Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'2019' നേരത്തെയാകുമോ?

Narendra Modi

ന്യൂഡൽഹി∙ ചുണ്ടോടടുത്തതു തട്ടിമാറ്റിയതിന്റെ ഞെട്ടലിലാണു നരേന്ദ്ര മോദി. അഭിമാനപോരാട്ടമായിരുന്നു കർണാടകയിലേത്. അവിടെ പാർട്ടിയെ സ്വന്തം ചുമലിലേറ്റി ഫിനിഷിങ് ലൈൻ വരെ എത്തിച്ചതു മോദിയാണ്. വോട്ടെണ്ണൽ പുരോഗമിക്കവേ ഭൂരിപക്ഷം ഉറപ്പിച്ചെന്നു കരുതി ബിജെപി ആഹ്ളാദാരവം മുഴക്കവേ, എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കാൻ കോൺഗ്രസ് നടത്തിയ ചടുലനീക്കം, ബിജെപി നേതാക്കളെ അമ്പരപ്പിച്ചുകളഞ്ഞു.

കേവലഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്ന പാർട്ടി അധ്യക്ഷൻ അമിത്‌ ഷായും കോൺഗ്രസ് നീക്കത്തിൽ പതറി. ജനതാദൾ മേധാവി എച്ച്.ഡി. ദേവെഗൗഡയുമായി നേരിട്ട് ആശയവിനിമയം നടത്താൻ സോണിയ ഗാന്ധി മുന്നിട്ടിറങ്ങി. ചർച്ചകളൊന്നുമില്ലാതെതന്നെ, തങ്ങളേക്കാൾ ചെറിയ പാർട്ടിക്ക് സോണിയ മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു.

കഴിഞ്ഞവർഷം ഗോവ, മണിപ്പുർ, മേഘാലയ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അവിടെയെല്ലാം ചെറുകക്ഷികളെ തട്ടിക്കൂട്ടി സർക്കാരുണ്ടാക്കിയതു ബിജെപിയാണ്. ഇത്തവണ കർണാടകയിൽ കോൺഗ്രസ് ഒരു നിമിഷം പാഴാക്കാതെ ഉണർന്നു പ്രവർത്തിച്ചു.

കർണാടകയിലെ ത്രിശങ്കു സഭ നരേന്ദ്ര മോദിയെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള ആലോചനയിൽനിന്നു തടഞ്ഞേക്കും. 2019 മേയിൽ നടക്കേണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് ആറുമാസം നേരത്തേയാക്കാനാണു പദ്ധതിയുള്ളത്. നിയമസഭയിൽ അംഗസംഖ്യ ഉയർത്താൻ ബിജെപിക്കു കഴിഞ്ഞുവെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നേടിയ 17 ലോക്‌സഭാസീറ്റുകൾക്കൊപ്പം വരില്ല ഈ വിജയം. പല പ്രധാനജില്ലകളിലും ബിജെപിയുടെ സംഘടനാശേഷി ഇപ്പോഴും ദുർബലമാണ്.

ഈ വർഷാദ്യം ഗുജറാത്തിൽ ചെയ്തതുപോലെ, കർണാടകയിലും നരേന്ദ്ര മോദി നടത്തിയ ശക്തമായ പ്രചാരണമില്ലായിരുന്നുവെങ്കിൽ ബിജെപിക്ക് ഇത്രയും സീറ്റുകൾ ലഭിക്കില്ലായിരുന്നു.

കോൺഗ്രസിനു വിനയായത് അമിത ആത്മവിശ്വാസം

കർണാടകയിൽ കോൺഗ്രസിന്റെ നഷ്ടമുണ്ടാക്കിയതു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും സംഭവിച്ച തന്ത്രപരമായ പിഴവുകളും അമിത ആത്മവിശ്വാസവുമാണ്. മുഖ്യമന്ത്രി രണ്ടു മണ്ഡലത്തിൽ മൽസരിച്ചതും, അഞ്ചു മന്ത്രിമാരുടെ മക്കൾക്കു സീറ്റു നൽകിയതും നിഷേധഫലമാണുണ്ടാക്കിയത്.

സിദ്ധരാമയ്യയുടെ അഹിന്ദ (ദലിത്, മുസ്‌ലിം, പിന്നാക്ക ഐക്യം) കാർഡിലുള്ള അമിതമായ ഊന്നൽ പ്രബലസമുദായങ്ങളായ ലിംഗായത്തുകളെയും വൊക്കലിഗകളെയും ബ്രാഹ്മണരെയും പാർട്ടിയിൽനിന്ന് അകറ്റി. ഇനി ഈ വർഷം ശീതകാലത്ത് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി, കോൺഗ്രസ് നേർക്കുനേർ ഏറ്റുമുട്ടലാണ്. അതിനുമുൻപേ നന്നായി കഠിനാധ്വാനം ചെയ്യണമെന്നാണു കർണാടക കോൺഗ്രസിനു നൽകുന്ന പാഠം.

