Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവില വീണ്ടും കൂടി; അനങ്ങാതെ സർക്കാരുകൾ

fuel-price-petrol

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ ഇടപെട്ടു വില കുറയ്ക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി, തുടർച്ചയായി പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂടി.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരുകയാണെന്നു പറയാമെങ്കിലും, നികുതിയുടെ പേരുപറഞ്ഞു പൊതുജനത്തെ പിഴിയുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നതല്ലാതെ വില കുറയ്ക്കാൻ തയാറാകുന്നില്ല. കേന്ദ്ര പെട്രോളിയം മന്ത്രി എണ്ണക്കമ്പനികളുമായി ചർച്ച നടത്തുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നലെയും നടന്നില്ല. ദീർഘകാല പരിഹാരത്തിനാണു ശ്രമമെന്ന വിശദീകരണമാണു സർക്കാർ നൽകുന്നത്. 

petrol-duty

എണ്ണക്കമ്പനികൾ ഈടാക്കുന്ന വിലയുടെ ഇരട്ടിയോളം തുകയാണു നികുതി ഇനത്തിൽ ജനം നൽകേണ്ടിവരുന്നത്.  

പെട്രോളിന് ഇന്നലത്തെ വിലയെക്കാൾ 31 പൈസയും ഡീസലിന് 21 പൈസയും ഇന്നു കൂടിയിട്ടുണ്ട്. കൊച്ചിയിലെ വില പെട്രോൾ 80.41രൂപ, ഡീസൽ 73.23 രൂപ. ഇതിൽ കേന്ദ്രം ഈടാക്കുന്ന എക്സൈസ് തീരുവ: പെട്രോൾ: 19.48 രൂപ, ഡീസൽ: 15.33 രൂപ. കേരളം ഈടാക്കുന്ന നികുതി പെട്രോളിന് 32.02% (19.31രൂപ), ഡീസലിന് 25.58% (15.40 രൂപ). ഏപ്രിൽ ഒന്നിനു തുടങ്ങിയ സാമ്പത്തിക വർഷത്തിൽ ഇതുവരെ പെട്രോൾ വില ലീറ്ററിന് 3.42 രൂപ കൂടി. ഗോവയിൽ പെട്രോളിന് 71.11 രൂപയും ഡീസലിന് 69.55 രൂപയുമായിരുന്നു ഇന്നലത്തെ വില. കേരളത്തിലെ വിലയെക്കാൾ പെട്രോളിന് 10.25 രൂപയും ഡീസലിന് 4.65 രൂപയും കുറവ്. സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന വാദം പൊളിയുന്നതിവിടെ. 

ക്രൂഡോയിൽ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചില്ലറവിൽപന വില കുറയ്ക്കാൻ കഴിയില്ലെന്ന നിലപാട് എണ്ണക്കമ്പനികൾ ആവർത്തിക്കുമ്പോൾ, കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസം വില കൂട്ടാതിരുന്നതെങ്ങനെയെന്നു ജനം അമ്പരക്കുന്നു. ഇന്ധനവില കുറയ്ക്കാൻ സർക്കാർ വൈകാതെ നടപടിയെടുക്കുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഇത് എങ്ങനെ സാധ്യമാകു‌മെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.  

പിഴിയുന്നതിൽ കേരളവും മുന്നിൽ

പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. 

മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബിൽ യഥാക്രമം 35.35%, 16.88%. കേരളത്തിൽ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്: സർക്കാരിനും ആശങ്കയുണ്ട്. ഇന്ധന വില നിയന്ത്രണത്തിനുള്ള ദീർഘകാല മാർഗങ്ങൾ പരിഗണനയിലാണ്. അതേസമയം, രാജ്യത്തു റോഡുകളും ആശുപത്രികളും നിർമിക്കാനും അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുമാണ് ഇന്ധനനികുതി ഉപയോഗിക്കുന്നത് എന്ന കാര്യം മറക്കരുത്. 

മന്ത്രി തോമസ് ഐസക്: വില ഉയരുമ്പോൾ സർക്കാരിനു ലഭിക്കുന്ന അധിക നികുതി കുറയ്ക്കുന്ന കാര്യം ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാം