Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിന്റെ തലേന്ന് കയ്റാനയുടെ തൊട്ടടുത്ത് മോദിയുടെ രാഷ്ട്രീയ പ്രസംഗം

modi-road-show ഡൽഹി – മീററ്റ് കിഴക്കൻ അതിവേഗ ഇടനാഴിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോ. ചിത്രം: പിടിഐ

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ കയ്റാനയിൽ ഇന്നു ലോക്സഭാ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ, തൊട്ടപ്പുറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രസംഗം. കരിമ്പുകൃഷി മേഖലയായ കയ്റാനയെ ഉദ്ദേശിച്ചു കരിമ്പുകർഷകർക്കു മോദി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കോൺഗ്രസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ‌കയ്റാനയിൽ ശനിയാഴ്ച രാത്രി പ്രചാരണം അവസാനിച്ചിരുന്നു. തൊട്ടടുത്തുള്ള ബാഗ്പത്തിൽ ഇന്നലെ കിഴക്കൻ അതിവേഗ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മോദി കയ്റാനയെക്കൂടി ബാധിക്കുന്ന വിഷയങ്ങൾ പ്രസംഗിച്ചത്. ബാഗ്പത്തിലെ ഉദ്ഘാടനച്ചടങ്ങ് തിരഞ്ഞെടുപ്പു ചട്ട ലംഘനമാണെന്നാരോപിച്ചു പ്രതിപക്ഷ കക്ഷികൾ പരാതി നൽകിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളിയിരുന്നു. പാതയുടെ ഉദ്ഘാടനച്ചടങ്ങിനു ബാഗ്പത് തിരഞ്ഞെടുത്തത്, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നു പ്രതിപക്ഷം പറയുന്നു.

ബിജെപിയെ സംബന്ധിച്ച് വളരെ നിർണായകമാണ് കയ്റാന ഉപതിരഞ്ഞെടുപ്പ്. സിറ്റിങ് എംപിയായിരുന്ന ഹുക്കുംസിങ്ങിന്റെ മരണത്തെത്തുടർന്നു നടക്കുന്ന തിര‍ഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൾ മൃഗാംഗ സിങ്ങാണ് പാർട്ടി സ്ഥാനാർഥി. എസ്പി, ബിഎസ്പി, കോൺഗ്രസ് എന്നിവ പിന്തുണയ്ക്കുന്ന ആർഎൽഡിയുടെ പൊതു സ്ഥാനാർഥി തബസും ഹസനാണ് എതിരെ. യോഗി ആദിത്യനാഥ് സർക്കാർ യുപിയിൽ അധികാരത്തിൽ വന്നശേഷം നടന്ന രണ്ടു ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ എസ്പി–ബിഎസ്പി സഖ്യസ്ഥാനാർഥികൾ ബിജെപിയെ തോൽപിച്ചിരുന്നു. ഇതിന്റെ ക്ഷീണം തീർക്കാൻ കയ്റാനയിൽ ബിജെപിക്ക് വിജയം അനിവാര്യമാണ്.

യോഗി ആദിത്യനാഥ് മണ്ഡലത്തിൽ വൻ പ്രചാരണപരിപാടികൾ നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിയടക്കം ആറു സംസ്ഥാനമന്ത്രിമാരും സജീവമായിരുന്നു. മോദി ഇവിടെ പ്രചാരണത്തിനെത്തിയില്ലെങ്കിലും ഇന്നലത്തെ ബാഗ്പത് പ്രസംഗം ആ കുറവു തീർക്കുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. ഇതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം ജനാധിപത്യ മര്യാദകൾക്കു വിരുദ്ധമാണെന്നു കോൺഗ്രസ് ആരോപിച്ചു. കിഴക്കൻ അതിവേഗ പാത യുപിഎ സർക്കാരിന്റെ കാലത്തു തുടക്കമിട്ടതാണെന്നും പറഞ്ഞു. 

related stories