Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് മിണ്ടാതെ മടങ്ങി, ഇന്ന് രാഷ്ട്രപതിയായി ഉജ്വലവരവേൽപ്

Ramnath Kovind രാഷ്ട്രപതി റാംനാഥ് കോവിന്ദ്

ഷിംല∙ ഇന്ന്, മഷോബ്രയിലെ വേനൽക്കാലവസതിയുടെ കവാടം കടക്കുമ്പോൾ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ മനസ്സിലേക്ക് ഓർമകൾ ഓടിയെത്തിയേക്കാം. കഴിഞ്ഞ വർഷം ബിഹാർ ഗവർണറായിരുന്നപ്പോൾ, ഇവിടെയെത്തിയ കോവിന്ദിനും കുടുംബത്തിനും പ്രവേശനാനുമനുമതി നിഷേധിച്ചു തിരിച്ചയച്ച അതേ കൊട്ടാരത്തിലേക്കാണു രാഷ്ട്രത്തിന്റെ പ്രഥമപൗരനായി അദ്ദേഹത്തിന്റെ വരവ്.

കഴിഞ്ഞ വർഷം ജൂണിൽ, ഹിമാചൽ ഗവർണർ ആചാര്യ ദേവവ്രതിന്റെ അതിഥിയായി ഷിംല സന്ദർശിച്ചപ്പോഴാണു മഷോബ്രയിലെ ചരിത്രവസതി കാണാൻ അന്നു ബിഹാർ ഗവർണറായിരുന്ന റാം നാഥ് കോവിന്ദ് എത്തിയത്. കോവിന്ദ് ഔദ്യോഗിക വാഹനത്തിലും കുടുംബാംഗങ്ങൾ മറ്റൊരു വാഹനത്തിലും. വസതിയിലെ ജീവനക്കാർ പക്ഷേ തടഞ്ഞു. രാഷ്ട്രപതിയുടെ ഓഫിസിൽനിന്ന് അനുവാദം വാങ്ങിയാൽ മാത്രമേ പ്രവേശനം അനുവദിക്കാൻ വ്യവസ്ഥയുള്ളൂ എന്നുപറ‌ഞ്ഞു തിരിച്ചയച്ചു. ബഹളമൊന്നുമുണ്ടാക്കാതെ കോവിന്ദ് അന്നു മടങ്ങിപ്പോരുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് അന്നത്തെ രാഷ്ട്രപതി അറിഞ്ഞതു പിന്നീടുമാത്രം.

ഇന്നു മുതൽ മൂന്നു ദിവസമാണു മഷോബ്രയിലെ വേനൽക്കാലവസതിയിൽ രാഷ്ട്രപതി കോവിന്ദ് തങ്ങുന്നത്. നൗനിയിലെ ഡോ. യശ്വന്ത് സിങ് പാർമർ യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങിലും പങ്കെടുക്കും.

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതികൾ

രാഷ്ട്രപതി ഭവൻ കൂടാതെ രാജ്യത്തിന്റെ വടക്കും തെക്കും രണ്ട് ഔദ്യോഗിക വസതികൾ കൂടി രാഷ്ട്രപതിക്കുണ്ട്– മഷോബ്രയിലെ വേനൽക്കാല വസതിയും സെക്കന്ദരാബാദിലെ ശൈത്യകാല വസതിയും. ഷിംലയിലെ വേനൽക്കാല വസതിയായ റിട്രീറ്റ് ബിൽഡിങ് പൂർണമായി തടിയിൽ തീർത്ത 10,628 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടമാണ്. 1850ൽ അന്നത്തെ ഗവർണർ ഡെൽഹൗസിയാണ് പണിതീർത്തത്.