Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎമാരെ പൂട്ടിയിട്ടില്ലെങ്കിൽ കർണാടക മാറിയേനെ: അമിത് ഷാ

Amit Shah

ന്യൂഡൽഹി ∙ കോൺഗ്രസ്, ജനതാദൾ എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പൂട്ടിയിട്ടു സൂക്ഷിച്ചിരുന്നില്ലെങ്കിൽ കർണാടക നിയമസഭയിലെ വിശ്വാസവോട്ടിന്റെ ഗതി മറ്റൊന്നാകുമായിരുന്നുവെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. പാർട്ടി ആസ്ഥാനത്ത്, കർണാടകഫലത്തെക്കുറിച്ച് നടത്തിയ ആദ്യ സമ്പൂർണ മാധ്യമസമ്മേളനത്തിൽ ബിജെപി അധ്യക്ഷൻ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു.

‘ഇന്ദിരാഗാന്ധിയുടെ കാലം വരെ 50 തവണ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ട പാർട്ടിയാണു ബിജെപിയെ ജനാധിപത്യ മര്യാദ ഉപദേശിക്കുന്നത്. കേരള സർക്കാരിനെ പിരിച്ചുവിട്ടു ജവാഹർലാൽ നെഹ്‍റുവാണു ഭരണഘടനയുടെ 356–ാം വകുപ്പ് പ്രയോഗിച്ചുതുടങ്ങിയത്. പല ദോഷങ്ങളുണ്ടായെങ്കിലും കർണാടക തിരഞ്ഞെടുപ്പു കൊണ്ട് ഒരു ഗുണമുണ്ടായി. സുപ്രീം കോടതിയും തിരഞ്ഞെടുപ്പു കമ്മിഷനും ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കോൺഗ്രസ് ബഹുമാനിച്ചുതുടങ്ങി – ഷാ പറഞ്ഞു.

കോൺഗ്രസിനെതിരായ ജനവിധി 

ജനവിധി വ്യക്തമായും കോൺഗ്രസിനെതിരായിരുന്നു. അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഒരു സീറ്റിൽ ദയനീയമായി തോറ്റു. മന്ത്രിമാരിൽ പലരും തോറ്റു. 104 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതു ബിജെപിയാണ്. 40 സീറ്റിൽനിന്നു 104 സീറ്റിലേക്കായിരുന്നു ഞ‌ങ്ങളുടെ കുതിപ്പ്. ബെംഗളൂരു മേഖലയിലെ ആറു സീറ്റുകൾ കഷ്ടിച്ചാണു നഷ്ടമായത്: നോട്ടയെക്കാൾ കുറഞ്ഞ വോട്ടിന്. കോൺഗ്രസി‌നു കഴിഞ്ഞ ഭരണകാലത്തുണ്ടായിരുന്നതു 122 സീറ്റ്. ഇത്തവണ കിട്ടിയത് 78. 

ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാരുണ്ടാക്കാൻ ശ്രമിച്ചതോ?

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപിക്ക് അനുകൂലമായി ജന‌വിധി വ്യക്തമായിരുന്നതു കൊണ്ട്. ഗോവയി‌ലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസ് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചിരുന്നില്ല. കർണാടകയിൽ ഭൂ‌‌രിപക്ഷത്തിനു വേണ്ട മാന്ത്രികസംഖ്യയ്ക്കടുത്തെ‌ത്തിയതു ഞങ്ങളായിരുന്നു.

ബദ്ധവൈരികളായ കോൺഗ്രസും ജനതാദൾ–എസും ചേർന്നുണ്ടാക്കിയിരിക്കുന്നത് അവിശുദ്ധ കൂട്ടുകെട്ടാണ്. ആഭ്യന്തര വൈരുധ്യങ്ങൾ കാരണം അതു തകരും. അവർ എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പൂട്ടിയിട്ടിരുന്നില്ലെങ്കിൽ സ്‌ഥിതി മറ്റൊന്നാകുമായിരുന്നു (ഇതിനിടെ മാധ്യമസംഘത്തിൽ ചിരിയുയരുന്നത് അമിത് ഷാ തിരിച്ചറിയുന്നു). എംഎൽഎമാരെ ജനങ്ങളുമായി ഇടപഴകാൻ അനുവദിക്കേണ്ടിയിരുന്നു. ജന‌ങ്ങൾ അവർക്കു സദ്ബുദ്ധി ഉപദേശിച്ചു കൊടുക്കുമായിരുന്നു. അങ്ങനെ വോട്ടെടുപ്പു ഫലം മറ്റൊന്നാകുമായിരുന്നു. പണംകൊണ്ടുള്ള കളിയായിരുന്നു പ്രതിപക്ഷത്തിന്റേത്. (മുൻ) മുഖ്യമന്ത്രി മ‌ത്സരിച്ച ഒരു മണ്ഡലത്തിൽ ചെലവഴിച്ചതു 10 മണ്ഡലത്തിൽ മ‌ത്സരിക്കാൻ വേണ്ടതിലേറെ പണമാണ്.

2014നു ശേഷം ബിജെപി ഒൻപതു ലോക്സഭാ ഉപതിരഞ്ഞെടുപ്പു തോറ്റെന്നാണു കോൺഗ്രസിന്റെ വാദം. അപ്പോൾ ഇക്കാലത്തു 14 സംസ്ഥാനങ്ങ‌ളിൽ ജയിച്ചു ഭരണത്തിലെത്തിയതോ? ഞങ്ങൾ 2019ലെ തിരഞ്ഞെടുപ്പും ജയിക്കും. 2014ലും പ്രതിപക്ഷം ഞങ്ങൾ‌ക്കെ‌തിരായിരുന്നു. എന്നും അവർ ഒരുപക്ഷം, ഞങ്ങൾ മറുപക്ഷം. അടുത്ത ലോക്സഭാ തിര‌ഞ്ഞെടുപ്പും ബിജെപി ജയിക്കും. ദക്ഷിണേന്ത്യ കീഴടക്കിത്തുടങ്ങിയ മോദി രഥത്തെ ആരും തടയില്ല. 

related stories