Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ ചർച്ച: ഇന്ത്യൻ സംഘം ഇറ്റലിയിലേക്ക്

ന്യൂഡൽഹി ∙ സൈനിക ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിക്കാനും പ്രതിരോധ മേഖലയിൽ സഹകരണം ഊട്ടിയുറപ്പിക്കാനും ഇന്ത്യയുടെ പ്രതിരോധ പ്രതിനിധി സംഘം അടുത്തയാഴ്ച ഇറ്റലി സന്ദർശിക്കും. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഉന്നതതല സംഘം ഇറ്റലിയിലേക്കു പോകുന്നത്.

ഇറ്റാലിയൻ നാവികർ കേരളതീരത്തു രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നതും അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാടിലെ അഴിമതി വിവാദങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 2010ൽ ഇറ്റാലിയൻ പ്രതിരോധ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഏറ്റവുമൊടുവിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നത്.

പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ നേതൃത്വത്തിലുള്ള സംഘം, പ്രതിരോധമേഖലയിൽ ഭാവി സഹകരണത്തിനുള്ള വഴികൾക്കു രൂപം നൽകും. ആയുധ വ്യാപാരത്തിനുള്ള സാധ്യതകളും റോമിൽ നടക്കുന്ന ദ്വിദിന ചർച്ചയിൽ പരിശോധിക്കും.