Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നെഹ്റുവിനൊരു റോസാപ്പൂ; സവർക്കർക്കൊരു പൂന്തോട്ടം’

Narendra Modi

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റുവിന്റെ പ്രാധാന്യം കുറച്ചും വീർ സവർക്കറെ വാനോളം വാഴ്ത്തിയും പ്രധാനമന്ത്രിയുടെ മൻ കി ബാത്. നെഹ്റുവിന്റെ ചരമദിനത്തിൽ നടന്ന റേഡിയോ പ്രഭാഷണ പരിപാടിയിൽ ‘ഇന്നു നെഹ്റുവിന്റെ ഓർമദിനമാണ്, പണ്ഡിറ്റ്ജിക്കു പ്രണാമം’ എന്നു മാത്രം പറഞ്ഞ മോദി, മേയ് മാസം മറ്റൊരാളുടെ ഓർമകളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നു സൂചിപ്പിച്ചാണു സവർക്കറെക്കുറിച്ചു ദീർഘമായി സംസാരിച്ചത്. രാജസ്ഥാനിലെ പാഠപുസ്തകത്തിൽ സമാനമായ രീതിയിൽ വന്ന പരിഷ്കാരം ഏറെ വിവാദമായിരുന്നു.

Nehru death anniversary ജവാഹർലാൽ നെഹ്റുവിന്റെ 54–ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ സമാധി സ്ഥലമായ ശാന്തിവനത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് എന്നിവർ.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സവർക്കറെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. 1857ലെ ലഹളയെ ശിപായി ലഹള എന്നു പറഞ്ഞു വിലകുറച്ചു കാണാനുള്ള ശ്രമം മാത്രമാണു നടന്നത്. നമ്മുടെ സ്വാഭിമാനത്തെ വെല്ലുവിളിക്കാനുള്ള ഈ ശ്രമത്തെ തിരുത്തി, അതു പോരാട്ടമായിരുന്നുവെന്നു പറഞ്ഞതു സവർക്കറാണ്. പിന്നാലെ സവർക്കറെക്കുറിച്ചു വാചാലനായ പ്രധാനമന്ത്രി പക്ഷേ, നെഹ്റുവിനെക്കുറിച്ചു കൂടുതലൊന്നും പറഞ്ഞില്ല. എവറസ്റ്റ് കീഴടക്കിയ ആദിവാസി വിദ്യാർഥികളെയും ലോകം ചുറ്റിയ ഐഎൻഎസ്‍വി തരിണിയിലെ വനിതാ സംഘത്തെയും അടക്കം പ്രശംസിച്ചായിരുന്നു മൻ കി ബാത് തുടങ്ങിയത്. മിഷൻ ശൗര്യ എന്ന പദ്ധതിയുടെ പേര് സത്യമാക്കുന്ന രീതിയിൽ എവറസ്റ്റ് കീഴടക്കിയ കുട്ടികൾ രാജ്യത്തിന്റെ കീർത്തി വർധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

ആദിവാസി വിദ്യാർഥികളായ മനീഷാ ധ്രുവെ, പ്രമേഷ് ആലെ, ഉമാകാന്ത് മാധവി, കവിദാസ് കത്‍മോഡെ, വികാസ് സോയം എന്നീ സ്കൂൾ വിദ്യാർഥികൾക്കു പുറമേ, എവറസ്റ്റിലെത്തിയ 16 വയസ്സുകാരി ശിവാങ്കി പഥക്കിനെയും പ്രധാനമന്ത്രി അനുമോദിച്ചു. എവറസ്റ്റിൽനിന്നു മടങ്ങുമ്പോൾ മാലിന്യം ശേഖരിച്ചു കൊണ്ടുവന്ന ബിഎസ്എഫ് അംഗങ്ങൾക്കും പ്രധാനമന്ത്രിയുടെ കയ്യടി ലഭിച്ചു. ഫിറ്റ് ഇന്ത്യയ്ക്കുവേണ്ടി കോഹ്‌ലി അടക്കമുള്ളവർ നൽകിയ ഫിറ്റ്നസ് ചാലഞ്ചിനെ അഭിനന്ദിച്ചും ഇല്ലാതായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത ഇന്ത്യൻ മൽസരങ്ങൾ സംഘടിപ്പിക്കണമെന്നുമെല്ലാം ആവശ്യപ്പെട്ട മോദി, റമസാൻ – ഈദ് ആശംസ നേർന്നാണ് നാൽപത്തിനാലാം മൻ കി ബാത് പ്രഭാഷണം അവസാനിപ്പിച്ചത്. 

related stories