Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക: സ്പീക്കർ പദവി കോൺ‍ഗ്രസിന്

Kumaraswamy with Congress leaders എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വസതിയിൽ സന്ദർശിച്ചപ്പോൾ. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സമീപം.

ന്യൂഡൽഹി∙ കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ സ്പീക്കർ പദവിയും കോൺഗ്രസിന്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജനതാദൾ (എസ്) നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി ഇക്കാര്യം സമ്മതിച്ചു. സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തി സ്പീക്കറെ രാഹുൽ തീരുമാനിക്കും. മന്ത്രിമാരുടെ എണ്ണം, ഉപമുഖ്യമന്ത്രി പദം എന്നിവ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്തിയ ഇരുകക്ഷികളും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ബെംഗളൂരുവിൽ ചേരുന്ന സഖ്യകക്ഷി യോഗത്തിനു വിട്ടു. ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു പൊതു മിനിമം പരിപാടി രൂപീകരിക്കാൻ ധാരണയായി.

നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള കുമാരസ്വാമിയുടെ ക്ഷണം സോണിയയും രാഹുലും സ്വീകരിച്ചു. തുഗ്ലക് റോഡിലുള്ള രാഹുലിന്റെ വസതിയിൽ വൈകിട്ട് ഏഴു മണിയോടെയെത്തിയ കുമാരസ്വാമി സോണിയയുടെ കാലി‍ൽ തൊട്ടു വണങ്ങി അനുഗ്രഹം തേടി. സഖ്യത്തിലെ വലിയ കക്ഷിയായിട്ടും മുഖ്യമന്ത്രിസ്ഥാനം തനിക്കു നൽകിയ കോൺഗ്രസിനോടുള്ള നന്ദി അറിയിച്ചു. മുഖ്യമന്ത്രി പദവിയിൽ ഏകാധിപതിയായി പ്രവർത്തിക്കില്ലെന്നും എല്ലാ കാര്യങ്ങളിലും കോൺഗ്രസിന്റെ ഉപദേശം സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കർണാടകയിൽ ആരംഭിച്ച കൂട്ടുകെട്ട് ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ദീർഘകാല ബന്ധമായി വളർത്താൻ ഇരുകൂട്ടരും ധാരണയിലെത്തി. മുൻപുണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറക്കും; ബിജെപിക്കെതിരായ മുന്നണിയിൽ ഒറ്റക്കെട്ടായി അണിനിരക്കും. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ജനതാദൾ നേതാവ് ഡാനിഷ് അലിയും പങ്കെടുത്തു.

കർണാടകയിൽ കോൺഗ്രസ് നീക്കങ്ങൾക്കു ചുക്കാൻപിടിച്ച മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, കെ.സി.വേണുഗോപാൽ, അശോക് ഗെലോട്ട് എന്നിവരുമായി സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശകലനം ചെയ്തശേഷമാണു കുമാരസ്വാമിയുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയത്. വൈകിട്ടു നാലരയോടെ ഡൽഹിയിലെത്തിയ കുമാരസ്വാമി ആദ്യം പോയതു ബിഎസ്പി നേതാവ് മായാവതിയുടെ വസതിയിലേക്കാണ്. കർണാടകയിൽ സഖ്യകക്ഷിയായി ഒപ്പം നിന്ന ബിഎസ്പിയോടുള്ള നന്ദി അദ്ദേഹം അറിയിച്ചു. പൂക്കളും പഴങ്ങളും അദ്ദേഹം മായാവതിക്കു സമ്മാനമായി നൽകി.

കൂടിക്കാഴ്ച ഊഷ്മളം

'കുമാരസ്വാമിയുമായി ഊഷ്മള കൂടിക്കാഴ്ച നടത്തി. കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ചചെയ്തു. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും'. - രാഹുൽ ഗാന്ധി (കോൺഗ്രസ് അധ്യക്ഷൻ) 

related stories