Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽടിടിഇ കാലത്തെ ഇന്ത്യ–ലങ്ക ബന്ധം: 195 ഫയലുകൾ ബ്രിട്ടൻ നശിപ്പിച്ചു

ലണ്ടൻ ∙ ശ്രീലങ്കയിൽ തമിഴ് പുലികളും (എൽടിടിഇ) സർക്കാരുമായുള്ള ആഭ്യന്തരയുദ്ധകാലത്ത് ഇന്ത്യയുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ച സുപ്രധാന രേഖകളടങ്ങുന്ന 195 ഫയലുകൾ ബ്രിട്ടൻ നശിപ്പിച്ചതായി പരാതി. ചരിത്രത്തെ തമസ്കരിക്കുന്ന നടപടിയാണിതെന്നാണ് ആക്ഷേപം. എൽടിടിഇ പ്രശ്നം കത്തിനിന്ന 1978–80 കാലത്തു ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജൻസികൾ ശ്രീലങ്കയ്ക്കു നൽകിയ ഉപദേശങ്ങളുടെ ഫയലുകളും നശിപ്പിച്ചവയിൽ പെടുന്നു. ലങ്കയിൽ ഇന്ത്യൻ സമാധാനസേനയുടെ പ്രവർത്തനം സംബന്ധിച്ച രേഖകളും ഇക്കൂട്ടത്തിലുണ്ട്. ഇതെല്ലാം രാജ്യത്തിന്റെ നയത്തിന് അനുസൃതമാണെന്നാണു സർക്കാരിന്റെ നിലപാട്.

തമിഴ് വംശജർക്കായി 1981ൽ വൈരമുത്തു വരദകുമാർ ആരംഭിച്ച സന്നദ്ധസംഘടന തമിഴ് ഇൻഫർമേഷൻ സെന്ററാണു ചരിത്രരേഖകൾ നഷ്ടമായതിൽ പരാതിപ്പെടുന്നത്. തമിഴ് ഇൻഫർമേഷൻ സെന്ററിന്റെ കേന്ദ്രങ്ങൾ 1984–87 കാലത്തു മധുരയിലും മദ്രാസിലും പ്രവർത്തിച്ചിരുന്നു. ശ്രീലങ്കയുമായുള്ള കരാറിന്റെ പേരിൽ ഇവ ഇന്ത്യ അടപ്പിച്ചിരുന്നു. അന്ന് രേഖകൾ ട്രിങ്കോമാലിയിലേക്കു മാറ്റാൻ സഹായിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. 1981ൽ ലങ്ക സൈന്യം ജാഫ്ന ലൈബ്രറി തീവച്ചു നശിപ്പിച്ചതോടെ ഒട്ടേറെ സുപ്രധാന രേഖകൾ നഷ്ടമായി. ബ്രിട്ടിഷ് സർക്കാരിന്റെ നടപടിയോടെ ശ്രീലങ്കൻ തമിഴരുമായി ബന്ധപ്പെട്ട സുപ്രധാന ചരിത്രരേഖകൾ പൂർണമായി ഇല്ലാതായതായും അവർ പരാതിപ്പെടുന്നു.