പദവികൾ വേണ്ടെന്ന് സിദ്ദുവിന്റെ ഭാര്യയും മകനും

ചണ്ഡിഗഡ്∙ സർക്കാർ പദവികളിൽ ഭാര്യയ്ക്കും മകനും നിയമനം നൽകിയതു വിവാദമായതോടെ ഇരുവരും പദവി ഏറ്റെടുക്കുന്നില്ലെന്നു പഞ്ചാബ് തദ്ദേശ സ്വയംഭരണ മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു. ഭാര്യ നവ്ജ്യോത് കൗറിനെ പഞ്ചാബ് വെയർഹൗസിങ് കോർപറേഷൻ ചെയർപഴ്സനായും മകൻ കരണിനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലായുമായാണ് സംസ്ഥാന സർക്കാർ നിയമിച്ചത്.

ഇരുവർക്കും പദവികൾ വഹിക്കാൻ മതിയായ യോഗ്യതയും പരിചയസമ്പത്തും ഉണ്ടെങ്കിലും വിവാദം ഉയർന്ന പശ്ചാത്തലത്തിൽ പദവികൾ ഏറ്റെടുക്കേണ്ടെന്ന് അവർതന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് സിദ്ദു പറഞ്ഞു. അതേസമയം ‘പദവികളെല്ലാം ഒരു വീട്ടിലേക്കെന്ന’ കോൺഗ്രസ് നയം തടയാനായതു തങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷമായ അകാലിദൾ അവകാശപ്പെട്ടു.