Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതിയിൽ മുഴങ്ങിയ ചോദ്യം; 104-117 ഏതാണ് വലുത്

mukul-rohatgi-court മുകുൾ റോഹത്ഗി സുപ്രീം കോടതിയിലേക്ക് എത്തിയപ്പോൾ.

ന്യൂഡൽഹി ∙ ഗുജറാത്ത് മുൻ‍ ധനമന്ത്രിയായ കർണാടക ഗവർണർ വാജുഭായ് വാല,  117 നെക്കാൾ വലുതാണ് 104 എന്ന് തീരുമാനിച്ചതെങ്ങനെ? ഭൂരിപക്ഷം തെളിയിക്കാൻ ഏഴു ദിവസം ചോദിച്ച ബി. എസ്. യെഡിയൂരപ്പയ്ക്ക് ഗവർണർ 15 ദിവസം  അനുവദിച്ചതെന്തിന്? – വ്യാഴം വെളുപ്പിനു 2.10നു തുടങ്ങി 5.40വരെ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ, രണ്ടു ചോദ്യങ്ങൾക്കും ഉത്തരമില്ലാതെയാണ് സുപ്രീം കോടതിയുടെ മൂന്നംഗ പ്രത്യേക ബെഞ്ച് പിരിഞ്ഞത്. പുലർച്ചെ ഒന്നിന് അഭിഭാഷകരിൽനിന്ന് മാധ്യമങ്ങൾക്ക് അറിയിപ്പെത്തി: 1.45ന് സുപ്രീം കോടതിയിൽ, ജസ്റ്റിസ് എ.കെ.സിക്രിയുടെ ബെഞ്ച്.

പുലർച്ചെ  1.30

സുപ്രീം കോടതിയുടെ രണ്ടാം നിലയിൽ‍, ആറാം നമ്പർ കോടതി മുറിക്കു മുന്നിൽ അഭിഷേക് സിങ്‌വിയും സംഘവും എത്തി.   കോടതി മുറി പൂട്ടിയിരിക്കുകയാണ്. വാതിൽതുറക്കാനുള്ള കാത്തിരിപ്പിനിടെ, താൻ ജൂനിയർ‍ അഭിഭാഷകനായിരുന്ന കാലത്ത് ‘താപ്പർ കേസി’ൽ‍ ജാമ്യാപേക്ഷയുമായി അർധരാത്രിയിൽ കോടതിയിലെത്തിയത് സിങ്‌വി ഓർത്തെടുത്തു. അപ്പോഴേക്കും കോടതിയുടെ വാതിൽ തുറക്കപ്പെട്ടു.
ജഡ്ജിമാരുടെ ഇരിപ്പിടത്തിന് ഏറ്റവുമടുത്ത് ഇടംപിടിക്കാൻ മാധ്യമപ്രവർത്തകരുടെ ഓട്ടം. അതിനിടെയും വാട്സാപ്പ് സന്ദേശങ്ങളിലൂടെ സംപ്രേക്ഷണം സജീവമാക്കാനുള്ള തിരക്ക്. മുൻനിരയിൽ‍ ബെഞ്ചിന് അഭിമുഖം വലതുഭാഗത്ത് ഒന്നാം നിരയിൽ സിങ്‌വി ഇരിപ്പുറപ്പച്ചതിനു പിന്നാലെ ഇടതുവശത്ത് അഡീഷനൽ സോളിസിറ്റർ ജനറൽ‍ തുഷാർ‍ മേത്തയുമെത്തി. 1.45 കഴിഞ്ഞെങ്കിലും കോടതി തുടങ്ങുന്നില്ല. അപ്പോഴേയ്ക്കും, ഉറക്കച്ചടവു മറയ്ക്കാത്ത മുഖവുമായി മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗിയുമെത്തി. ഇരുവശത്തും വിധിപ്പകർപ്പുകളുടെ വായനയും ചർ‍ച്ചകളും.

