Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു ദിവസത്തെ അഖിലേന്ത്യാ കർഷക സമരത്തിനു തുടക്കം

ന്യൂഡൽഹി/ മുംബൈ/ ചണ്ഡിഗഡ് ∙ വിവിധ സംസ്ഥാനങ്ങളിലെ കർഷകർ 10 ദിവസത്തെ ‘ഗ്രാമനിശ്ചല’ സമരം ആരംഭിച്ചു. പാലും പച്ചക്കറിയുമുൾപ്പെടെ ഈ ദിവസങ്ങളിൽ ഒരു വസ്തുവും നഗരങ്ങളിലേക്ക് അയയ്ക്കാതെയാണു സമരം. മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കശ്മീർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറിലേറെ കർഷക സംഘടനകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. സമരം തുടരുന്നതോടെ വരുംദിവസങ്ങളിൽ നഗരങ്ങളിൽ സാധാരണ ജീവിതം തടസ്സപ്പെടും. സമരത്തിന്റെ അവസാന ദിനമായ പത്താം തീയതി അഖിലേന്ത്യാ ബന്ദിനും കർഷക സംഘടനകൾ ആഹ്വാനം നൽകിയിട്ടുണ്ട്.

സമരത്തിന്റെ ആദ്യദിവസമായ ഇന്നലെ, വിവിധയിടങ്ങളിൽ പച്ചക്കറികളടക്കമുള്ള വിളകൾ റോഡിൽ കൊണ്ടിട്ടും പാൽ റോഡിലൊഴുക്കിയും പ്രതിഷേധിച്ചു. മൊത്തക്കച്ചവട മാർക്കറ്റുകളും കർഷകർ ബഹിഷ്കരിക്കുകയാണ്. മധ്യപ്രദേശിലെ മൻസോറിൽ കഴിഞ്ഞ ജൂണിൽ കർഷക സമരത്തിനിടെ ആറു കർഷകർ പൊലീസ് വെടിവയ്പിൽ മരിച്ചിരുന്നു. അതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് സമരം ആസൂത്രണം ചെയ്തിട്ടുള്ളത്. മൻസോറിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കാർഷികോൽപന്നങ്ങൾക്ക് അർഹമായ ന്യായവില ഉറപ്പാക്കുക, വായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു.

മഹാരാഷ്ട്രയിൽ മാത്രം 110 കർഷക സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ നാസിക്കിൽനിന്നു മുംബൈയിലേക്കു കർഷകരുടെ ലോങ്മാർച്ച് സംഘടിപ്പിച്ച സിപിഎമ്മിന്റെ അഖിലേന്ത്യാ കിസാൻ സഭയും കൂട്ടത്തിലുണ്ട്. ലോങ്മാർച്ചിൽ സംസ്ഥാന സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതാണ് വീണ്ടും സമരമാർഗത്തിലേക്ക് പ്രവേശിക്കാൻ ഇടയാക്കിയതെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ, ബിജെപിയോട് ഇടഞ്ഞ് ഭരണമുന്നണി വിട്ട രാജു ഷെട്ടി നേതൃത്വം നൽകുന്ന സ്വാഭിമാനി ഷേത്കാരി സംഘടന സമരത്തിൽ സജീവമല്ല.