Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവർണറുടെ നറുക്ക് യെഡിയൂരപ്പയ്ക്ക്; സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതിയും

Yediyurappa-4 അവകാശം ഞങ്ങൾക്ക്: രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുന്ന ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ബി.എസ്. യെഡിയൂരപ്പ. കേന്ദ്രമന്ത്രി എച്ച്.എൻ. അനന്തകുമാർ, കെ.എസ്. ഈശ്വരപ്പ, കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ തുടങ്ങിയവർ സമീപം. ചിത്രം: എപി

ബെംഗളൂരു∙ രാജ്ഭവനിൽ എംഎൽഎമാരെ അണിനിരത്തി ഭൂരിപക്ഷം തെളിയിക്കാനുള്ള കോൺഗ്രസ്–ജനതാദൾ (എസ്) ശ്രമം അനുവദിക്കാതിരുന്ന കർണാടക ഗവർണർ വാജുഭായി വാല, ബിജെപിയുടെ ബി.എസ്.യെഡിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. ഇന്നു രാവിലെ ഒൻപതിനു രാജ്ഭവനിലാണു സത്യപ്രതിജ്ഞ. വിവരം പുറത്തുവന്നയുടൻ, കർണാടക ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോ‍ൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് പുലർച്ചെ 1.45ന്  ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കാൻ തീരുമാനമായി. എന്നാൽ വൈകി 2.10ന് തുടങ്ങിയ വാദംകേൾക്കൽ നാലേകാലോടെയാണ് അവസാനിപ്പിച്ചത്. ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഗവർണറുടെ ഓഫിസിന് നോട്ടിസ് അയയ്ക്കുമെന്ന് അറിയിച്ചു.

ഗവർണർ വാജുഭായി വാല, ബിജെപിയുടെ ബി.എസ്.യെഡിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുവെന്ന വാർത്ത രാത്രി എട്ടിനു ബിജെപി നേതാവ് എസ്.സുരേഷ്കുമാറാണു  പുറത്തുവിട്ടത്. എട്ടരയ്ക്കു കർണാടക ബിജെപിയുടെ ട്വിറ്റർ ഹാൻഡിലിൽനിന്നു സന്ദേശമെത്തിയെങ്കിലും ഒൻപതിനു ശേഷം ഇതു പിൻവലിച്ചതോടെ ആശയക്കുഴപ്പമായി. ഒൻപതരയോടെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവു വിവരം സ്ഥിരീകരിച്ചു. ഗവർണറുടെ വാർത്താക്കുറിപ്പും പിന്നാലെയെത്തി. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കു 104 എംഎൽഎമാരാണുള്ളത്. എച്ച്.ഡി.കുമാരസ്വാമി ജയിച്ച രണ്ടു മണ്ഡലങ്ങളിൽ ഒന്ന് ഒഴിവാക്കുമ്പോൾ, 221 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനു വേണ്ടതു 111 പേരുടെ പിന്തുണ. ഏഴുപേരുടെ പിന്തുണ കണ്ടെത്താൻ ബിജെപി എന്തുമാർഗം സ്വീകരിക്കുമെന്നാണ് അറിയാനുള്ളത്. 117 പേരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്താണു കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിനു വേണ്ടി എച്ച്.ഡി.കുമാരസ്വാമി ഗവർണർക്കു നൽകിയത്. ഗോവയിൽ ഭൂരിപക്ഷ പിന്തുണ അവകാശപ്പെട്ട ബിജെപിയെ ആദ്യം ക്ഷണിച്ചതു സംബന്ധിച്ച കേസിലെ സുപ്രീം കോടതി വിധിയുടെ പകർപ്പും ഹാജരാക്കിയിരുന്നു. ഗവർണറുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നു കോൺഗ്രസ് ആരോപിച്ചു. സത്യപ്രതി‍ജ്ഞ നടക്കുന്ന പക്ഷം തങ്ങളുടെ പക്ഷത്തെ എല്ലാ എംഎൽഎമാരെയും കൂട്ടി രാജ്ഭവനു മുന്നിൽ സത്യഗ്രഹമിരിക്കുമെന്നു കുമാരസ്വാമി മുന്നറിയിപ്പു നൽകി.

congress-jds-leaders കൈ പിടിച്ചു തന്നെ: രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയ ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി. പരമേശ്വരയ്ക്കൊപ്പം. എച്ച്.ഡി. രേവണ്ണ, കോൺഗ്രസ് നേതാക്കളായ റോഷൻ ബേഗ്. ആർ.വി. ദേശ്പാണ്ഡേ തുടങ്ങിയവർ സമീപം. ചിത്രം: പിടിഐ

മുൻ അറ്റോർണി ജനറൽമാരായ മുകുൾ റോഹ്തഗി, സോളി സൊറാബ്ജി എന്നിവരുടെ നിയമോപദേശം ഗവർണർ തേടിയതായാണു വിവരം. രാവിലെ ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബി.എസ്.യെഡിയൂരപ്പ ഗവർണറെ സന്ദർശിച്ചു സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. കോൺഗ്രസ്, ജെഡിഎസ് നിയമസഭാകക്ഷി യോഗങ്ങളിൽ ചില എംഎൽഎമാർ വിട്ടുനിന്നത് ഇതിനിടെ അഭ്യൂഹങ്ങൾക്കിടയാക്കി. കുതിരക്കച്ചവടത്തിനിറങ്ങിയ ബിജെപി തങ്ങളുടെ എംഎൽഎമാരെ സമീപിച്ചെന്നും 100 കോടിയുടെ കള്ളപ്പണം ഇതിനായി ഒഴുക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. ബിജെപിയുടെ വാഗ്ദാനം ലഭിച്ചതായി ഒരു കോൺഗ്രസ് എംഎൽഎയും അറിയിച്ചു.

കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ രാത്രി ഒൻപതു മണിയോടെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിലേക്കു മാറ്റി. സദ്ഭരണം കാഴ്ചവച്ചിട്ടും തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പറഞ്ഞു കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വികാരാധീനനായി. അനുയായികളായ ചില എംഎൽഎമാരും കണ്ണീരണിഞ്ഞു. 

പിന്തുണക്കത്തു പോലും അയോഗ്യതയാവും

∙ മൂന്നിൽ‍ രണ്ടു പേർ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ പുതിയ പാർ‍ട്ടിയുണ്ടാക്കുകയോ ചെയ്യുമ്പോൾ, ലയിച്ചവർക്കും മാതൃപാർട്ടിയിൽ തുടരുന്നവർക്കും അയോഗ്യതയില്ല. 

∙ എംഎൽഎയോ എംപിയോ പാർട്ടി അംഗത്വം സ്വയം വച്ചൊഴിയുകയോ വിപ്പ് ലംഘിക്കുകയോ ചെയ്താൽ സ്പീക്കർക്കു തീരുമാനമെടുക്കാം. പാർട്ടിനിർദേശത്തിനു വിരുദ്ധമായി വോട്ട് ചെയ്യുകയോ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽ‍ക്കുകയോ ചെയ്യുന്നതു വിപ്പ് ലംഘനമാവും. 

∙ പാർട്ടി വിരുദ്ധ നടപടിയും അംഗത്വം വച്ചൊഴിയലായി കണക്കാക്കും. എതിർകക്ഷിയുടെ നേതാവിനെ പിന്തുണച്ചു ഗവർണർക്കു കത്തു നൽകുന്നതും പാർട്ടി അംഗത്വം വച്ചൊഴിയുന്നതിനു തുല്യമാണ്.

related stories