പുലർച്ചെ 2.10

ജഡ്ജിമാർ എ.കെ.സിക്രിയും എസ്.എ. ബോബ്ഡെയും അശോക് ഭൂഷണും ഇരിപ്പിടങ്ങളിൽ. കോർട്ട് മാസ്റ്റർ കേസ് വിളിച്ചു. ആദ്യ ഊഴക്കാരനായി സിങ്‌വി വാദം തുടങ്ങിയപ്പോൾതന്നെ റോഹത്ഗി ഇടപെട്ട് ഉടക്കിട്ടു: ഗവർണറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാവില്ല; ഭരണഘടനയുടെ 361–ാം വകുപ്പ് വായിക്കുക. വായിച്ചിട്ടുണ്ടെന്ന മട്ടിൽ ജസ്റ്റിസ് സിക്രി തലയാട്ടിയത് സിങ്‌വിക്കു വാദം തുടരാനുള്ള അനുമതിയായി.
ഇന്നു രണ്ടു കൂട്ടരും കത്തു കൊടുത്തുവെന്നും ഗവർണർ യെഡിയൂരപ്പയെ ക്ഷണിച്ചുവെന്നും സിങ്‌വി പറഞ്ഞുതുടങ്ങിയപ്പോൾ കോടതി തിരുത്തി – ഇന്നലെ; ഇതു പുതിയ ദിവസമാണ്.
തിരഞ്ഞെടുപ്പ് ഫലവും തലേ ദിവസങ്ങളിലും തലേ മണിക്കൂറുകളിലും ബെംഗളുരുവിലും രാജ്ഭവനിലും നടന്നതും സിങ്‌വി വിശദീകരിച്ചു. സർക്കാരുണ്ടാക്കാൻ ആർക്കൊക്കെ ഏതു ക്രമത്തിൽ അവസരം നൽകണമെന്ന് സർക്കാരിയ കമ്മിഷന്റെ ശുപാർശകളും രാമേശ്വർ പ്രസാദ് കേസിൽ 2002 ജനുവരി 24ന് അ‍ഞ്ചംഗ ബെഞ്ച് നൽകിയ വിധിയുടെ ഭാഗങ്ങളും വായിച്ചു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തപ്പോൾ ആരെ വിളിക്കണമെന്ന ചട്ടം വ്യക്തമാണെന്ന വാദം കേട്ടപ്പോൾ കോടതി ചോദിച്ചു: എന്താണ് ചട്ടം?

സിങ്‌വി ഉത്തരത്തിനു മുൻപേ, 2.20ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലെത്തി, എതിർപക്ഷത്ത് ഒന്നാം നിരയിൽ‍ ഒന്നാം കസേരയിലേക്ക്

സിങ്‌വിയുടെ ഉത്തരം: ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ, ആദ്യം വിളിക്കേണ്ടത് തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തെ, അവർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയിൽ തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തെ, അവരും ന്യൂപക്ഷമെങ്കിൽ മാത്രം, ഏറ്റവും വലിയ ഒറ്റക്കക്ഷിയെ. ഇവിടെ ഞങ്ങൾക്ക് 117 എംഎൽഎമാരുണ്ട്, അതിന്റെ രേഖകൾ ഞങ്ങൾ നൽകിയതുമാണ്. എന്നാൽ, 104 പേരുടെ കക്ഷിയെയാണ് ക്ഷണിച്ചിരിക്കുന്നത്. ശരിയാണ്, ഗവർണർക്കു വിവേചനാധികാരമുണ്ട്. പക്ഷേ, അതിനും പരിതികളുണ്ട്, തരംപോലെ, തോന്നുംപോലെ പ്രയോഗിക്കാനാവില്ല. അത് കോടതിക്കു പരിശോധിക്കാം. ബൊമ്മൈ കേസിലെ വിധിയിൽ അതു വ്യക്തം.

