Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരസേനാ സഹമേധാവിയായി ലഫ്. ജനറൽ ദേവരാജ് അൻബു

lt-gen-devraj-anbu

ന്യൂഡൽഹി ∙ കരസേനയുടെ പുതിയ സഹമേധാവിയായി ലഫ്. ജനറൽ ദേവരാജ് അൻബുവിനെ നിയമിച്ചു. വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് പദവിയിൽ അദ്ദേഹം ജൂൺ ഒന്നിനു ചുമതലയേൽക്കും. തമിഴ്നാട് സ്വദേശിയാണ്. സഹമേധാവിയും മലയാളിയുമായ ലഫ്. ജനറൽ ശരത് ചന്ദ് 31നു വിരമിക്കും. 

കശ്മീരിലെ ഉധംപുർ ആസ്ഥാനമായുള്ള വടക്കൻ സേനാ കമാൻഡ് മേധാവിയായ (ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ്) അൻബു, 1980ൽ സിഖ് ലൈറ്റ് ഇൻഫൻട്രിയിൽ ചേർന്നു. ശ്രീലങ്കയിൽ എൽടിടിഇയ്ക്കെതിരായ സൈനികനടപടിയിലും പങ്കെടുത്തു. 

നാഷനൽ ഡിഫൻസ് അക്കാദമിയിൽ ഇൻസ്ട്രക്ടർ, നമീബിയയിൽ യുഎൻ സമാധാന സേനയിൽ രാജ്യാന്തര സൈനിക നിരീക്ഷകൻ എന്നീ പദവികളും വഹിച്ചിട്ടുള്ള അദ്ദേഹം, 2016 ഡിസംബറിൽ വടക്കൻ സേനാ കമാൻഡ് മേധാവിയായി. 

സേവന മികവിനുള്ള അംഗീകാരമായി അതിവിശിഷ്ട സേവാ മെഡൽ, യുദ്ധ് സേവാ മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചു.  

വടക്കൻ സേനാ കമാൻഡിന്റെ മേധാവിയായി മുൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (ഡിജിഎംഒ) ലഫ്. ജനറൽ രൺബീർ സിങ്ങിനെ നിയമിച്ചേക്കുമെന്നാണു വിവരം. മ്യാൻമർ, പാക്ക് അധീന കശ്മീർ എന്നിവിടങ്ങളിൽ ഇന്ത്യൻ സേന മിന്നലാക്രമണങ്ങൾ നടത്തിയ വേളയിൽ ഡിജിഎംഒ ആയിരുന്നു രൺബീർ. പാക്കിസ്ഥാനുമായുള്ള അതിർത്തി മേഖലകളുടെയും കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെയും തന്ത്രപ്രധാന ചുമതല വടക്കൻ സേനാ കമാൻഡിനാണ്.  പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) മേധാവി സ്ഥാനത്തുനിന്ന് ഈ മാസമവസാനം വിരമിക്കുന്ന എസ്.ക്രിസ്റ്റഫറിന്റെ പിൻഗാമിയെ വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും. 

പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ജി.സതീഷ് റെഡ്ഡി, ബ്രഹ്മോസ് എയ്റോസ്പേസ് മേധാവി സുധീർ മിശ്ര എന്നിവരാണു സാധ്യതാ പട്ടികയിൽ. ഇതിനിടെ, ക്രിസ്റ്റഫറിന് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയേക്കുമെന്നും സൂചനയുണ്ട്.