Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷക സമരം പടരുന്നു; പഴം, പച്ചക്കറി വില കുതിക്കുന്നു

PTI6_3_2018_000057A കണ്ണീർക്കനി: ഹരിയാനയിലെ ഹിസാറിൽ സമരം ചെയ്യുന്ന കർഷകർ പച്ചക്കറികൾ റോഡിൽ ഉപേക്ഷിച്ചനിലയിൽ. ചിത്രം:പിടിഐ

കർഷക സമരം മൂന്നുദിവസം പിന്നിട്ടതോടെ വിപണിയിൽ പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന. ആദ്യ രണ്ടു ദിവസങ്ങളിലും ലഭ്യതക്കുറവ് വിപണികളിലുണ്ടായിരുന്നില്ലെങ്കിലും ഇന്നലെ അതു പ്രകടമായി. ഉൽപന്നവരവു കുറഞ്ഞതു ചൂണ്ടിക്കാട്ടി ചില്ലറ കച്ചവടക്കാർ വില ഇരട്ടിയാക്കി.

പാവയ്ക്ക, വെണ്ടയ്ക്ക, കോളിഫ്ലവർ എന്നിവയുടെ വിലയിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്. കൂടുതൽ പഴം, പച്ചക്കറി കർഷകരും വലിയ തോതിലുള്ള കാർഷികോൽപന്ന വിപണികളുമുള്ള നാസിക്കിൽ ഇന്നലെയും ശക്തമായ പ്രതിഷേധം തുടർന്നു. സഹകരണ സംഘങ്ങൾ ക്ഷീരകർഷകരിൽ നിന്നു പാൽ എടുക്കാതെ പ്രതിഷേധത്തിന്റെ ഭാഗമായി. പലയിടങ്ങളിലും കർഷകർ റോഡിൽ പാലൊഴുക്കിയും കാർഷികോൽപന്നങ്ങൾ വിതറിയും പ്രതിഷേധിച്ചു.

കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടും കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും കിസാൻ ഏകതാ മഞ്ചിന്റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നേതൃത്വത്തിൽ കർഷകർ 10 ദിവസത്തെ സമരം ആരംഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 22 സംസ്ഥാനങ്ങളിൽ സമരം ശക്തമാണ്.

നിലനിൽപിനായി പൊരുതുന്ന കർഷകർക്കെതിരെ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ് നടത്തിയ പ്രസ്താവന പ്രതിഷേധത്തിനു ശക്തി കൂട്ടിയിട്ടുണ്ട്. ദേശീയപാതകൾ ഉപരോധിച്ചുള്ള സമരം പലയിടത്തും പൊലീസുമായി സംഘർഷത്തിനിടയാക്കി. ഉത്തർപ്രദേശിൽ രാഷ്ട്രീയ കിസാൻ മഞ്ച് എന്ന സംഘടന സമരത്തിൽ നിന്നു പിന്മാറി. സമരം തുടരുന്നത് സ്ഥിതി വഷളാക്കിയേക്കും.