Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വരം മാറ്റി കാരാട്ട്; കർണാടകയിൽ ‘തോറ്റത് ’ ബിജെപി തന്നെ

prakash-karat-3

ന്യൂഡൽഹി∙ ബിജെപിക്കു രാജ്യവ്യാപകമായുള്ള ശക്തി കുറച്ചുകാണുന്നതു പിഴവായിരിക്കുമെന്നും തിരഞ്ഞെടുപ്പുകാലത്തെ തന്ത്രങ്ങൾകൊണ്ടു മാത്രം അവരെ പരാജയപ്പെടുത്താനാവില്ലെന്നും സിപിഎം. കർണാടകയിൽ ബിജെപിയെ തടയാൻ ജെഡിഎസ്– കോൺഗ്രസ് സഖ്യത്തിനു സാധിച്ച പശ്ചാത്തലത്തിൽ‍, 2019 ൽ പ്രതിപക്ഷ െഎക്യത്തിലൂടെ ബിജെപിയെ നേരിടാമെന്ന ചർ‍ച്ചകൾ വീണ്ടും തുടങ്ങിയിരിക്കുന്നുവെന്നും സിപിഎം വിലയിരുത്തുന്നു.

മാറുന്ന മുഖപ്രസംഗങ്ങൾ

∙ പാർട്ടി മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’യുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗമാണ് കർണാടകയുടെ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന സാധ്യതകൾ പരിശോധിക്കുന്നത്. കഴിഞ്ഞ ലക്കത്തിലെ മുഖപ്രസംഗത്തിൽ കർണാടകയിൽ കോൺഗ്രസിനു വലിയ തിരിച്ചടിയാണുണ്ടായതെന്നു വിലയിരുത്തിയതിനെ കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. 

വർഗീയ രാഷ്ട്രീയമുൾപ്പെടെയുള്ള വളഞ്ഞവഴികളിലൂടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് കർണാടകയിൽ വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചെന്നാണ് പ്രകാശ് കാരാട്ട് കഴിഞ്ഞയാഴ്ച വാദിച്ചത്. എന്നാൽ, പുതിയ മുഖപ്രസംഗം തുടങ്ങുന്നതുതന്നെ കർണാടകയിൽ ഏറ്റ പരാജയത്തിന്റെ നിഴലിലാണ് മോദി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നതെന്നു പറഞ്ഞാണ്.

കർണാടകയ്ക്കുശേഷം മുഖപ്രസംഗത്തിലൂടെ കാരാട്ട് മുന്നോട്ടുവയ്ക്കുന്ന വിലയിരുത്തൽ ഇങ്ങനെ:

∙ സമഗ്രാധിപത്യം സാധ്യമാക്കാൻ മോദി– ഷാ കൂട്ടുകെട്ട് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും അട്ടിമറിക്കുകയാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു തുരങ്കംവയ്ക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ജനത്തിനു മനസ്സിലാവുന്നു. 

∙ കഴിഞ്ഞ വർഷത്തെ ഗുജറാത്ത് ഫലവും ഇപ്പോൾ കർണാടകയും ബിജെപിയുടെ ബലഹീനതകൾ തുറന്നുകാട്ടുന്നു. കർണാടകയിൽ അവർ വലിയ ഒറ്റക്കക്ഷിയായപ്പോൾ 36.2% വോട്ടാണു ലഭിച്ചത്; എന്നാൽ, കോൺഗ്രസിന് 38% ലഭിച്ചു. 

∙ സാമൂഹിക, സാമ്പത്തിക വിഷയങ്ങളിലുള്ള സമരങ്ങളാണ് ബിജെപി നേടിയ പിന്തുണ കുറയ്ക്കാൻ സഹായിക്കുന്നത്. തൊഴിലെടുക്കുന്ന ജനങ്ങളുടെ ശക്തമായ സമരങ്ങളും വർഗീയ ശക്തികൾക്കെതിരായ ഒത്തുചേരലും വേണം. അത്തരം സമരങ്ങളെ ഇടത്, ജനാധിപത്യ ശക്തികളുടെ ബദൽ പരിപാടിയിലേക്ക് തിരിച്ചുവിടാനാവും. 

∙ ശ്രമങ്ങൾ വിജയിച്ചാൽ ഓരോ സംസ്ഥാനത്തും ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഒന്നിപ്പിക്കാൻ സഹായകമായ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ സാധ്യമാവും.