Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ കേസ് വാദം തീർന്നു; വിധി പറയാൻ മാറ്റി

Supreme-Court

ന്യൂഡൽഹി ∙ ആധാർ കേസിൽ വാദം പൂർത്തിയാക്കി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയാനായി മാറ്റി. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാർ. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസും. ആധാർ കേസിൽ 38 ദിവസത്തെ വാദം നടന്നുവെങ്കിൽ കേശവാനന്ദ ഭാരതി കേസിൽ 68 ദിവസമായിരുന്നു വാദം. ആധാർ കാർഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച 27 ഹർജികളിന്മേലാണു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാർ എ.കെ.സിക്രി, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണ്.

വ്യാഴാഴ്ച വാദം പൂർത്തിയാക്കവെ, അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഈ കേസ് സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന രണ്ടാമത്തെ കേസാണെന്ന് ചൂണ്ടിക്കാട്ടി. ഈ കേസിന്റെ വാദത്തിനിടയിൽ ബുധനാഴ്ച ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് തന്നെ തന്റെ അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകൾ വിവരിച്ചു. മുൻ ചീഫ് ജസ്റ്റിസായിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. അച്ഛന്റെ കുടുംബ പെൻഷൻ മറവിരോഗം ബാധിച്ച അമ്മയ്ക്ക് പെൻഷൻ ലഭിക്കണമെങ്കിൽ എല്ലാ മാസവും ബാങ്കിൽ വിരലടയാളം പതിച്ചു നൽകണമായിരുന്നു– ആധാർ കാർഡ് ഇല്ലാത്തതു കാരണം. പെൻഷൻ സൗജന്യസഹായമല്ല. എന്നിട്ടും അതു ലഭിക്കാൻ വിഷമത നേരിട്ടു. ഇത്തരം കാര്യങ്ങൾക്കു പരിഹാരം കണ്ടേ തീരൂവെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ആധാർ കേസും കേശവാനന്ദ ഭാരതി കേസും തമ്മിലുള്ള താരതമ്യം ഇങ്ങനെയാണ്. ആധാർ കേസ് – 2018 ജനുവരി 17ന് തുടങ്ങി മേയ് 10ന് അവസാനിച്ചു. നാലു മാസം, 38 ദിവസത്തെ വാദം, അഞ്ചു ജഡ്ജിമാർ.

കേശവാനന്ദ ഭാരതി കേസ് – 1972 ഒക്ടോബർ 31ന് തുടങ്ങി 1973 മാർച്ച് 23–ന് വാദം പൂർത്തിയായി, അഞ്ചു മാസം 68 ദിവസം, ജസ്റ്റിസുമാർ 13. ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അവരുടെ വാദമുഖങ്ങൾ എഴുതി സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ഈ കേസിൽ കർണാടക ഹൈക്കോടതിയിലെ മുൻ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി തന്നെ ഒരു ഹർജിക്കാരനാണ്. ആധാർ കാർഡുകൾക്കായി ശേഖരിക്കുന്ന വിവരങ്ങൾ ചോരുന്നതു വലിയ വിവാദമാവുകയും ചെയ്തിരുന്നു.

എന്നാൽ മൊബൈൽ ഫോൺ കണക്‌ഷൻ ലഭിക്കാൻ ആധാർ നമ്പർ വേണമെന്ന് സർക്കാർ തീരുമാനിച്ചതു തങ്ങളുടെ ഉത്തരവ് തെറ്റായി മനസ്സിലാക്കിയതു കാരണമാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അതു പോലെ ആധാർ ബിൽ ഒരു ധനകാര്യ ബില്ലാണെന്ന സർക്കാർ വാദത്തോടും സുപ്രീം കോടതി വിയോജിച്ചു. കേന്ദ്ര സർക്കാർ സബ്സിഡികൾ നേരിട്ടു നൽകാൻ ആധാർ കാർഡുകൾ ഉപയോഗപ്പെടുത്തുന്നതു കാരണമാണ് ഇവ ധനകാര്യ ബില്ലുകൾ എന്ന് സർക്കാർ കണക്കാക്കിയത്.