സിങ്‌വി തുടരുകയാണ്: സമ്മതിച്ചു, എന്റെ കക്ഷിയെ വിളിക്കുന്നില്ല. ജനാധിപത്യത്തെ തന്നെ നിഷേധിക്കുന്ന നടപടിയാണത്. തീരുന്നില്ല, ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം നൽകുന്നു. ഇങ്ങനെ സമയം നൽകിയാൽ അത് കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനുമാണെന്ന് കോടതിതന്നെ ‘രാമേശ്വർപ്രസാദി’ൽ പറഞ്ഞതാണ്.
117കാരെ മാറ്റി നിർത്തി 104 കാരെ ക്ഷണിച്ച് 15 ദിവസം നൽകുന്നതെന്തിനെന്നു മനസിലാക്കാൻ സാമാന്യ ബുദ്ധി മതി. തനിക്കു 104ൽ കൂടുതൽ ബലമുണ്ടെന്ന് യെഡിയൂരപ്പപോലും കത്തിൽ അവകാശപ്പെട്ടിട്ടില്ല.

കോടതി: ആ കത്ത് എവിടെ?

സിങ്‌വി: ‘എന്റെ പക്കലില്ല. ഞങ്ങളുടെ കത്ത് 117പേരുടേതാണ്. എന്നിട്ടും 104കാരെ വിളിക്കുന്നെങ്കിൽ, അത് കൂറുമാറ്റമുണ്ടാക്കാനാണ്.’
അത് അനുവദനീയമല്ലെന്നു കോടതി.
അതുതന്നെയാണ് തന്റെയും വാദമെന്ന് സിങ്‌വി. തുടർന്ന്, ഏറ്റവും വലിയ ഒറ്റക്കക്ഷിയെയും തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യത്തെയും ഗവർണർ ക്ഷണിച്ചതിന്റെ സമീപകാല കണക്കുകൾ സിങ്‌വി വിവരിച്ചു. യെഡിയൂരപ്പയുടെ കത്തുകാണാതെ മുന്നോട്ടു നീങ്ങുക സാധ്യമല്ലെന്നു കോടതി സൂചിപ്പിച്ചു. അപ്പോൾ, യെഡിയൂരപ്പയ്ക്കു ഗവർണർ നൽകിയ കത്തിന്റെ പകർപ്പ് സിങ്‌വി കൈമാറി.
തനിക്കു ലഭിച്ച പകർപ്പ് ഉയർത്തിക്കാട്ടി ജസ്റ്റിസ് ബോബ്െഡ പറഞ്ഞു: ഇതു രാത്രിപോലെ ഇരുണ്ടതാണ്.
ഉടനെ, പകലുപോലെ തെളിച്ചമുള്ള പകർപ്പ് കൈമാറപ്പെട്ടു.
ഒരു മണിക്കൂർ 10 മിനിറ്റ് നീണ്ട ആദ്യ റൗണ്ട് വാദം സിങ്‌വി  അവസാനിപ്പിച്ചത് ഇങ്ങനെ: കത്തു കോടതി പരിശോധിക്കുംവരെ സത്യപ്രതിജ്ഞ മാറ്റിവയ്ക്കുക. 117നേക്കാൾ വലുതാണ് 104 എന്ന കണ്ടെത്തൽ പരിശോധിക്കുക.

