ഗുർണാം സിങ് വധക്കേസ്: മരണകാരണം തെളിഞ്ഞിട്ടില്ലെന്ന് കോടതി; സിദ്ദുവിന് 1000 രൂപ പിഴ മാത്രം

ന്യൂഡൽഹി∙ മുപ്പതു വർഷം മുൻപു വഴിയിലുണ്ടായ തർക്കത്തിനിടെ ഗുർണാം സിങ് എന്നയാളെ അടിച്ചുകൊന്നെന്ന കേസിൽ പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ മാത്രം നൽകി സുപ്രീം കോടതിയുടെ വിധി. രണ്ടാം പ്രതി രുപീന്ദർ സിങ് സന്ധുവിനെ കോടതി വിട്ടയച്ചു.

ഗുർണാം സിങ്ങിനെ സിദ്ദു അടിച്ചെങ്കിലും അതാണു മരണകാരണമെന്നു തെളിഞ്ഞിട്ടില്ലെന്നു ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അടിച്ചു പരുക്കേൽപിച്ചതിനാണ് 1000 രൂപ പിഴ. പരുക്കേൽപിക്കുന്നതിന് ഒരു വർ‍ഷം വരെ തടവും 1000 രൂപ പിഴയും വിധിക്കാവുന്നതാണ്. എന്നാൽ, സംഭവം നടന്നിട്ടു 30 വർഷമായി, ഇരുവരും തമ്മിൽ ശത്രുതയില്ല, ആയുധമുപയോഗിച്ചിട്ടില്ല എന്നീ വസ്തുതകൾ പരിഗണിച്ചു ശിക്ഷ പിഴയിലൊതുക്കുകയാണെന്നു കോടതി പറഞ്ഞു.

പട്യാലയിൽ 1988 ഡിംസബർ‍ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യംചെയ്തതിനെ തുടർന്ന് അടിപിടിയുണ്ടായി. പരുക്കേറ്റ ഗുർണാം സിങ് ആശുപത്രിയിൽ മരിച്ചു. മരണം മർദനത്തെ തുടർന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. ഹൃദയാഘാതമെന്നു പ്രതികളും.

പ്രതികളെ വിചാരണക്കോടതി 1999ൽ വിട്ടയച്ചു. എന്നാൽ, രണ്ടു പ്രതികളും കുറ്റക്കാരെന്നു കണ്ടെത്തിയ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഇരുവരെയും മനഃപൂർവല്ലാത്ത നരഹത്യയ്ക്കു മൂന്നുവർഷം തടവിനു വിധിച്ചു. അതിനെതിരെയുള്ള അപ്പീലാണു സുപ്രീം കോടതി പരിഗണിച്ചത്. ഹൈക്കോടതി വിധി 2007ൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അതിനാൽ സിദ്ദുവിന് അമൃത്‌സറിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ‍ മൽസരിക്കാൻ സാധിച്ചു.

സുപ്രീം കോടതിയിൽ, സിദ്ദുവിന്റെ ശിക്ഷ ശരിവയ്ക്കണമെന്നാണു പഞ്ചാബ് സർക്കാർ വാദിച്ചത്. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നാണു വിലയിരുത്തലെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതികൾക്കുവേണ്ടി ആർ.എസ്.ചീമയും ആർ.ബസന്തും ഹാജരായി.