Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15,200 കോടി കിട്ടാക്കടം; നടുവൊടിഞ്ഞ് പിഎൻബി

PNB-Punjab-National-Bank

ന്യൂഡൽഹി ∙ പ‍ഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) വൻകിടക്കാരിൽനിന്നുള്ള കിട്ടാക്കടം 15,199.57 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദമായ ജനുവരി – മാർച്ചിൽ 13,400 കോടി രൂപയായിരുന്നു വൻകിട കിട്ടാക്കടം. പുതിയ സാമ്പത്തികവർഷത്തിന്റെ ആദ്യമാസത്തിൽ തന്നെ ഇത് കുത്തനെ വർധിച്ചു.

25 ലക്ഷം രൂപയ്ക്കു മുകളിൽ വായ്പയെടുത്തു തിരിച്ചടയ്ക്കാത്തവരുടെ ആകെത്തുകയാണ് വൻകിട കിട്ടാക്കടമായി കണക്കാക്കിയിട്ടുള്ളത്. നീരവ് മോദിയും പങ്കാളികളും ചേർന്ന് 14,357 കോടി രൂപയാണു വെട്ടിച്ചത്. പ്രധാന കുടിശ്ശികക്കാരിൽ കുഡോസ് കെമി എന്ന സ്ഥാപനമാണു മുന്നിൽ – 1301.82 കോടി രൂപ. കിങ്ഫിഷർ എയർലൈൻസ് 597.44 കോടി അടയ്ക്കാനുണ്ട്. ജനുവരി – മാ‍ർച്ചിൽ 13,416.91 കോടി രൂപയാണ് പിഎൻബിയുടെ നഷ്ടം. ഇതിനിടെ, നീരവ് മോദി തട്ടിപ്പു സംബന്ധിച്ച അന്വേഷണങ്ങളുടെ വിവരങ്ങൾ പുറത്തുവിടാൻ പിഎൻബി വിസമ്മതിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ ബാങ്ക് നിരസിക്കുകയായിരുന്നു.

കേസന്വേഷണം നടക്കുന്നതിലാണു വിവരങ്ങൾ നൽകാനാവാത്തതത്രേ. പിഎൻബിക്കും ഗീതാഞ്ജലി ജെംസിനുമെതിരെ ശിക്ഷണനടപടി സ്വീകരിക്കുന്ന കാര്യം സെബി ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. തട്ടിപ്പു സംബന്ധിച്ച വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കു നൽകുന്നതിൽ താമസം വരുത്തുന്നതിനെതിരെ സെബി കഴിഞ്ഞദിവസം പിഎൻബിക്കു നോട്ടിസ് നൽകി.