15 ദിവസം അനുവദിച്ചതിന്റെ കാരണമെന്ത്? – കോടതിയുടെ ഈ ചോദ്യത്തിനു മറുപടി പറഞ്ഞുകൊണ്ടാണ് കെ.കെ.വേണുഗോപാൽ വാദം തുടങ്ങിയത്. നിയമപരമായി പരിശോധിക്കാവുന്ന വിഷയമല്ല 15 ദിവസത്തിന്റേത് എന്നായിരുന്നു മറുപടി.
ഭൂരിപക്ഷം ആർക്കെന്നോ ആരെ ആദ്യം വിളിക്കണമെന്നോ ഉള്ള തർക്കത്തിലേക്കു കടക്കാൻ തുനിയാതെ വേണഗോപാൽ തുടർന്നു: ഞാൻ‍ കേന്ദ്ര സർക്കാരിനുവേണ്ടിയാണ് ഹാജരാകുന്നത്. ഗവർണറും ബിജെപി നേതാവും തമ്മിലുണ്ടായ ചർ‍ച്ചയെന്തെന്ന് നമുക്കറിയില്ല. അത് അവ്യക്തമാണ്. ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മൾ സംസാരിക്കുന്നത്. ഭൂരിപക്ഷമുണ്ടെന്നു സ്ഥാപിക്കാൻ‍ ബിജെപി നേതാവിനു സാധിച്ചിട്ടുണ്ടെങ്കിലോ?
അപ്പോഴേക്കും റോഹത്ഗി ഇടപെട്ടു: അതുകൊണ്ടാണു ഞാൻ പറയുന്നത്, ഈ ഹർജി പരിഗണിക്കാൻ പോലും പാടില്ലായിരുന്നു. അതും അർധരാത്രിക്ക്. കേട്ടുകേൾവി വച്ച് ഹർജിയുമായി വന്നിരിക്കുകയാണ്.

െബഞ്ച്: ഭൂരിപക്ഷം സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ടാവാമെന്നു നിങ്ങൾ പറയുന്നു. മറുവശത്ത് 117 പേരുടെ പിന്തുണക്കത്തുണ്ട്. അപ്പോൾ‍ നിങ്ങൾക്കെങ്ങനെ 112 ലഭിക്കും?

വേണുഗോപാൽ‍: ഒപ്പുകളെല്ലാം ശരിയാവണമെന്നില്ല.
ബെഞ്ച്: ബിജെപിക്ക് മറ്റാരുടെയും പിന്തുണയില്ല. മറുവശത്ത് ജെഡിഎസും കോൺഗ്രസും സ്വതന്ത്രരുമുണ്ട്. അപ്പോൾ‍, കണക്കിനെ നിഷേധിക്കുന്ന നിലപാടെങ്ങനെ?
വേണുഗോപാൽ‍: എംഎൽഎമാരെയെല്ലാം കൊണ്ടുവരാൻ ഗവർണർ‍ക്ക് ആവശ്യപ്പെടാമായിരുന്നു. എന്താണു സംഭവിച്ചതെന്നു നമുക്കറിയില്ല. സത്യപ്രതിജ്ഞ നടക്കട്ടെ, വേണമെങ്കിൽ ആ നടപടി പിന്നീടു തിരുത്താമല്ലോ.
ബെഞ്ച് : ശരിയാണ്, കോടതിക്കു പുനഃപരിശോധിക്കാം. ഞങ്ങൾ പരിശോധിക്കുന്നത് ഗവർണർ എന്ന വ്യക്തിയെയല്ല, അദ്ദേഹത്തിന്റെ നടപടിയാണ്.
വേണുഗോപാൽ: സഭയിൽ‍ ബലപരിശോധന നടക്കട്ടെ, ആർക്കറിയാം ചിലപ്പോൾ‍ അവർ തോൽക്കുമായിരിക്കും. ജയിച്ചാലോ? ഗവർണർ‍ അദ്ദേഹത്തിന്റെ വിവേചനാധികാരം പ്രയോഗിച്ചിരിക്കുകയാണ്.
ബെഞ്ച്: തികച്ചും അവ്യക്തതയുള്ള സ്ഥിതിയാണെങ്കിൽ താങ്കൾ പറയുന്നതിൽ കാര്യമുണ്ട്. ഇവിടെ അതല്ല സ്ഥിതി.

