Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മുവിൽ പാക്ക് പീരങ്കിയാക്രമണം: സൈനികനും 4 നാട്ടുകാരും മരിച്ചു

Kashmir-Pak-Shelling അതിർത്തിയിൽ പാക് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻ സീതാറാം ഉപാധ്യായയുടെ മൃതദേഹം ജമ്മുവിലെ ബിഎസ്എഫ് ആസ്ഥാനത്ത് എത്തിച്ചപ്പോൾ. ചിത്രം: പിടിഐ

ശ്രീനഗർ∙ ജമ്മുവിലെ സൈനിക പോസ്റ്റുകൾക്കും അതിർത്തി ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ നടത്തിയ കനത്ത പീരങ്കിയാക്രമണത്തിൽ നാലു നാട്ടുകാരും അതിർത്തി രക്ഷാസേന(ബിഎസ്എഫ്)യിലെ ഒരു ഭടനും കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു–കശ്മീർ സന്ദർശനത്തിന് ഒരു ദിവസം മുൻപാണു പാക്ക് ആക്രമണം. ജാർഖണ്ഡിൽ നിന്നുള്ള കോൺസ്റ്റബിൾ സീതാറാം ഉപാധ്യായ(28)യാണു വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാൻ.

മരിച്ച നാട്ടുകാരിൽ ദമ്പതികളും ഉൾപ്പെടുന്നു. ഗുരുതരമായി പരുക്കേറ്റ സീതാറാം ഉപാധ്യായയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിക്കായിരുന്നു അന്ത്യം. പാക്കിസ്ഥാന്റെ ആക്രമണത്തെ തുടർന്ന് അതിർത്തിരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചതായി ഇൻസ്പെക്ടർ ജനറൽ റാം അവതാർ അറിയിച്ചു.

ജമ്മുവിലെ രാജ്യാന്തര അതിർത്തിയിൽ ആർഎസ് പുര, അർണിയ, ബിഷ്ണ സെക്ടറുകളിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെ തുടങ്ങിയ പാക്ക് ആക്രമണം മണിക്കൂറുകൾ നീണ്ടു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ വെടിവയ്പുണ്ടായ കഠ്‌വ, സാംബ ജില്ലകളിലെ അതിർത്തി ഇന്നലെ ശാന്തമായിരുന്നു. ആർഎസ് പുരയിൽ പാക്ക് ആക്രമണം തുടരുന്നതിനിടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ സുരക്ഷാഭീഷണിയുള്ള നാട്ടുകാരെ താൽക്കാലിക അഭയകേന്ദ്രത്തിലേക്കു മാറ്റിത്തുടങ്ങി.