Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെകുത്താനോ കടലോ–എന്തു തിരഞ്ഞെടുക്കണം?; ആറാം നമ്പർ കോടതിയിൽ ഇന്നലെ സംഭവിച്ചത്

PTI1_12_2018_000153A

ന്യൂഡൽഹി ∙ നടപടികൾ തുടങ്ങുന്നതിന് ഏറെ മുൻപേ ആറാം നമ്പർ കോടതിയിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞു. റാം ജഠ്മലാനിയും വൈകിവന്ന പി.ചിദംബരവും തിക്കിതിരക്കിയാണു മുൻനിരയിലെത്തിയത്. പത്തരയാണു സമയമെങ്കിലും പ്രത്യേക ബെഞ്ചിനായി ജഡ്ജിമാരെത്തിയത് അഞ്ചു മിനിറ്റ് വൈകി. ബി.എസ്.യെഡിയൂരപ്പ ഗവർണർക്കു നൽകിയ കത്തുകളുടെ പകർപ്പുകൾ ഹാജരാക്കിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു.

വാദം
മുകുൾ റോഹത്ഗി (യെഡിയൂരപ്പയ്ക്കുവേണ്ടി) :

15നു നൽകിയ കത്തിനു പിന്നാലെ 16നും യെഡിയൂരപ്പ കത്തു നൽകി. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്നും പിന്തുണയുണ്ടെന്നും സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നുമാണു കത്തിൽ പറഞ്ഞത്. ഭൂരിപക്ഷം തെളിയിക്കേണ്ടതു കോടതിയിലല്ല, സഭയിലാണ്. പിന്തുണയ്ക്കുന്നവരുടെ പേരു നൽകേണ്ടതില്ല. സ്വതന്ത്രരുൾപ്പെടെയുള്ളവരുടെ പിന്തുണയുള്ള ഏറ്റവും വലിയ കക്ഷിയെ വിളിക്കണമെന്നാണു സർക്കാരിയ കമ്മിഷൻ പറഞ്ഞത്. അതായത്, ജനഹിതം മാനിക്കണം.

ബെഞ്ച്: ആവശ്യമായ പിന്തുണയുള്ള ഒറ്റക്കക്ഷിയെന്നു നിങ്ങൾ പറയുന്നു. അതു പരിശോധിക്കേണ്ടതാണ്. കോൺഗ്രസിന്റെ കത്തുമുണ്ട്. ഒരു കൂട്ടർ അവകാശപ്പെടുന്നു, മറ്റൊരു കൂട്ടർ തെളിയിക്കുന്നു. അപ്പോൾ ഗവർണർ എങ്ങനെ തീരുമാനിക്കണം?

റോഹത്ഗി: സുസ്ഥിര സർക്കാരുറപ്പാക്കാൻ വിവേചനാധികാരമുപയോഗിച്ച് ഗവർണർ തീരുമാനമെടുക്കണം. യാഥാർഥ്യം കണക്കിലെടുക്കണം. കോൺഗ്രസിന്റെ പട്ടികയിലെ പേരുകൾ‍ക്കൊപ്പം ഒപ്പുകളില്ല. ഒപ്പുവച്ച രേഖ ഗവർണർക്കു നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഈ കേസ് മുന്നോട്ടുകൊണ്ടുപോകരുത്.

ബെഞ്ച്: അതു ശരിയാണ്. പക്ഷേ, ആദ്യം ആരെ വിളിക്കണമെന്നതാണു ചോദ്യം. (സർക്കാരിയ കമ്മിഷൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പരാമർശിച്ചശേഷം ബെഞ്ച് തുടർന്നു) ഒന്നുകിൽ ഗവർണറുടെ നടപടിയിലെ ശരിതെറ്റുകൾ വിശദമായി പരിശോധിക്കാം. അല്ലെങ്കിൽ നാളെത്തന്നെ വോട്ടെടുപ്പെന്നു നിർദേശിക്കാം.

അഭിഷേക് സിങ്‌വി: ഗവർണറുടെ നടപടി ശരിയോ എന്നതാണു ചോദ്യം. എന്തായിരുന്നു ഉദ്ദേശ്യം? 15 ദിവസത്തേക്കു നടപടികൾ വൈകിക്കുന്നു.

ബെഞ്ച്: ഗവർണറുടെ നടപടി ശരിയോയെന്നു പരിശോധിക്കുന്നതിനോടു വിയോജിപ്പില്ല. ആദ്യം വോട്ടെടുപ്പു നടക്കട്ടെ. വിശാല വിഷയം പിന്നീട്. അല്ലെങ്കിൽ, നിങ്ങൾക്ക് അനുകൂല ഉത്തരവു ലഭിച്ചാലും വിലപ്പെട്ട സമയം നഷ്ടപ്പെടും.

