Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാവ് പകലാക്കിയ വാദം; പ്രതിവാദം

Supreme-Court

ന്യൂഡൽഹി∙ കർണാടകയിലെ രാഷ്ട്രീയ താപനില തൊട്ടറിഞ്ഞ്, വാശിയേറിയ വാദമാണ് ഇന്നു പുലർച്ചെ സുപ്രീം കോടതിയിൽ നടന്നത്.  ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 1.45ന് വാദം കേൾക്കുമെന്ന് ആദ്യം അറിയിപ്പ്. എങ്കിലും വാദം ആരംഭിച്ചത് 2.10ന്. 

സർക്കാരിയ കമ്മിഷൻ ശുപാർശ പ്രകാരം, സർക്കാരുണ്ടാക്കാൻ മൂന്നാമത്തെ പരിഗണന നൽകേണ്ടത് തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴി‍ഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും കോൺഗ്രസിനു വേണ്ടി മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി വാദിച്ചു. കേവല ഭൂരിപക്ഷം നേടിയ പാർട്ടി, അല്ലെങ്കിൽ തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യങ്ങളിൽ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ രണ്ടു പരിഗണനകൾ. ഗോവയിലും മണിപ്പൂരിലും മേഖാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സർക്കാർ ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, ബിജെപിക്കു വേണ്ടി എത്തിയ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയും സിങ്‌വിയുടെ വാദങ്ങളെ എതിർത്തു. 

തീരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ  ഗവർണറുടെ അധികാരത്തിൽ ഇപ്പോൾ ഇടപെടുന്നതെങ്ങനെയെന്നും കോടതി ഹർജിക്കാരോട് ചോദിച്ചു. ഗവർണറുടെ തീരുമാനം വിലക്കിയാൽ സംസ്ഥാനത്തെ ഭരണരംഗത്ത് ശൂന്യതയുണ്ടാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് കാവൽ സർക്കാർ ഉണ്ടല്ലോ എന്ന് സിങ്‌വിയുടെ മറുപടി. വിശ്വാസവോട്ട് തേടാൻ ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചതും അദ്ദേഹം ചോദ്യം ചെയ്തു. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും ഹാജരായി. വാദംകേൾക്കൽ പുലർച്ചെ നാലേകാലോടെയാണ് അവസാനിച്ചത്.

related stories