Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ പീരങ്കി ആക്രമണം തുടരുന്നു; അഞ്ചു മരണം കൂടി

pak-firing-child-death ഹൃദയം തകർത്ത്: അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ പീരങ്കി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ അമ്മ ചമ്പാദേവി കശ്മീരിലെ സാംബ ആശുപത്രിയിൽ പരുക്കുകളോടെ. ചിത്രം: പിടിഐ

ജമ്മു ∙ അതിർത്തിയിലും നിയന്ത്രണ രേഖയിലും തുടർച്ചയായ ഒൻപതാം ദിവസവും പാക്കിസ്ഥാൻ പീരങ്കി ആക്രമണം തുടർന്നു. അഞ്ചു നാട്ടുകാർ മരിച്ചു, 20 പേർക്കു പരുക്കേറ്റു. ആക്രമണം ഭയന്ന് 76,000 പേർ നാടുവിട്ടതോടെ 100 ഗ്രാമങ്ങൾ വിജനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്നു ദിവസത്തേക്ക് അടച്ചു. ജമ്മു, കഠ്‌വ, സാംബ ജില്ലകളിലെ രാജ്യാന്തര അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗ്രാമങ്ങളുടെയും ഇന്ത്യൻ സൈനിക പോസ്റ്റുകളുടെയും നേരെയാണ് ഇന്നലെയും പാക്കിസ്ഥാൻ പീരങ്കി ആക്രമണം നടത്തിയത്.

സാംബയിൽ രണ്ടു പേരും ജമ്മുവിലെ ആർഎസ് പുരയിലും കഠ്‌വയിലെ ഹിരാനഗറിലും ഓരോരുത്തരും മരിച്ചു. ഇതേത്തുടർന്ന് അതിർത്തി ഗ്രാമങ്ങളിലെയും അർ‌ണിയ പട്ടണത്തിലെയും മിക്ക താമസക്കാരും നാടുവിടുകയായിരുന്നു. 18,500 പേർ താമസിച്ചിരുന്ന അർണിയ ഏറക്കുറെ വിജനമായതായി ജമ്മു എഡിഎം: അരുൺ മൻഹാസ് പറഞ്ഞു.

രാജ്യാന്തര അതിർത്തിയിൽ നിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലെയാണ് ഈ പട്ടണം. ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ ഈവർ‌ഷം ഇതുവരെ എഴുനൂറിലേറെത്തവണ പീരങ്കി ആക്രമണം നടത്തി. 18 സുരക്ഷാ ഭടന്മാർ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്കു പരുക്കേറ്റു.‌

ഇതിനിടെ, അനന്തനാഗ് ജില്ലയിൽ ഭീകരർ നടത്തിയ കൈബോംബ് ആക്രമണത്തിൽ 12 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ 10 പേർക്കു പരുക്കേറ്റു. ഗൗരിവാൻ ചൗക്കിൽ റോന്തുചുറ്റിയ ഭടന്മാർക്കുനേരെയാണു ഭീകരർ കൈബോംബ് എറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ നാലുപേരെ ശ്രീനഗറിലെ ആശുപത്രിയിലേക്കു മാറ്റി.