Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനങ്ങളുടെ ഭാവിക്ക് ബിജെപിയെ പുറത്താക്കണം : യച്ചൂരി

Sitaram-Yechuri

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാർ ജനവിരുദ്ധം മാത്രമല്ല ഭരണഘടനാ വിരുദ്ധവുമെന്നാണ് നാലു വർഷത്തെ അനുഭവം വ്യക്തമാക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മോദി സർക്കാരിനെ പുറത്താക്കിയാൽ മാത്രമേ രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവി സംരക്ഷിക്കാനാവൂ. ജനങ്ങൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി സർക്കാർ ലംഘിച്ചെന്നും സർക്കാരിന്റെ നാലാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിലെഴുതിയ ലേഖനത്തിൽ യച്ചൂരി ആരോപിച്ചു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമിളക്കുന്ന നടപടികളായിരുന്നു നോട്ട് നിരോധനവും ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കലും. ജിഎസ്ടിയും അതു നടപ്പാക്കിയ രീതിയും ഇന്ത്യയിലെ ചെറുകിട, നാമമാത്ര, ഇടത്തരം സംരംഭങ്ങളെ നിശ്ചലമാക്കി. ചില്ലറ വ്യാപാര മേഖലയിൽ പിൻവാതിലിലൂടെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചു. ഇന്ത്യയുടെ ആഭ്യന്തര വ്യാപാരം ബഹുരാഷ്ട്ര കുത്തകകളുടെ കൈകളിലായി.

കാർഷിക മേഖലയിലെ പ്രതിസന്ധി നാൾക്കുനാൾ വർധിക്കുകയാണ്. സർക്കാർ വാഗ്ദാനം ചെയ്ത താങ്ങുവില കർഷകർക്കു ലഭ്യമാക്കിയില്ല, കടം എഴുതിത്തള്ളുമെന്ന വാഗ്ദാനവും പാലിച്ചില്ല. എന്തു കഴിക്കണം, എന്തു ധരിക്കണം, ആരുമായി സൗഹൃദമുണ്ടാക്കണം എന്നതൊക്കെ ഗോരക്ഷകരും റോമിയോ വിരുദ്ധ സ്ക്വാഡുകളും തീരുമാനിക്കുന്നു, രാജ്യത്തിന്റെ സവിശേഷമായ വൈവിധ്യത്തിനെതിരെയുള്ള ആക്രമണം വർഗീയ വൈറസിന്റെ വിഷയം സമൂഹത്തെ മനുഷ്യത്വരഹിതമാക്കുന്ന സ്ഥിതിയായി– ലേഖനത്തിൽ യച്ചൂരി ചൂണ്ടിക്കാട്ടി.

related stories