Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുഴഞ്ഞുകയറ്റ ശ്രമം: അഞ്ചു ഭീകരരെ സൈന്യം വധിച്ചു

terrorist-watchingpolice-.jpg.image.784.410

 ശ്രീനഗർ∙ ഉത്തര കശ്മീരിൽ കുപ്‌വാര ജില്ലയിലെ തങ്ധാർ മേഖലയിൽ നിയന്ത്രണരേഖ ലംഘിച്ചു നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഭീകര സംഘത്തിലെ ശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനിക വക്താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു.

ഇതേസമയം, 2016 നവംബർ 29നു ജമ്മുവിലെ നഗ്രോത സൈനിക ക്യാംപ് ആക്രമിച്ചത് പാക്കിസ്ഥാനിൽ നിന്നെത്തിയ മൂന്നംഗ ജയ്ഷെ മുഹമ്മദ് ഭീകര സംഘമാണെന്നു സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ തലേന്ന് സാംബ അതിർത്തി കടന്നെത്തിയ ഇവരെ ക്യാംപിനു മുന്നിൽ എത്തിച്ച മുനീറുൽ ഹസൻ ഖദ്രിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഖദ്രിയെ നേരത്തേ ജമ്മു കശ്മീർ പൊലീസാണു പിടികൂടിയത്.

ക്യാംപ് ആക്രമണത്തിലെ പങ്ക് സ്ഥിരീകരിച്ചതോടെ എൻഐഎയ്ക്കു കൈമാറുകയായിരുന്നു. ആയിരത്തിലേറെ പട്ടാളക്കാരും കുടുംബാംഗങ്ങളും താമസിച്ചിരുന്ന നഗ്രോതയിൽ രണ്ട് ഓഫിസർമാർ ഉൾപ്പെടെ ഏഴു പേരാണ് വീരമ‍ൃത്യു പ്രാപിച്ചത്. ഒരു പകൽ നീണ്ട ഏറ്റുമുട്ടലിനു ശേഷം മൂന്നു ഭീകരരെയും വധിച്ചു ബന്ദികളെ മോചിപ്പിച്ചു.

ആക്രമണത്തിന് പാക്കിസ്ഥാനിൽ നിന്നു ലഭ്യമായ സഹായത്തിന്റെ വിശദാംശങ്ങളും കശ്മീരിലെ ലൊലാബ് സ്വദേശിയായ മുനീറുൽ വെളിപ്പെടുത്തി. സാംബയിൽ അതിർത്തി കടന്ന മൂന്നു ഭീകരരും അന്ന് ജമ്മുവിലെ ഹോട്ടലിൽ തങ്ങിയ ശേഷമാണു രാത്രി വൈകി നഗ്രോതയിലേക്കു തിരിച്ചത്. ഇവരെ ക്യാംപിനു മുന്നിലെത്തിച്ച ശേഷം മുനീറുൽ താഴ്‌വരയിലേക്കു രക്ഷപ്പെട്ടു.