Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദിയുടെ സഹോദരൻ 50 കിലോ സ്വർണം ഒളിപ്പിച്ചു; കേസ് ഇന്നു കോടതിയിൽ

nirav-modi-and-nehal-modi നീരവ് മോദി, നെഹാൽ.

ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പിടിവീഴുമെന്നുറപ്പായപ്പോൾ വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരനായ നെഹാൽ ദുബായിലുണ്ടായിരുന്ന 50 കിലോ സ്വർണവുമായി കടന്നുകളഞ്ഞതായി റിപ്പോർട്ട്. വിദേശത്തെ കടകളിൽ വിൽപനയ്ക്കായി കരുതിവച്ചിരുന്ന സ്വർണമാണു നെഹാൽ ഒളിപ്പിച്ചത്. ദുബായിൽ സൂക്ഷിച്ചിരുന്ന 34,000 സ്വർണ, വജ്ര ആഭരണങ്ങൾ ഒളിപ്പിക്കാൻ നീരവ് മോദിയുടെ അമ്മാവനും വജ്രവ്യാപാരിയുമായ മെഹുൽ ചോക്സി ശ്രമിച്ചെങ്കിലും അവിടത്തെ ജീവനക്കാരനിൽ സമ്മർദം ചെലുത്തി ഇന്ത്യയിലേക്കു തിരികെയെത്തിക്കാൻ ഇഡിക്കു കഴിഞ്ഞു.

സിബിഐ കേസെടുക്കുംമുൻപുതന്നെ മോദി കുടുംബാംഗങ്ങൾ മുഴുവൻ രാജ്യംവിട്ടെങ്കിലും പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനു സമയം നീട്ടിക്കിട്ടാൻ നെഹാലിനെ നിയോഗിച്ചിരുന്നു. എന്നാൽ ബാങ്ക് വഴങ്ങിയില്ല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം 12,000 പേജുള്ള ആദ്യ കുറ്റപത്രം സമർപ്പിച്ചു. നീരവ് മോദി, മെഹുൽ ചോക്സി, നെഹാൽ എന്നിവരും അവരുടെ സ്ഥാപനങ്ങളും അടക്കം 24 പേരാണു പ്രതിപ്പട്ടികയിലുള്ളത്. കേസ് ഇന്നു പരിഗണിക്കും. രണ്ടാമതൊരു കുറ്റപത്രം കൂടി ഇഡി നൽകിയേക്കും.

ഇതിനിടെ, നീരവ് മോദിയുടെ പേരിൽ രാജ്യത്തും പുറത്തുമുള്ള 7000 കോടി രൂപയുടെ സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടാനുള്ള നടപടികളിലേക്കു നീങ്ങുകയാണ് ഇഡി. കുറ്റപത്രം പരിഗണിച്ചാലുടൻ ഇതിനായി അപേക്ഷ നൽകും. സാമ്പത്തിക കുറ്റങ്ങളിലേർപ്പെട്ടശേഷം രാജ്യംവിട്ടു പോകുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനായി പുറപ്പെടുവിച്ച ഓർഡിനൻസ് പ്രകാരമാണ് അപേക്ഷ നൽകുന്നത്. നിലവിലുള്ള നിയമപ്രകാരം, വിചാരണ പൂർത്തിയായശേഷമേ സ്വത്തു കണ്ടുകെട്ടാൻ കഴിയുമായിരുന്നുള്ളൂ.