Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ സർവീസ് അട്ടിമറിക്കാൻ ശ്രമം; ഗുരുതര ആരോപണവുമായി രാഹുൽ

Rahul-Gandhi

ന്യൂഡൽഹി∙ സിവിൽ സർവീസ് നിയമനങ്ങളിൽ ആർഎസ്എസ്സിനു താൽപര്യമുള്ളവരെ തിരുകിക്കയറ്റാൻ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമുയർത്തി, നരേന്ദ്ര മോദിക്കെതിരെ പുതിയ പോർമുഖം തുറന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിവിൽ സർവീസ് മെറിറ്റ് പട്ടികയുടെ അടിസ്ഥാനത്തിൽ കേഡർ, സർവീസ് നിയമനങ്ങൾ നടത്തുന്ന നിലവിലെ രീതി ഭേദഗതി ചെയ്യുന്നതു പരിശോധിക്കാൻ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ശുപാർശയടങ്ങുന്ന പഴ്സനേൽ മന്ത്രാലയത്തിന്റെ കത്ത് പുറത്തുവിട്ടാണു രാഹുൽ മോദിയെ കടന്നാക്രമിച്ചത്. 

കേന്ദ്ര നീക്കം ഇങ്ങനെ

സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക്, അഭിമുഖത്തിൽ ലഭിക്കുന്ന മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണു നിലവിൽ ഉദ്യോഗാർഥിയുടെ കേഡർ, സർവീസ് നിയമനം നിശ്ചയിക്കുന്നത്. ഇതിനു ശേഷമാണ് ഇവർ ഫൗണ്ടേഷൻ കോഴ്സിനു ചേരുന്നത്. കോഴ്സിൽ ഉദ്യോഗാർഥിയുടെ പ്രകടനം കൂടി കണക്കിലെടുത്ത്, പരീക്ഷ–അഭിമുഖം–കോഴ്സ് എന്നിവയുടെ ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം എന്ന ഭേദഗതിയാണു കേന്ദ്രം പരിഗണിക്കുന്നത്. 

രാഹുലിന്റെ ട്വീറ്റ്

‘വിദ്യാർഥികളെ ഉണരൂ, നിങ്ങളുടെ ഭാവി ഭീഷണിയിലാണ്! നിങ്ങൾക്ക് അവകാശപ്പെട്ടത് ആർഎസ്എസ്സിനു വേണം. കേന്ദ്ര സർവീസുകളിൽ ആർഎസ്എസ്സിനു താൽപര്യമുള്ളവരെ നിയമിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി വെളിച്ചത്തുകൊണ്ടുവരുന്ന കത്താണ് ഇതോടൊപ്പമുള്ളത് (ട്വീറ്റിനൊപ്പം ചേർത്തിരിക്കുന്ന പഴ്സനേൽ മന്ത്രാലയത്തിന്റെ കത്ത്). പരീക്ഷയിലെ റാങ്കിനു പകരം സ്വന്തം ഇഷ്ടമനുസരിച്ചുള്ള മാനദണ്ഡങ്ങൾ പ്രകാരം മെറിറ്റ് പട്ടിക അട്ടിമറിക്കാനാണു ശ്രമം’. ‘ബൈ ബൈ യുപിഎസ്‌സി’ എന്ന ഹാഷ്ടാഗ് ചേർത്താണു രാഹുലിന്റെ ട്വിറ്റർ കുറിപ്പ്. 

ട്വീറ്റിലെ വിഷയം

പഴ്സനേൽ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിജയ്കുമാർ സിങ് വിവര സാങ്കേതിക മന്ത്രാലയം ഡപ്യൂട്ടി ഡയറക്ടർ ജനറൽ അഭയ്കുമാർ സിങ്ങിനു കഴിഞ്ഞ 17ന് അയച്ച കത്താണു രാഹുൽ പുറത്തുവിട്ടത്. അതിൽ പറയുന്നതിങ്ങനെ: സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് കേഡർ, സർവീസ് നിശ്ചയിക്കുന്ന നിലവിലെ രീതിയിൽ ഈ വർഷം മുതൽ മാറ്റം വരുത്താൻ താൽപര്യപ്പെട്ടു പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ശുപാർശ മുന്നോട്ടുവച്ചിട്ടുണ്ട്. കേഡർ, സർവീസ് നിയമനം ഫൗണ്ടേഷൻ കോഴ്സിനുശേഷം തീരുമാനിക്കുന്നതിലെ സാധ്യത പരിശോധിക്കാനാണു ശുപാർശ. പരീക്ഷയിലും ഫൗണ്ടേഷൻ കോഴ്സിലെ പ്രകടനത്തിന്റെയും കൂടി അടിസ്ഥാനത്തിലാകണം നിയമനം. ഇക്കാര്യത്തിൽ സർവീസ് ചട്ടങ്ങൾ പരിശോധിച്ച് ഒരാഴ്ചയ്ക്കകം മറുപടി നൽകാനും പഴ്സനേൽ മന്ത്രാലയം ആവശ്യപ്പെടുന്നു. 

ട്വീറ്റിലെ രാഷ്ട്രീയം

കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ അഴിമതിക്കാരനായി ചിത്രീകരിച്ച രാഹുൽ, അദ്ദേഹത്തെ നേരിട്ടാക്രമിച്ചു വീണ്ടും രംഗത്തെത്തിയതോടെ വിഷയം കോൺഗ്രസ്–ബിജെപി രാഷ്ട്രീയ പോരിനു വഴിവയ്ക്കും. വിഷയത്തെ പ്രതിരോധിക്കാൻ ബിജെപി നിരത്തുന്ന വാദങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗിക്കുകയാണു കോൺഗ്രസിന്റെ തന്ത്രം. 

related stories