Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും കഠിനാധ്വാനികൾ മുംബൈ നഗരവാസികൾ

Mumbai

മുംബൈ ∙ ലോകത്ത് ഏറ്റവും കൂടുതൽ സമയം ജോലിചെയ്യുന്നതു മുംബൈ നഗരവാസികളെന്നു സ്വിസ് ബാങ്കായ യുബിഎസ്സിന്റെ പഠനം. വർഷം ശരാശരി 3,315 മണിക്കൂർ ആണു മുംബൈയിലെ ഒരു ജീവനക്കാരൻ ജോലി ചെയ്യുന്നത്. 77 നഗരങ്ങളിലെ ശരാശരിയാകട്ടെ, 1987 മണിക്കൂർ മാത്രം. 

റോം, പാരിസ് നഗരങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ സമയമാണു മുംബൈക്കാർ ജോലി ചെയ്യുന്നത്. ഏറ്റവും കുറച്ച് അവധിയെടുക്കുന്നതും അവർ തന്നെ; വർഷത്തിