Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഘർഷം: ഷില്ലോങ്ങിലേക്ക് കേന്ദ്രസേന; വർഗീയസംഘർഷമല്ലെന്നു മേഘാലയ മുഖ്യമന്ത്രി

curfew in Shillong നിരോധനാജ്ഞ പ്രഖ്യാപിച്ച ഷില്ലോങ്ങിൽ നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.

ഷില്ലോങ് (മേഘാലയ)∙ മേഘാലയ തലസ്ഥാനത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി മോവാലിയിലെ സിആർപിഎഫ് ക്യാംപിനു നേർക്കു കല്ലേറ്. ഞായർ രാത്രിയാണു നാനൂറോളം പ്രക്ഷോഭകാരികൾ കേന്ദ്ര അർധസൈനിക വിഭാഗത്തിന്റെ ക്യാംപിനു നേർക്കു കല്ലെറിഞ്ഞത്. ഇതേത്തുടർന്നു 100 ഭടന്മാർ വീതമുള്ള 10 കമ്പനി സിആർപിഎഫ് സേനയെ കേന്ദ്രം ഷില്ലോങ്ങിലേക്ക് അയച്ചു.

ഷില്ലോങ്ങിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. വ്യാഴാഴ്ച ഷില്ലോങ്ങിലെ പഞ്ചാബിമേഖലയിലെ താമസക്കാരിയായ സ്ത്രീയെ ഖാസി ഗോത്രവിഭാഗക്കാരനായ സർക്കാർ ബസ് ജീവനക്കാരൻ മർദിച്ചെന്നാണ് ആരോപണം. ഇതു മേഖലയിൽ സിഖ്–ഖാസി സംഘർഷമായി മാറുകയായിരുന്നു. പൊലീസിനെതിരെയും ആക്രമണം ഉണ്ടായതോടെയാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രാദേശിക പ്രശ്നമാണെന്നും വർഗീയത കലർത്തുന്നതു ശരിയല്ലെന്നും മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സംങ്മ പ്രതികരിച്ചു. ഗുരുദ്വാരകൾക്കു നേരെ ആക്രമണം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ സംഭവം അന്വേഷിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് നിയോഗിച്ച നാലംഗ സംഘം ഷില്ലോങ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഡ‍ൽഹിയിൽനിന്നുള്ള ശിരോമണി അകാലിദൾ നേതാക്കളും ഷില്ലോങ്ങിലെത്തി.