Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ ആസ്തി: ആഞ്ഞടിച്ച് നിർമല; തിരിച്ചടിച്ച് പി. ചിദംബരം

Nirmala-Chidambaram കേന്ദ്രമന്ത്രി നിർമല സീതാരാമൻ, മുൻ ധനമന്ത്രി പി.ചിദംബരം

ന്യൂഡൽഹി ∙ മുൻ ധനമന്ത്രി പി.ചിദംബരത്തെ ആസ്തികൾ വെളിപ്പെടുത്താതെ വെട്ടിലായ പാക്കിസ്ഥാൻ‍ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനോടു താരതമ്യം ചെയ്തു പ്രതിരോധമന്ത്രി നിർമല സീതാരാമൻ. നിർമലയെ ആദായനികുതിവകുപ്പിന്റെ അഭിഭാഷകയായി നിയമിച്ചേക്കുമെന്നു പരിഹസിച്ച് ചിദംബരം. 

വിദേശത്തെ ആസ്തികൾ വെളിപ്പെടുത്തിയില്ലെന്നാരോപിച്ചു ചിദംബരത്തിന്റെ ഭാര്യ നളിനി, മകൻ‍ കാർത്തി, മകന്റെ ഭാര്യ ശ്രീനിധി എന്നിവർക്കും കാർ‍ത്തി ഡയറക്ടറായ ചെസ് ഗ്ലോബൽ അഡ്വൈസറിക്കുമെതിരെ ആദായനികുതിവകുപ്പ് ചെന്നൈ കോടതിയിൽ കഴിഞ്ഞ 11നു പ്രോസിക്യൂഷൻ പരാതി നൽകിയിരുന്നു. 

ഈ പശ്ചാത്തലത്തിലാണു നിർമലയുടെ ആരോപണം. വിദേശത്തെ ആസ്തികൾ വെളിപ്പെടുത്തിയില്ലെന്ന കുറ്റത്തിനു നവാസ് ഷരീഫിനെ പാക്ക് സുപ്രീം കോടതി, പൊതുപദവികൾ വഹിക്കുന്നതിൽനിന്നു വിലക്കിയിരുന്നു.ആസ്തികൾ വെളിപ്പെടുത്താത്തതിനു ചിദംബരത്തിനെതിരെ അന്വേഷണത്തിനു തയാറാകുമോയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറയണം.

കോൺഗ്രസിന്റെ ‘നവാസ് ഷരീഫ് നിമിഷ’മാണിത്. ചിദംബരത്തിനും കുടുംബത്തിനും 14 രാജ്യങ്ങളിലും 21 വിദേശ ബാങ്ക് അക്കൗണ്ടുകളിലും ആസ്തിയുണ്ടെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ കള്ളപ്പണ നിരോധന നിയമമാണു ലംഘിച്ചിരിക്കുന്നത് – നിർമല ആരോപിച്ചു.

എന്നാൽ, നിർമലയെ കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നു മാറ്റി ആദായനികുതിവകുപ്പിന്റെ അഭിഭാഷകയായി നിയമിക്കുമെന്നാണു ശ്രുതിയെന്നു ചിദംബരം ട്വിറ്ററിലൂടെ തിരിച്ചടിച്ചു.ഇന്ത്യക്കാർക്കു വിദേശത്തുള്ള കള്ളപ്പണമെല്ലാം തിരികെയെത്തിക്കുമെന്നും എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നുമാണു ബിജെപി 2014ൽ നടത്തിയ തിരഞ്ഞെടുപ്പു വാഗ്ദാനമെന്നും ചിദംബരം പരിഹസിച്ചു.   

ഷരീഫിന്റെ വെളിപ്പെടുത്തൽ ഇന്ത്യയുടെ നിലപാട് ശരിവയ്ക്കുന്നത്: നിർമല

ന്യൂഡൽഹി ∙ 2008ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചു പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നടത്തിയ വെളിപ്പെടുത്തൽ ഗുരുതരവും ഇന്ത്യയുടെ നാളിതുവരെയുള്ള നിലപാട് ശരിവയ്ക്കുന്നതുമാണെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 

ജമ്മു കശ്മീരിൽ റമസാൻ മാസത്തിൽ ഏകപക്ഷീയ വെടിനിർത്തൽ വേണമെന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അഭിപ്രായത്തോടു പ്രതിരോധമന്ത്രി വിയോജിച്ചു. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനം അമർച്ചചെയ്യാൻ ഇന്ത്യൻ സൈന്യത്തിന്റെ കർശന നടപടി ആവശ്യമാണ്. ഭീകരപ്രവർത്തനത്തിനെതിരെയുള്ള നടപടികളിൽ വിട്ടുവീഴ്ചയുണ്ടാവില്ല – മന്ത്രി പറഞ്ഞു. 

അതിർത്തി കടന്നു മുംബൈയിൽ ആക്രമണം നടത്താൻ ഭീകരരെ പാക്കിസ്ഥാൻ അനുവദിച്ചതായി നവാസ് ഷരീഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനിൽ ഭീകരസംഘടനകൾ സജീവമാണെന്നു പറഞ്ഞ ഷരീഫ്, അതിർത്തി കടന്നുള്ള ഭീകരപ്രവർ‍ത്തനം പ്രോൽസാഹിപ്പിക്കുന്ന പാക്ക് നയത്തെ ചോദ്യംചെയ്യുകയുമുണ്ടായി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാർ പാക്കിസ്ഥാനിൽനിന്നാണു പ്രവർത്തിച്ചത് എന്നാണ് ഇന്ത്യയുടെ നിലപാട്  – പ്രതിരോധമന്ത്രി പറഞ്ഞു.