വ്യക്തിപ്രഭാവം മോദിക്കു മാത്രം

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുക എന്ന കൈവിട്ടകളിയിലൂടെ നരേന്ദ്ര മോദി പ്രതിപക്ഷത്തെ ഞെട്ടിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമാണിപ്പോൾ. ബിജെപിക്കെതിരെ പ്രതിപക്ഷകക്ഷികളുടെ ശക്തമായ പടയൊരുക്കമുണ്ടെങ്കിലും മോദിയെപ്പോലെ ജനകീയപ്രഭാവമുള്ള ഒരു നേതാവ് അക്കൂട്ടത്തിലില്ല. ഈ സാഹചര്യത്തിൽ തന്റെ വ്യക്തിപ്രഭാവം മുതലാക്കാനാണു മോദിയുടെ നീക്കം.

ലോക്സഭാ തിരഞ്ഞെടുപ്പു നേരത്തേയാക്കിയാൽ ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഭരണവിരുദ്ധ വികാരത്തെ നേരിടാനും കഴിയും. ഇക്കാര്യത്തിൽ, തീരുമാനം മോദിയുടേതു മാത്രമാണ്. പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി പോലും ചർച്ച ചെയ്യാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ മോദിക്കു കഴിയും.

എന്നാൽ, മഴക്കാലം എങ്ങനെയായിത്തീരുമെന്നറിയാൻ ഓഗസ്റ്റ് വരെ കാത്തിരിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. നല്ല മഴ കിട്ടിയാൽ ഒക്ടോബർ–നവംബറിലെ ഉൽസവകാലം സന്തോഷകരമാകും. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയും വിലയിരുത്തേണ്ടതുണ്ട്. നോട്ട് അസാധുവാക്കൽ, ജിഎസ്‌ടി എന്നിവയുടെ ആഘാതത്തിൽനിന്ന് രാജ്യം ഇനിയും കരകേറിയിട്ടില്ല.

തിരഞ്ഞെടുപ്പു നേരത്തേയാക്കിയ വാജ്‌പേയിക്കു തെറ്റി

അടുത്തവർഷം യഥാസമയം തിരഞ്ഞെടുപ്പു നടക്കും വരെ കാത്തിരിക്കുകയാണു വേണ്ടതെന്ന വീക്ഷണവും ബിജെപിക്കുള്ളിലുണ്ട്. അപ്പോഴേക്കും ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പുകളുമാകും. തിരഞ്ഞെടുപ്പ് നേരത്തേയാക്കിയാൽ, പ്രതിപക്ഷം ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ–എൻ. ചന്ദ്രബാബുനായിഡു, കെ. ചന്ദ്രശേഖരറാവു, നവീൻ പട്‌നായിക്–അവരുടെ ഭരണകാലം വെട്ടിക്കുറയ്ക്കാൻ താൽപര്യമെടുക്കില്ല.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണമെന്ന ആശയം നരേന്ദ്ര മോദി മുന്നോട്ടുവച്ചെങ്കിലും ദേശീയതലത്തിൽ അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല. കോൺഗ്രസും ഭൂരിപക്ഷം പ്രാദേശികപാർട്ടികളും മോദിയോടു യോജിക്കുന്നുമില്ല. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാൽ ബിജെപി അഹിത നേട്ടമുണ്ടാക്കുമെന്ന് അവരെല്ലാം കരുതുന്നു. എൻഡിഎ സഖ്യത്തിലുള്ള ബിഹാറിലെ നിതീഷ്‌കുമാറും ഇക്കാര്യത്തിൽ ബിജെപിയോടു യോജിക്കുന്നില്ല.

നോട്ടു നിരോധനം പോലെ ജനപ്രിയമല്ലാത്ത തീരുമാനങ്ങളെടുത്തിട്ടുള്ള നരേന്ദ്ര മോദി, ലോക്‌സഭാ തിരഞ്ഞെടുപ്പു നേരത്തേയാക്കുന്ന കാര്യത്തിലും എല്ലാ സാധ്യതകളും തൂക്കി നോക്കുന്നു. സ്വന്തം ഉൾവിളിക്കു പുറമേ വിവിധ ഏജൻസികളുടെ തിരഞ്ഞെടുപ്പു സർവേ ഫലങ്ങളും അദ്ദേഹം വിലയിരുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേ നടത്തിയ ഒടുവിലത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയാണ്.

രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു വിജയത്തിൽ ഉത്തേജിതനായാണു വാജ്‌പേയി 2004ൽ തിരഞ്ഞെടുപ്പ് നേരത്തേയാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക നിലയും മെച്ചമായിരുന്നു. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണവുമായി തിരഞ്ഞെടുപ്പ് നേരിട്ട ബിജെപിയെ അന്നു വിഭജിച്ചുനിന്ന പ്രതിപക്ഷം പരാജയപ്പെടുത്തി.

ഇടതുപക്ഷപാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ യുപിഎ സർക്കാരുണ്ടായി. അതുകൊണ്ടുതന്നെ ജനപ്രിയനായ ഒരു പ്രധാനമന്ത്രിക്കു പോലും തിരഞ്ഞെടുപ്പു നേരത്തേയാക്കൽ എളുപ്പമുള്ള തീരുമാനമല്ല.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.