സിങ്‌വി: ഗവർണർക്കു കോൺഗ്രസിന്റെ കത്തു ലഭിക്കുന്നു. യെഡിയൂരപ്പ ഭൂരിപക്ഷം അവകാശപ്പെടുന്നു. 104 പേരുണ്ട്, മറ്റുള്ള ഏഴു പേരുടെയും പിന്തുണയുണ്ടെന്ന്. വെറുതെ മറ്റുള്ളവർ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഏതു സാഹചര്യത്തിലും ഗവർണർക്കു പറയാനാവുമോ മൂന്നിനേക്കാൾ വലുതാണ് രണ്ടെന്ന്, ആറിനേക്കാൾ വലുതാണ് അഞ്ചെന്ന്? ഉടനെ വോട്ടെടുപ്പു നടത്തണം, നാളെത്തന്നെ. വേണ്ടത്ര സുരക്ഷയോടെ.

ബെഞ്ച്: ചെകുത്താനോ കടലോ – ഏതു തിരഞ്ഞെടുക്കണം? വോട്ടെടുപ്പ് ഉടനെ നടത്താതിരുന്നാൽ വിലപ്പെട്ട സമയം നഷ്ടമാകും.

കപിൽ സിബൽ: ഇവിടെ ഗവർണറുടെ വിവേചനാധികാരത്തിന്റെ പ്രശ്നമില്ല. ഭരണഘടനാപരമായ അധികാരസ്ഥാപനമാണ്. വിവേചനാധികാരം ഭരണഘടനാപരമായ നിയമത്തിനു വിധേയമാണ്. നിയമം കോടതി പറഞ്ഞിട്ടുമുണ്ട്. ജെഡിഎസിനു പിന്തുണ നൽ‍കുന്നുവെന്നതു കോൺഗ്രസിന്റെ കത്തിൽ വ്യക്തം. അതു കണക്കിലെടുത്തു ഗവർണർ തീരുമാനിക്കണം. വിവേചനാധികാരം വ്യാഖ്യാനിക്കുന്നതിൽ ഭരണഘടനാപരമായ അധാർമികതയില്ല.

ബെഞ്ച്: ഭരണഘടന ഉയർത്തിപ്പിടിക്കാൻ കോടതിയുണ്ട്. കടുത്ത സാഹചര്യങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാം. ഇവിടെ സാഹചര്യവും വസ്തുതകളും വ്യക്തം. വിവേചനാധികാരത്തിന്റെ പ്രശ്നമില്ല. എന്താണ് ഗവർണറും യെഡിയൂരപ്പയും തമ്മിൽ സംസാരിച്ചതെന്നു നമുക്കറിയില്ല.

റോഹത്ഗി: കോൺഗ്രസിന്റെ കത്തിലെ ഒപ്പുകൾ ഞാൻ ചോദ്യം ചെയ്യുന്നു.

തുഷാർ മേത്ത (സംസ്ഥാനത്തിനു വേണ്ടി): കത്തുകളിൽ‍ പേരുകാരുടെ ഒപ്പില്ല.

സിബൽ: നിയമസഭാ കക്ഷികൾ പാസാക്കിയ പ്രമേയമുണ്ട്. പിന്തുണ നൽകാനും സ്വീകരിക്കാനും.

തുഷാർ മേത്ത: ഒരു വസ്തുതയേ പറ്റൂ. പല വസ്തുക്കൾ പറ്റില്ല.

ബെഞ്ച്: അതൊക്കെ നമുക്ക് വിശദമായി പിന്നീടു പരിശോധിക്കാം.

സിബൽ : ഉടനെ വോട്ടെടുപ്പു നടക്കട്ടെ. പ്രോടെം സ്പീക്കറുടെ നേതൃത്വത്തിൽ.

റോഹത്ഗി: 30 ദിവസമെന്നു സർക്കാരിയ കമ്മിഷൻ, 15 എന്ന് ഗവർ‍ണർ. രണ്ടും വേണ്ട, ഒരാഴ്ചയെങ്കിലും വേണം. ആലോചിക്കാൻ സമയം വേണം. എനിക്ക് ഞങ്ങളുടെ ആളുകളെ സംഘടിപ്പിക്കണം. അവരുടെ ആളുകളെ കൊച്ചിയിൽ പൂട്ടിയിട്ടിരിക്കുകയാണ്.

റാം ജഠ്മലാനി: ഗവർണറുടെ നടപടി, അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടിവരുന്നതിൽ‍ എനിക്ക് നാണക്കേടുണ്ട്.

ബെഞ്ച്: വേണ്ട, വിശേഷിപ്പിക്കേണ്ട. ഉന്നത ഭരണഘടനാ അധികാരിയാണ്. നമുക്കു ബഹുമാനത്തോടെ തുടങ്ങാം. നടപടി കോടതി പരിശോധിക്കണമോയെന്നതു പിന്നീടു തീരുമാനിക്കാം.

പി.ചിദംബരം: ആംഗ്ലോ ഇന്ത്യൻ ‍പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ അനുവദിക്കരുതെന്നാണ് എന്റെ ആവശ്യം.

ബെഞ്ച്: അത് ഞങ്ങളുടെ മനസ്സിലുള്ള കാര്യമാണ്. വേണ്ടതു ചെ‌യ്യാം.

തുടർന്ന്, 11.35ന് കോടതി ഉത്തരവ് പറയുന്നതിലേക്കു കടന്നു. രഹസ്യ വോട്ടെടുപ്പു വേണമെന്നു വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ലെന്നു കോടതി വാക്കാൽ വ്യക്തമാക്കി.

related stories