കോടതി നടപടിയുടെ പല ഭാഗങ്ങളിലും ഉറക്കത്തിലേക്കു വഴുതിയവരെല്ലാം ഉണർത്തിക്കൊണ്ട് മുകുൾ റോഹത്ഗി പറഞ്ഞു: ഈ ഹർജി തള്ളിക്കളയുക. എന്താണിവർ ആവശ്യപ്പെടുന്നത്? ഗവർണറുടെ നടപടി തടയണമെന്നോ? ഉന്നത ഭരണഘടനാസ്ഥാനം വഹിക്കുന്നയാളുടെ നടപടി തടയണമെന്ന്. ജനാധിപത്യ പ്രക്രിയയെ അങ്ങനെ തരംതാഴ്ത്തണമെന്നാണോ?  ഗവർണറെ നിയന്ത്രിക്കാൻ ആർക്കാണ് അധികാരം? അദ്ദേഹത്തിന്റെ നടപടി ശരിയാണെന്നു തെളിഞ്ഞാലോ?

ബെഞ്ച്: കോടതി പ്രവർത്തിക്കാൻ പാടില്ലെന്നു നിർദ്ദേശിക്കുന്നതുപോലെ?
റോഹത്ഗി: അതേ. ഗവർണറെ തടയുന്നത് അതുപോലൊരു നടപടിയാണ്. നിയമന വാറന്റുകൾ പുറപ്പെടുവിക്കുന്നതിൽനിന്നു രാഷ്ട്രപതിയെ തടയാനാവുമോ? പറ്റില്ല.
ഗവർണർക്കുള്ള വ്യക്തിപരമായ സംരക്ഷണമല്ല, നടപടികൾക്കുള്ള സംരക്ഷണമാണ് 361ാം വകുപ്പ് നൽകുന്നത്. അദ്ദേഹത്തിന്റെ നടപടികളെ ന്യായീകരിക്കാൻ സർക്കാരിന് ബാധ്യതയുമുണ്ട്.

ബെഞ്ച്: ഇവിടെ ഗവർണർ നടപടിയെടുത്തുകഴിഞ്ഞു. അതു കോടതിക്കു പരിശോധിക്കാം, തിരുത്താം. അല്ലെങ്കിൽ അദ്ദേഹം ബാദ്ഷാ ആയിരിക്കണം.

റോഹത്ഗി: തിരുത്താൻ പറ്റില്ലെന്നു ഞാൻ പറയുന്നില്ല. കോടതികൾ ദിനംപ്രതി അങ്ങനെ ചെയ്യുന്നതുമാണ്. പക്ഷേ, ഗവർണറുടെ കൃത്യനിർവഹണം തടയാൻ പറ്റില്ല.
അപ്പോൾ അഭിഷേക് സിങ്‌വി ഇടപെട്ടു: എന്താണിദ്ദേഹം വാദിക്കുന്നത്? ആർക്കുവേണ്ടിയാണ് ഹാജരാകുന്നതെന്നു പോലും വ്യക്തമല്ല. ടിവി ചർച്ചയ്ക്കിടെ രണ്ട് എംഎൽഎമാർ ചുമതലപ്പെടുത്തിയെന്നാണ് പറയുന്നത്. ഏത് എംഎൽ‍എമാർ? അവർക്കു പേരുണ്ടോ? യെഡിയൂരപ്പയ്ക്കുവേണ്ടി ഇവിടെ ആരുമില്ല.
റോഹത്ഗി: എനിക്ക് തോന്നുന്നവർക്കുവേണ്ടി ഞാൻ ഹാജരാകും. അതു താങ്കളല്ല തീരുമാനിക്കേണ്ടത്.
ജസ്റ്റിസ് സിക്രി: ഇത് എനിക്ക് അലർജിയാണ്. ഞങ്ങൾ മൂവർക്കും അലർജിയാണ്.
അതിൽ‍ രംഗം തണുത്തു. റോഹഗ്തി വീണ്ടും വിഷയത്തിലേക്കു മടങ്ങി.
സത്യപ്രതി‍ജ്ഞ നടക്കട്ടെയെന്നും അത് മാറ്റിവച്ചതുകൊണ്ടു പ്രത്യേകിച്ചു നേട്ടമൊന്നുമില്ലെന്നും പറഞ്ഞപ്പോൾ വീണ്ടും സിങ്‌വി ഇടപെട്ടു: 117നേക്കാൾ  വലുതാണ് 104 എന്നു സ്ഥാപിക്കണമെങ്കിൽ കണക്കുകൊണ്ടു സർക്കസ് കാണിക്കണം. അതെങ്ങനെയെന്നു നമുക്കറിയാം.

