Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ആയുധം കടമെടുത്ത് കോൺഗ്രസ്

Indian National Congress

ബെംഗളൂരു ∙ സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷം വേണമെന്നോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകണമെന്നു പോലുമില്ലെന്നോ സമീപകാലത്ത് ആവർത്തിച്ചു തെളിയിച്ചതു ബിജെപിയാണ്. പല സംസ്ഥാനങ്ങളിൽ ബിജെപി എഴുതിയ കഥയിൽനിന്നു ചില അധ്യായങ്ങൾ മോഷ്ടിച്ചെടുക്കുകയാണ് ഇപ്പോൾ കോൺഗ്രസ് കർണാടകയിൽ. കോൺഗ്രസിന്റെ ‘ഗോവ നിമിഷം’ എന്നു കർണാടക നീക്കങ്ങളെ വിളിച്ചാൽ തെറ്റില്ല. 

‘ഭൂരിപക്ഷമില്ലാത്ത’ ബിജെപി സർക്കാരുണ്ടാക്കിയ വഴികൾ:

മണിപ്പുർ (2017):

60 അംഗ നിയമസഭ. 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, 21 സീറ്റ് നേടിയ ബിജെപിക്കാണു മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചതും മന്ത്രിസഭയുണ്ടാക്കിയതും. 

കോൺഗ്രസിൽനിന്ന് ഒൻപതു പേരെ ബിജെപി പക്ഷത്ത് എത്തിക്കാൻ പാർട്ടിക്കു കഴിഞ്ഞു. ഒരു സ്വതന്ത്രനടക്കം മറ്റു പാർട്ടികളിലെ പത്തുപേർ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നു. കോൺഗ്രസിൽ ബാക്കിവന്ന 19 പേർ മാത്രമാണു പ്രതിപക്ഷത്തുള്ളത്. 

ഗോവ (2017): 

40 അംഗ സഭ. 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണം പിടിച്ചതു 13 സീറ്റ് മാത്രമുള്ള ബിജെപി. കോൺഗ്രസിലെ ഒരംഗത്തെ അടർത്തിയെടുത്തു. കൂടാതെ മറ്റു പാർട്ടികളിലെ 10 എംഎൽഎമാരുടെ പിന്തുണ കൂടി നേടിയെടുത്തു. പ്രതിപക്ഷത്ത് ഇപ്പോൾ കോൺഗ്രസിന്റെ 16 എംഎൽഎമാർ മാത്രമാണ്. 

അരുണാചൽപ്രദേശ് (2014–2016): 

2014ലെ തിര‍ഞ്ഞെടുപ്പിൽ 60 അംഗസഭയിൽ 42 സീറ്റ് നേടി കോൺഗ്രസ് വൻവിജയം നേടി. നബാം തുക്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു. പിന്നീടു തുക്കിക്കു പകരം കോൺഗ്രസിലെ തന്നെ പേമ ഖണ്ഡു മുഖ്യമന്ത്രിയായി. 2016ൽ പേമ ഖണ്ഡു അടക്കം 41 കോൺഗ്രസ് എംഎൽഎമാരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ എത്തിച്ചു. അവിടെ നിന്നു മുഖ്യമന്ത്രിയടക്കം ഭൂരിഭാഗം പേരും ബിജെപിയിലെത്തി. 2014ലെ തിരഞ്ഞെടുപ്പിൽ 11 പേരെ മാത്രം വിജയിപ്പിച്ച ബിജെപിക്ക് ഇപ്പോൾ സഭയിൽ 48 പേരുടെ പിന്തുണ. പ്രതിപക്ഷത്തുള്ള കോൺഗ്രസിന് ഒരു സീറ്റ് മാത്രം. മുൻമുഖ്യമന്ത്രി നബാം തുക്കിയാണ് ഏക കോൺഗ്രസ് അംഗം. 

മേഘാലയ (2018): 

60 അംഗസഭയിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാതെ 19 സീറ്റ് മാത്രമുണ്ടായിരുന്ന എൻപിപിയെയാണു സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. ബിജെപി പിന്തുണച്ച എൻപിപി നേതാവ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിയായി. 28.5% വോട്ടു ലഭിച്ചിട്ടും കോൺഗ്രസ് അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടു. എൻപിപിക്ക് 20% വോട്ടാണു ലഭിച്ചത്. 

നാഗാലാൻഡ് (2018) 

60 അംഗ സഭയിൽ ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭയുണ്ടാക്കാൻ ക്ഷണം ലഭിച്ചില്ല. 17 സീറ്റ് മാത്രം ലഭിച്ച എൻഡിപിപിയുടെ നേതാവ് നെയ്ഫു റിയോയെയാണു ഗവർണർ ക്ഷണിച്ചത്. ബിജെപി എൻഡിപിപിയെ പിന്തുണച്ചു. എൻപിഎഫിനു 39% വോട്ടു ലഭിച്ചിട്ടും അധികാരത്തിൽനിന്നു പുറത്തായി. 

related stories