Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ ആദ്യം ആരെ ക്ഷണിക്കും? നിർണായകം ഗവർണറുടെ വിവേചനാധികാരം

Vajubhai-Vala വാജുഭായ് വാല

ന്യൂഡൽഹി∙ സംസ്ഥാന സർക്കാർ ഭൂരിപക്ഷം തെളിയിക്കേണ്ടതു നിയമസഭയിലാണെന്നതിൽ രണ്ടു പക്ഷമില്ല. 1994 മാർച്ച് 11നു കർണാടകയിൽ നിന്നുള്ള ബൊമ്മൈ കേസിൽ സുപ്രീം കോടതി അക്കാര്യം അടിവരയിട്ടു പറഞ്ഞതുമാണ്. ഭൂരിപക്ഷം തെളിയിക്കാൻ കർണാടകയിൽ ആരെ ആദ്യം ഗവർണർ വാജുഭായ് വാല ക്ഷണിക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഏതെങ്കിലും പാർട്ടിക്കോ തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷമില്ലെന്നതാണു ഗവർണറുടെ തീരുമാനം നിർണായകമാക്കുന്നത്.

വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിൽ ആലോചിക്കാനില്ല – പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ സമയം തീരുമാനിച്ചാൽ മാത്രം മതി. അല്ലാത്ത സാഹചര്യത്തിൽ, ആദ്യം ആരെ ക്ഷണിക്കണമെന്നതു തന്റെ വിവേചനാധികാരമുപയോഗിച്ചു ഗവർണർക്കു തീരുമാനിക്കാം. എന്നാൽ, വിവേചനാധികാരമെന്നത് എന്തിനുമുള്ള അധികാരമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അധികാരപ്രയോഗം നിയമപരമായി നിലനിൽക്കുന്നതാവണം. അതു പിന്നീടു കോടതിക്കു പരിശോധിക്കാനും സാധിക്കും. ഗവർണർ കണക്കിലെടുക്കേണ്ട അടിസ്ഥാന സംഗതിയായി കോടതി വ്യക്തമാക്കിയിട്ടുള്ളത് ഇതാണ്: ആർക്കാണു സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ സാധിക്കുക? തിരഞ്ഞെടുപ്പിന്റെ അന്തിമഫലം തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നു ലഭിച്ചശേഷമാണ് ഈ വിലയിരുത്തൽ സാധ്യമാവുക.

സർക്കാരിയ കമ്മിഷനും കോടതിയും സർക്കാർ രൂപീകരണത്തിന് ആരെ ക്ഷണിക്കണമെന്നതിൽ സർക്കാരിയ കമ്മിഷൻ നിർദേശിച്ചതും രാമേശ്വർ പ്രസാദ് കേസിൽ (2005) സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതുമായ കാര്യങ്ങൾ ഇങ്ങനെയാണ്:

∙ തിരഞ്ഞെടുപ്പിനു മുൻപുള്ള പാർട്ടിസഖ്യത്തെ ഗവർണർക്കു ക്ഷണിക്കാം.

∙ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കാം.

∙ തിരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കിയ സഖ്യത്തെ ക്ഷണിക്കാം.

സഖ്യത്തിലെ എല്ലാ കക്ഷികളും സർക്കാരിൽ ചേരുന്നുണ്ടെങ്കിലും ഇല്ലെങ്കിലും. ഗവർണർ ചെയ്യരുതാത്തത് 2016ൽ അരുണാചൽപ്രദേശ് ഗവർണർ ജെ.പി.രാജ്കോവയുടെ നടപടികൾ പരിശോധിച്ചശേഷം സുപ്രീം കോടതി ഇങ്ങനെ വ്യക്തമാക്കി: കേന്ദ്ര മന്ത്രിസഭയുടെ ഉപദേശാനുസരണം രാഷ്ട്രപതി നിയമിക്കുന്ന എക്സിക്യൂട്ടീവ് നോമിനിയാണു ഗവർണർ. അദ്ദേഹം രാഷ്ട്രീയ കുതിരക്കച്ചവടങ്ങളിലും കുത്തിത്തിരിപ്പുകളിലും ഇടപെടരുത്.

വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരണത്തിന് ആദ്യം ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാൻ സമയം അനുവദിക്കുകയും ചെയ്യുന്നതു രാഷ്ട്രീയ കുതിരക്കച്ചവടത്തിനു വഴിവയ്ക്കുന്ന സാഹചര്യമാകും. എന്നാൽ, വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒറ്റക്കക്ഷിയെ ക്ഷണിച്ച ചരിത്രമില്ലേ? ഗവർണർമാരല്ല, രാഷ്ട്രപതിമാരും അങ്ങനെ ചെയ്തിട്ടുണ്ട്.

