Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകസമരം മൂന്നാം ദിനത്തിലേക്ക്; കർഷകന്റെ വിലയറിഞ്ഞ് നഗരങ്ങൾ

Farmers strike കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി കർഷകർ പാൽ റോഡിൽ ഒഴുക്കി പ്രധിഷേധിക്കുന്നു.

ന്യൂഡൽഹി ∙ നഗരങ്ങളിലേക്കുള്ള പഴം – പച്ചക്കറി – പാൽ വിതരണം 10 ദിവസം നിർത്തിവച്ച് ഏഴു സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരം മൂന്നാം ദിനത്തിലേക്ക്. ഗ്രാമങ്ങളിൽനിന്നുള്ള വരവു നിലച്ചതോടെ വിവിധ നഗരങ്ങളിൽ പഴം – പച്ചക്കറി വില ഉയർന്നുതുടങ്ങി. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണു സമരം. പഴവും പച്ചക്കറിയും റോഡിൽ തള്ളി കർഷക പ്രതിഷേധം ശക്തിയാർജിക്കവേ, കൂടുതൽ പച്ചക്കറി വാങ്ങിക്കൂട്ടി ക്ഷാമം നേരിടാനുള്ള തത്രപ്പാടിലാണു നഗരവാസികൾ.

കർഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാൻ ഏകത മഞ്ചിന്റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നേതൃത്വത്തിൽ ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണു സമരരംഗത്തുള്ളത്. കുറഞ്ഞ വേതന പദ്ധതി നടപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം ഒന്നുമുതൽ 10 വരെയാണു സമരം.

Farmer strike കിടപ്പുസമരം: കർഷകസമരത്തെത്തുടർന്ന് പട്യാലയിലെ പച്ചക്കറി വിൽപനശാലയിൽ ചാക്കുകെട്ടുകൾക്കു മുകളിൽ വിശ്രമിക്കുന്ന തൊഴിലാളി. ചിത്രം: പിടിഐ

കഴിഞ്ഞ വർഷം ജൂണിൽ മധ്യപ്രദേശിലെ ബിജെപി സർക്കാരിനെ പിടിച്ചുലച്ച ‘മൻസോർ കർഷക പ്രക്ഷോഭം’ ഒരുവർഷമാകുമ്പോൾ രണ്ടാം സമരത്തിന്റെയും കേന്ദ്രം മൻസോറാണ്. കഴിഞ്ഞ വർഷം ജൂൺ ആറിനു മൻസോറിൽ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവയ്പിൽ ആറു കർഷകരാണു കൊല്ലപ്പെട്ടത്. മൊത്തവിപണികളിൽ വരവു കുറഞ്ഞെങ്കിലും ചില്ലറവിപണിയിൽ ഏതാനും ദിവസത്തേക്കു സ്റ്റോക്ക് കരുതിയിട്ടുള്ളതിനാൽ മുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ നഗരമേഖലകളെ സമരം വലിയ തോതിൽ ബാധിച്ചില്ല. നാസിക്കിൽ ക്ഷീരസംഘങ്ങൾ പാൽ സംഭരിച്ചില്ല. യേവ്‌ള താലൂക്കിലെ വിസാപുരിൽ പാൽ റോഡിൽ ഒഴുക്കി പ്രതിഷേധിച്ചു. രണ്ടു ദിവസം മുൻപുവരെ 10–15 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ ചണ്ഡിഗഡിൽ 20–25 രൂപയായി. പാലുൽപന്നങ്ങൾക്കു വില കയറിത്തുടങ്ങി. വിവിധ സ്ഥലങ്ങളിൽ പച്ചക്കറിലോറികൾ കർഷകർ തടഞ്ഞു.