Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് കോൺഗ്രസ് നിർബന്ധിച്ച്: ദേവെഗൗഡ

HD Deve Gowda, Kumaraswamy

ബെംഗളൂരു∙ ത്രിശങ്കു ഫലത്തിനുശേഷം കോൺഗ്രസിനു പിന്തുണ നൽകാമെന്നു താൻ വാഗ്ദാനം നൽകിയെങ്കിലും എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നു കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അശോക് ഗെലോട്ടും നിർബന്ധം പിടിക്കുകയായിരുന്നെന്നു ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ. കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനാണു താൻ ആവശ്യപ്പെട്ടത്. എന്നാൽ കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നാണു കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്ന് അവർ അറിയിച്ചു.

37 അംഗങ്ങൾ മാത്രമുള്ള ദളിന് കാർഷിക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാനാവുമോ എന്ന് ഉറപ്പില്ലെന്നും ദേവെഗൗഡ പറഞ്ഞു. തനിക്കു ഭൂരിപക്ഷം നൽകാത്ത ജനതയുടെ കാരുണ്യത്തിലല്ല, കോൺഗ്രസിന്റെ കാരുണ്യത്തിലാണു ഭരണമെന്നും അവരുടെ സമ്മതം ഇല്ലാതെ കാർഷിക വായ്പ എഴുതിത്തള്ളുന്നതുപോലുള്ള കാര്യങ്ങൾ തീരുമാനിക്കാവില്ലെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മന്ത്രിസഭാ വികസനവും വകുപ്പു വിഭജനവും സംബന്ധിച്ച് കോൺഗ്രസ്–ജനതാദൾ ചർച്ച തുടരുകയാണ്.  ഗുലാംനബി ആസാദിന്റെ ഡൽഹിയിലെ വസതിയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഡോ.ജി. പരമേശ്വരയുടെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ കോൺഗ്രസ്-ദൾ നേതാക്കൾ ഇന്നലെ യോഗം ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎസിൽ നിന്നു മടങ്ങിയെത്തിയതിനു ശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമാകൂ എന്നാണ് നേതാക്കൾ നൽകുന്ന സൂചന.

ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന രാജരാജേശ്വരി നഗർ മണ്ഡലത്തിൽ 50 ശതമാനത്തിലേറെ പോളിങ് നടന്നു. അഭിപ്രായസമന്വയത്തിൽ എത്താൻ  കഴിയാത്തതിനാൽ കോൺഗ്രസും ദളും ഇവിടെ മൽസരിച്ചു. 

അതിനിടെ കാർഷിക വായ്പ എഴുതിത്തള്ളാത്തതിൽ പ്രതിഷേധിച്ചു ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല. കർണാടക, കേരള ആർടിസി ബസുകൾ പതിവുപോലെ സർവീസ് നടത്തി.

related stories