Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദി അടക്കം 22 പേർക്കെതിരെ കുറ്റപത്രം

Nirav Modi

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) ഇടനിലക്കാരാക്കിയുള്ള വായ്പ തട്ടിപ്പു കേസിൽ വജ്ര വ്യാപാരി നീരവ് മോദി, അലഹാബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഉഷ അനന്തസുബ്രഹ്മണ്യൻ എന്നിവരുൾപ്പെടെ 22 പേർക്കും മൂന്നു കമ്പനികൾക്കുമെതിരെ സിബിഐ മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

നിലവിൽ 6,498.2 കോടി രൂപയുടെ തട്ടിപ്പു സംബന്ധിച്ച കുറ്റപത്രമാണ് നൽകിയിട്ടുള്ളതെന്നും ബാക്കി തുക സംബന്ധിച്ച അധിക കുറ്റപത്രങ്ങൾ ഉടനെ നൽകുമെന്നും സിബിഐ വ്യക്തമാക്കി. മെഹുൽ ചോക്സി, നീരവിന്റെ ഭാര്യ ആമി മോദി തുടങ്ങിയവരെ അധിക കുറ്റപത്രങ്ങളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. മൊത്തം ഏകദേശം 13,000 കോടിയുടേതാണ് പിഎൻബി – നീരവ് മോദി തട്ടിപ്പ്.

നീരവിനു വിദേശ ബാങ്കുകളിൽനിന്നു ഹ്രസ്വകാല വായ്പ തരപ്പെടുത്താൻ പിഎൻബിയിൽനിന്ന് 2011– 17 ൽ വ്യാജ ജാമ്യപത്രം (എൽഒയു) നൽകിയെന്നതാണു കേസ്. വിദേശ ബാങ്കുകളിലെ വായ്പ തിരിച്ചവടവിൽ വീഴ്ചവരികയും അവർ പിഎൻബിയോടു പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തുവന്നത്.

ഉഷ അനന്തസുബ്രഹ്മണ്യൻ 2015–17ൽ പിഎൻബിയുടെ എംഡിയും സിഇഒയും ആയിരുന്നു. ഉഷയെ മാത്രം ഇപ്പോഴത്തെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് ബാങ്കിന്റെ മുൻ മേധാവികൾക്കു തട്ടിപ്പിൽ‍ പങ്കില്ലെന്നല്ല അർഥമാക്കുന്നതെന്നു സിബിഐ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.

ഉഷയ്ക്കു പുറമെ, പിഎൻബിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.വി. ബ്രഹ്മജി റാവു, സഞ്ജീവ് ശരൺ, ജനറൽ മാനേജർ (ഇന്റർനാഷനൽ ഓപ്പറേഷൻസ്) നെഹൽ അഹാദ്, മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിലെ ഡപ്യൂട്ടി ജനറൽ മാനേജർ ഗോകുൽനാഥ് ഷെട്ടി എന്നിവരുൾപ്പെടെ 12 പേരാണ് പിഎൻബിയിൽനിന്ന് പ്രതിപ്പട്ടികയിലുള്ളത്. ജാമ്യപത്രം നൽകുന്നതിൽ റിസർവ് ബാങ്കിന്റെ (ആർബിഐ) നിർദേശങ്ങൾ പാലിച്ചില്ലെന്നതും വസ്തുതകൾ‍ ആർബിഐയെ അറിയിച്ചില്ലെന്നതുമാണ് ഉഷയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആരോപിച്ചിട്ടുള്ള കുറ്റം.

നീരവിന്റെ സഹോദരൻ നിശാൽ മോദി, കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫിസർ വിപുൽ അംബാനി എന്നിവരുൾപ്പെടെ ഏഴു പേരും ഡയമണ്ട് ആർയുഎസ്, സോളർ എക്സ്പോർട്സ്, സ്റ്റെല്ലാർ ഡയമണ്ട്സ് എന്നീ കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് സുഭാഷ് കുമാർ റാംബിയയും പ്രതിയാണ്.