Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോണിയ തിരക്കഥയെഴുതി, നാടകീയ സഖ്യനീക്കം; കർണാടക മൂവിസ് സസ്പെൻസ് ത്രില്ലർ!

Sonia Gandhi

ന്യൂഡൽഹി∙ തോൽവിയിലും സാധ്യതകൾ മുതലാക്കി പ്രായോഗിക രാഷ്ട്രീയ തന്ത്രജ്ഞതയുടെ ചടുല നീക്കം ; ത്രിശങ്കു തിരഞ്ഞെടുപ്പു ഫലം കർണാടകയിൽ തുറന്നിട്ട സാധ്യതകളെ തങ്ങൾക്കനുകൂലമാക്കി കോൺഗ്രസ് നടത്തിയ നീക്കം ബിജെപിയെ ഞെട്ടിച്ചു. അതിനു തുടക്കമിട്ടതു യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും. എന്തു വിലകൊടുത്തും ബിജെപിയെ അധികാരത്തിൽ നിന്നകറ്റുക എന്ന ദൗത്യം നടപ്പാക്കാൻ സോണിയ നേരിട്ടു ചരടുവലിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം പിറവിയെടുത്തു.

കിങ്മേക്കറായി സോണിയ; അതിഥിതാരം മമത

എക്സിറ്റ്പോൾ ഫലങ്ങൾ വന്നപ്പോഴേക്കും കോൺഗ്രസ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഗോവയിൽ സംഭവിച്ചത് കർണാടകയിലുണ്ടാകരുത് എന്ന തീരുമാനമെടുത്താണ് മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദിനെയും അശോക് ഗെലോട്ടിനെയും തിങ്കളാഴ്ച തന്നെ ബെംഗളൂരിലേക്കയച്ചത്. ദിഗ്‍വിജയ്സിങ്ങിന്റെ അലംഭാവം ആവർത്തിക്കരുതെന്ന മുന്നറിയിപ്പും.

ബെംഗളൂരിൽ കെ.സി.വേണുഗോപാൽ, മല്ലികാർജുൻഖർഗെ എന്നിവരുമായി തിരക്കിട്ട ചർച്ച. രാഷ്ട്രീയ നീക്കത്തിനു സോണിയ തിരക്കഥയെഴുതി. ജെഡിഎസിന്റെ സഖ്യകക്ഷിയായ ബിഎസ്പി ആ നീക്കത്തിനു പച്ചക്കൊടി കാട്ടിയതോടെ ഐക്യ നീക്കങ്ങൾ കരുത്താർജിച്ചു. ബിഎസ്പി നേതാവ് മായാവതിയെ ബന്ധപ്പെട്ട സോണിയ, അവരിലൂടെ ജനതാദൾ നേതൃത്വത്തിലേക്കു പാലമിട്ടു. ജെഡിഎസ് സഖ്യസാധ്യത കോൺഗ്രസ് നേരത്തെ തന്നെ പ്രയോജനപ്പെടുത്തേണ്ടിയിരുന്നുവെന്ന മമതാബാനർജിയുടെ ട്വീറ്റും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

സിംഗപ്പൂരിലായിരുന്ന എച്ച്.ഡി.കുമാരസ്വാമിയുമായി കോൺഗ്രസ് നേതൃത്വം ഫലമറിയും മുൻപ് തന്നെ ബന്ധപ്പെട്ടിരുന്നു. കോൺഗ്രസിന്റെ പ്രചാരണസമിതി തലവൻ ഡി.കെ.ശിവകുമാറും കുമാരസ്വാമിയും തമ്മിലുള്ള ബന്ധവും പ്രയോജനപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് അവകാശവാദമുന്നയിക്കാതിരുന്നത് കുമാരസ്വാമിക്ക് കാര്യങ്ങൾ എളുപ്പമാക്കി.

മായാവതിയെ കൂട്ടുപിടിച്ചിട്ട് ബിജെപി സഖ്യത്തിൽ ചേർന്നുവെന്ന പഴിയും ഒഴിവാക്കാം. ദേവെഗൗഡയ്ക്ക് ദേശീയതലത്തിൽ ബിജെപി വിരുദ്ധമുന്നേറ്റത്തിന് കർണാടകത്തിൽ തുടക്കമിടാൻ കഴിഞ്ഞുവെന്നും ആശ്വസിക്കാം. ആ പാക്കേജിൽ കുമാരസ്വാമി കൊത്തി.

അണിയറയിൽ സംഭവിച്ചത്

പുതിയ നീക്കത്തിലെ ധാർമികത ചോദ്യം ചെയ്യാൻ ബിജെപിക്കു കഴിയില്ലെന്നതും ഇത്തരം കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കിയത് അവർ തന്നെയാണെന്നതും രണ്ടും കൽപിച്ചുള്ള നീക്കത്തിലേക്കു കോൺഗ്രസിനെ നയിച്ചു. ഫലമുണ്ടായാലും ഇല്ലെങ്കിലും ബിജെപിക്കൊരു ഷോക്ക് ട്രീറ്റ്മെന്റ് നൽകേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തി.

ഏകപക്ഷീയമെന്നു ബിജെപി കരുതിയ ഫലത്തെ കീഴ്മേൽ മറിച്ചു, കാര്യങ്ങൾ തങ്ങളുടെ കോർട്ടിലാക്കുക എന്ന തന്ത്രം കോൺഗ്രസ് പിഴവുറ്റ വിധം നടപ്പാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.