Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീതയുടെ നാട്ടിൽനിന്ന് ശ്രീരാമന്റെ അയോധ്യയിലേക്ക് ബസ് സർവീസ്

janakpur-ayodhya-bus-service

ജനക്പുർ∙ ദ്വിദിന സന്ദർശനത്തിനു നേപ്പാളിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയും ചേർന്ന് ജനക്പുർ – അയോധ്യ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളിലെയും ആധ്യാത്മിക ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രാമായണ മണ്ഡലത്തിന്റെ ഭാഗമാണ് ഈ ബസ് സർവീസ്.

narendra-modi നേപ്പാളിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജനക്പുരിലെ ജാനകി ക്ഷേത്രത്തിൽ പൂജ നടത്തുന്നു. ചിത്രം: പിടിഐ

ജനക്പുരിലെ ജാനകി ക്ഷേത്രവും മോദി സന്ദർശിച്ചു. പ്രത്യേക അതിഥികൾക്കു മാത്രം അനുവദിക്കുന്ന ഷോഡശോപചാര പൂജയിൽ അദ്ദേഹം പങ്കെടുത്തു. ഈ പൂജയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. സീതാദേവിയുടെ ജന്മസ്ഥലമായാണ് ജനക്പുർ അറിയപ്പെടുന്നത്. ഇവിടെ 1910ൽ ആണ് ക്ഷേത്രം നിർമിച്ചത്. ജനക്പുരിന്റെ വികസനത്തിനായി 100 കോടി രൂപയുടെ പാക്കേജ് മോദി പ്രഖ്യാപിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യയും നേപ്പാളും ഒന്നിച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഒലി സമ്മാനിച്ച മൈഥിലി കുർത്ത അണിഞ്ഞാണ് മോദി സ്വീകരണച്ചടങ്ങിനെത്തിയത്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം മോദി നേപ്പാളിലേക്കു നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണ്.

രാമായണ ശൃംഖലയിലെ സ്ഥലങ്ങൾ

അയോധ്യ, നന്ദിഗ്രാം, ശൃംഗ്‍വേർപുർ, ചിത്രകൂട് (ഉത്തർപ്രദേശ്), സീതാമർഹി, ബക്സർ, ദർഭംഗ (ബിഹാർ), ചിത്രകൂട് (മധ്യപ്രദേശ്), മഹേന്ദ്രഗിരി (ഒഡിഷ), ജഗ്ദൽപുർ (ഛത്തിസ്ഗഡ്), നാഷിക്, നാഗ്പുർ (മഹാരാഷ്ട്ര), ഭദ്രാചലം (തെലങ്കാന), ഹംപി (കർണാടക), രാമേശ്വരം (തമിഴ്നാട്)

ഇന്ത്യ–നേപ്പാൾ ബസ് സർവീസ്

ഇന്ത്യയിൽനിന്നു നേപ്പാളിലേക്കുളള ആദ്യ ബസ് സർവീസിന് 2014 നവംബർ 25 നാണ് തുടക്കമായത്. ഡൽഹി ട്രാൻസ്പോർട് കോർപറേഷന്റെ (ഡിടിസി) ബസ് ഡൽഹിയിൽനിന്നു നേപ്പാളിന്റെ തലസ്‌ഥാനമായ കഠ്‌മണ്ഡുവിലേക്കാണ് സർവീസ് നടത്തിയത്. 1999 മാർച്ചിൽ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി തുടക്കമിട്ട ഡൽഹി- ലഹോർ ബസിനു ശേഷമുള്ള ഡിടിസിയുടെ രണ്ടാം രാജ്യാന്തര ബസായിരുന്നു ഇത്. നേപ്പാളിലെ പശുപതിയിൽനിന്നു വാരാണസിയിലേക്കുള്ള ബസ് സർവീസ് 2015 മാർച്ചിൽ ആരംഭിച്ചിരുന്നു.