എന്നാൽ, തീരുമാനത്തിനുമുൻപ്, സുസ്ഥിര സർക്കാർ സാധ്യമാക്കാനാകുന്നത് ആർക്കെന്നു വിലയിരുത്താനെന്നോണം, അവകാശവാദത്തിന് ഉപോൽബലകമായ തെളിവുകൾ ഹാജരാക്കണമെന്നു ഗവർണർക്ക് ആവശ്യപ്പെടാം. അതു പിന്തുണ വ്യക്തമാക്കുന്ന കത്തുകളുടെ രൂപത്തിലാവാം. രണ്ടുപക്ഷവും അംഗബലം അവകാശപ്പെടുന്ന സാഹചര്യമുണ്ടായാൽ, ഇരുകൂട്ടർക്കും സഭയിൽ ശക്തി തെളിയിക്കാൻ സമഗ്രപരിശോധന നിർദേശിക്കുന്നതിനും തടസ്സമില്ല. യുപിയിലും അരുണാചലിലും അത്തരം സമഗ്രപരിശോധനകൾ നടന്നിട്ടുണ്ട്.

നേരത്തേ സംഭവിച്ചിട്ടുള്ളത്

ഏറ്റവും വലിയ ഒറ്റക്കക്ഷിക്കു പകരം, തിരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കിയ സഖ്യത്തെ സർക്കാർ രൂപീകരണത്തിനു ക്ഷണിച്ചതിന്റെ പട്ടികയിൽ കഴിഞ്ഞ വർഷത്തെ ഗോവ സംഭവമുൾപ്പെടെ പലതുണ്ട്. കോൺഗ്രസായിരുന്നു ഗോവയിലെ വലിയ ഒറ്റക്കക്ഷിയെങ്കിലും ക്ഷണം ലഭിച്ചത് തിരഞ്ഞെടുപ്പിനുശേഷം ബിജെപി ഉണ്ടാക്കിയ സഖ്യത്തിനാണ്. മണിപ്പുരിലും അതുതന്നെ സംഭവിച്ചു. ജാർഖണ്ഡിൽ 2005ൽ വലിയ ഒറ്റക്കക്ഷിയായ ബിജെപിയെയല്ല, അവരെക്കാൾ 13 സീറ്റ് കുറവുള്ള ജെഎംഎമ്മിനെയാണു ക്ഷണിച്ചത്.

2002ൽ ജമ്മു–കശ്മീരിൽ ക്ഷണം ലഭിച്ചതു വലിയ കക്ഷിയായ നാഷനൽ കോൺഫറൻസിനല്ല, കോൺഗ്രസ് – പിഡിപി കൂട്ടുകെട്ടിനാണ്. 2013ൽ ഡൽഹിയിൽ ബിജെപിയെക്കാൾ കുറവു സീറ്റ് ലഭിച്ച ആം ആദ്മി പാർട്ടിയെയാണു ക്ഷണിച്ചത്, കോൺഗ്രസിന്റെ പിന്തുണ കൂടി പരിഗണിച്ചാണിത്. ഇതിൽ, ഗോവയും മണിപ്പുരും ഒഴികെയുള്ള ചരിത്രങ്ങൾ കഴിഞ്ഞ വർഷം ഉന്നയിച്ചതു ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് – ഗോവയിലെയും മണിപ്പുരിലെയും ബിജെപി നടപടിയെ ന്യായീകരിക്കാൻ.

മോദിക്കുവേണ്ടി സ്ഥാനത്യാഗം ചെയ്ത വാല

ന്യൂഡൽഹി∙ ത്രിശങ്കു സഭയായതോടെ രാജ്യം മുഴുവനും ഉറ്റുനോക്കിയതു കർണാടക ഗവർണർ വാജുഭായ് വാലയുടെ (80) തീരുമാനം. ഗുജറാത്തിലെ മുൻ ബിജെപി നേതാവായ വാല, 2002ൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്കു വേണ്ടി രാജ്‌കോട് സീറ്റ് ഒഴിഞ്ഞുകൊടുത്തു. 2012ൽ അദ്ദേഹം മോദിയുടെ ഗുജറാത്ത് മന്ത്രിസഭയിൽ ധനമന്ത്രിയുമായി.

ആർഎസ്എസ് പശ്ചാത്തലമുള്ള വാല രണ്ടുവട്ടം ഗുജറാത്ത് ബിജെപി അധ്യക്ഷനായി. ഗുജറാത്തിലെ രാജ്‌കോട് മണ്ഡലത്തിൽനിന്ന് ഏഴുവട്ടം ജയിച്ച വാല, നിയമസഭാ സ്പീക്കറുമായിരുന്നു. 2014ൽ മോദി പ്രധാനമന്ത്രിയായതോടെ കർണാടക ഗവർണർ പദവി ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.