Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരക്കുറിപ്പുകളിലൊന്നിച്ച് ഐഎസ്ഐ, റോ മുൻമേധാവികൾ

a-s-dulat-asad-durrani ഐഎസ്ഐ മുൻ മേധാവി ലഫ്. ജനറൽ അസദ് ദുറാനി, റോ മുൻ മേധാവി അമർജിത് സിങ് ദുലത്. ചിത്രം – ട്വിറ്റർ

ന്യൂഡൽഹി∙ ശത്രുരാജ്യങ്ങൾ, ചാരസംഘടനകൾ, സമാധാനം എന്ന മിഥ്യ... ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മുൻ ചാരമേധാവികൾ ഒരുമിച്ച് ഉള്ളുതുറക്കുന്ന വേറിട്ട പുസ്തകം പേജു മറിക്കുന്നത് അറിയപ്പെടാത്ത കഥകളിലേക്ക്. ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) മുൻ മേധാവി ജനറൽ അസദ് ദുറാനിയും റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവി അമർജിത് സിങ് ദുലത്തും ചേർന്നെഴുതിയ ‘ദ് സ്പൈ ക്രോണിക്കിൾസ്’ ആണു ചർച്ചയാകുന്നത്.

ഐഎസ്ഐയുടെ മുൻ മേധാവിയുടെ മകൻ കൊച്ചിയിൽ ജോലി ചെയ്തിരുന്നെന്നും അൽ ഖായ്ദ നേതാവ് ഉസാമ ബിൻ ലാദൻ വധിക്കപ്പെടുന്നതിനു രണ്ടു ദിവസം മുൻപു പാക്ക് സേനാമേധാവി കയാനി യുഎസ് അധികൃതരുമായി രഹസ്യചർച്ച നടത്തിയെന്നതും ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണു പുസ്തകത്തിൽ. ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ചും കുൽഭൂഷൺ യാദവ്, നവാസ് ഷരീഫ്, ഹാഫിസ് സയീദ് തുടങ്ങിയവരുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി വിവരിക്കുന്നുണ്ട്. ദുറാനിയും ദുലത്തും തമ്മിലുള്ള സംഭാഷണരൂപത്തിലാണു പുസ്തക രൂപകല്പന. മാധ്യമപ്രവർത്തകൻ ആദിത്യ സിൻഹയുടേതാണ് എഴുത്ത്. പാക്കിസ്ഥാനിലോ ഇന്ത്യയിലോ കാണാതെ ഇസ്തംബുൾ, ബാങ്കോക്ക്, കഠ്മണ്ഡു എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ചകൾ.

ദുറാനിയുടെ മകൻ ഉസ്മാൻ ദുറാനി ഒരു ജർമൻ കമ്പനിയിൽ ജോലിക്കായി 2015 മേയിലാണു കൊച്ചിയിലെത്തിയത്. ‘എക്സിറ്റ്’ അടിച്ചപ്പോൾ, കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തത് മുംബൈ വഴിക്കുള്ള വിമാനത്തിൽ. വന്നവഴി തിരിച്ചു പോകണമെന്ന ചട്ടം ലംഘിച്ചു മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവള അധികൃതർ പിടിച്ചുവച്ചതിനെത്തുടർന്ന് അസദ് ദുറാനി, ദുലത്തിനെ വിളിച്ചു സഹായം അഭ്യർഥിച്ചു പ്രശ്നം പരിഹരിക്കുകയായിരുന്നു. ഉസ്മാൻ ജർമനി വഴി പാക്കിസ്ഥാനിൽ സുരക്ഷിതനായെത്തി.

ലാദനെ തിര‍ഞ്ഞ് യുഎസ് ഹെലികോപ്ടറുകൾ രാജ്യത്തു പ്രവേശിച്ചത് പാക്ക് അധികൃതർ അറിയാതിരിക്കുമോയെന്ന വിഷയം പുസ്തകത്തിൽ ദുറാനി വിശദമായി ചർച്ച ചെയ്യുന്നുണ്ട്. കയാനി യുഎസിൽനിന്നു പണം കൈപ്പറ്റിയാണ് ലാദന്റെ ഒളിത്താവളത്തെക്കുറിച്ചു വിവരം കൈമാറിയതെങ്കിൽ, തന്റെ വിദ്യാർഥിയായിരുന്ന കയാനിക്കെതിരെ രംഗത്തുവരുമെന്നും ദുറാനി പറയുന്നുണ്ട്.