വീണ്ടും കോടതിയുടെ ചോദ്യം
പുലർച്ചെ 4.50


കെ.കെ.വേണുഗോപാലിനോടും മുകുൾ റോഹത്ഗിയോടുമായി കോടതി ചോദിച്ചു:
എങ്ങനെയാണ് 15 ദിവസം സമയം നൽകാമെന്നു തീരുമാനിച്ചത്?
രണ്ടു പേർക്കും വ്യക്തമായ മറുപടിയില്ല.
എതിർ‍വാദങ്ങൾക്കു മറുപടി പറയാൻ വീണ്ടും സിങ്‌വി എഴുന്നേറ്റു: ‘ഗവർണറുടെ തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാം, കോടതിക്കു തിരുത്താം. ഗവർണർക്ക് നോട്ടീസ് അയയ്ക്കണമെന്നു ഞാൻ പറയുന്നില്ല. അദ്ദേഹത്തിന്റെ നടപടി സ്റ്റേ ചെയ്യാം. യെഡിയൂരപ്പയെ ക്ഷണിച്ചതു നടപടിയാണ്.

ബെഞ്ച്: സത്യപ്രതിജ്ഞ തടയാൻ ഉദ്ദേശിക്കുന്നില്ല.

സിങ്‌വി: സ്റ്റേയെന്നോ, തടയൽനിർദ്ദേശമെന്നോ എന്തുവേണമെങ്കിലും വിളിച്ചുകൊള്ളുക. നിങ്ങൾ‍ നിങ്ങളുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്തുക. ഇരുട്ടു നീക്കുക.
ജഡ്ജിമാർ‍ തമ്മിൽ ചർച്ചയായി. ചർച്ച കാൽമണിക്കൂറോളം നീണ്ടു. ഒടുവിൽ‍, യെഡിയൂരപ്പയുടെ കത്ത് ആര് ഹാജരാക്കും – അറ്റോർണി ജനറലിനു സാധിക്കുമോയെന്നു കോടതിയുടെ ചോദ്യം.
ഇല്ല, താൻ കേന്ദ്ര സർക്കാരാണെന്നു മറുപടി.
കത്ത് ഗവർ‍ണറുടെ പക്കലുണ്ടെങ്കിൽ, കർണാടക സർക്കാരിന് അതു സാധിക്കുമല്ലോയെന്ന് ബെഞ്ച്.
അതിനുള്ള നോട്ടീസ് നൽകണമെന്നു സിങ്‌വി.

പുലർച്ചെ 5.37

കത്തു ഹാജരാക്കാനും രാവിലെ 10.30ന് വീണ്ടും കേസ് പരിഗണിക്കാമെന്നും വ്യക്തമാക്കി കോടതിയുടെ ഉത്തരവ്.
സിങ്‌വി: ജഡ്ജിമാരുടെ ഉറക്കം കളഞ്ഞതിനു ക്ഷമചോദിക്കുന്നു. അസമയത്ത് കോടതികൂടിയതിനു നന്ദി.
റോഹത്ഗിയുടെ മുഖത്ത് തെളിച്ചമില്ല, പിറുപിറുത്തുകൊണ്ടു കോടതിക്കു പുറത്തേക്ക്.

related stories