Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തെ ഇന്ത്യൻ വിദ്യാർഥിക്ക് ട്വിറ്ററിൽ സുഷമ സ്വരാജിന്റെ ‘ഭൂമിശാസ്ത്രപാഠം’

sushma-tweet

ന്യൂഡൽഹി ∙ ട്വിറ്ററിലൂടെ സഹായമഭ്യർഥിച്ചാൽ അപ്പോൾ തന്നെ പ്രതികരിക്കുകയും സഹായമെത്തിക്കുകയും ചെയ്യുന്നതാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രീതി. ഇന്നലെ പക്ഷേ, ഫിലീപ്പിൻസിൽനിന്നു സുഷമയുടെ സഹായം തേടി ട്വീറ്റുചെയ്ത ഇന്ത്യൻ വിദ്യാർഥിക്ക് അവർ നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ തരംഗമായി.

മനിലയിൽ മെഡിസിനു പഠിക്കുന്ന ഷെയ്ഖ് അതീഖ് എന്ന വിദ്യാർഥിയാണ് പാസ്പോർട്ടു പുതുക്കാൻ സുഷമയുടെ സഹായം തേടി ട്വിറ്ററിലെത്തിയത്. എന്നാൽ, അതീഖിന്റെ ട്വിറ്റർ അക്കൗണ്ടിൽ സ്വന്തം സ്ഥലമായി കാണിച്ചിരിക്കുന്നത് ‘ഇന്ത്യൻ അധിനിവേശ കശ്മീർ’ എന്നായിരുന്നു. സഹായമഭ്യർഥിച്ചുകൊണ്ടുള്ള അതീഖിന്റെ ട്വീറ്റിന് സുഷമ ഇങ്ങനെ മറുപടി കൊടുത്തു: ‘നിങ്ങൾ ജമ്മു കശ്മീരിൽനിന്നായിരുന്നുവെങ്കിൽ സഹായിക്കാമായിരുന്നു. നിങ്ങളുടെ അക്കൗണ്ടിൽ ‘ഇന്ത്യൻ അധിനിവേശ കശ്മീർ’ എന്നാണു കാണുന്നത്. അങ്ങനെ ഒരു സ്ഥലമില്ല.’

നിമിഷ നേരത്തിനുള്ളിൽ ഈ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. അൽപ സമയം കഴിഞ്ഞപ്പോൾ അതീഖ് ‘തെറ്റു’തിരുത്തി, തന്റെ അക്കൗണ്ടിൽ സ്ഥലം ജമ്മു കശ്മീർ എന്നാക്കി മാറ്റി. അപ്പോൾ സുഷമ വീണ്ടും ട്വീറ്റ് ചെയ്തു: ‘തെറ്റുതിരുത്തിയതിൽ സന്തോഷം’. ഒപ്പം, മനിലയിലെ ഇന്ത്യൻ എംബസിയോട് അതീഖിനെ സഹായിക്കാൻ അവർ നിർദേശം നൽകുകയും ചെയ്തു. എന്നാൽ, അൽപസമയത്തിനുള്ളിൽ അതീഖ് തന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ്ചെയ്തു.