയാച്ചിൻ ജമ്മു കശ്മീരിൽ കാരക്കോറം മേഖലയിലുള്ള പർവതമേഖലയാണ്. 1984ലാണ് ഇന്ത്യൻ സൈന്യം ഇവിടെ നിലയുറപ്പിച്ചത്. സിയാച്ചിൻ അവകാശപ്പെട്ട് പാക്ക് സൈന്യവും ഇവിടെയുണ്ട്. ഇതാണു സിയാച്ചിനെ സൈനിക സംഘർഷ മേഖലയാക്കുന്നത്. ചൈനയുടെയും സമീപമേഖലയായതുകൊണ്ട് സിയാച്ചിൻ അതീവ തന്ത്രപ്രാധാന്യമുള്ളതാണ്. സിയാച്ചിന്റെ മൂന്നിൽരണ്ടുഭാഗവും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ധ്രുവമേഖല കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ ഹിമപ്പരപ്പായ സിയാച്ചിനിൽ താപനില മൈനസ് 60 ഡിഗ്രി വരെ താഴും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപാഡും സിയാച്ചിനിലാണ് (21,000 അടി).