Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഡെ കൂട്ടക്കൊല: 14 പേരുടെ ജീവപര്യന്തം ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

Court Order

അഹമ്മദാബാദ് ∙ ഗുജറാത്തിലെ ആനന്ദിനടുത്ത് ഓഡെ ഗ്രാമത്തിൽ 2002ൽ 23 മുസ്‌ലിംകളെ ചുട്ടുകൊന്ന കേസിൽ വിചാരണക്കോടതി ജീവപര്യന്തം വിധിച്ചിരുന്ന 14 പേരുടെ ശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. മൂന്നുപേരെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു.

അഞ്ചു പ്രതികൾക്കു വിചാരണക്കോടതി വിധിച്ച ഏഴുവർഷത്തെ തടവുശിക്ഷയും ജസ്റ്റിസുമാരായ അഖിൽ ഖുറേഷി, ബി.എൻ.കാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ശരിവച്ചു. പ്രത്യേക കോടതിയുടെ 2012ലെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലുകൾ പരിഗണിച്ചാണു ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി 23 പേരെ കുറ്റവിമുക്തരാക്കിയ നടപടിയും ശരിവച്ചു. പ്രതികൾക്കു വധശിക്ഷ നൽകണമെന്നായിരുന്നു കേസന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.

നേരത്തേ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്ന ദിലീപ് പട്ടേൽ, ലാൽജി പട്ടേൽ, നാഥുഭായ് പട്ടേൽ എന്നിവരെയാണു വിട്ടയച്ചത്. ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടവരിൽ ഒരാൾ അപ്പീൽ കാലയളവിൽ മരിച്ചു. 

ചുട്ടെരിച്ചത് 23 പേരെ

2002 ഫെബ്രുവരി അവസാനം ഗോധ്ര സ്റ്റേഷനിൽ സാബർമതി എക്സ്പ്രസിൽ അറുപതോളം കർസേവകരെ തീകൊളുത്തിക്കൊന്നതിനു പിന്നാലെയാണു ഗുജറാത്തിൽ മുസ്‌ലിംകൾക്കെതിരെ ആസൂത്രിത അക്രമം നടന്നത്. ഓഡെ ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 23 മുസ്‌ലിംകളെ 2002 മാർച്ച് ഒന്നിനു ചുട്ടെരിച്ചു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച ഒൻപതു കേസുകളിലൊന്നായിരുന്നു ഓഡെ കൂട്ടക്കൊല.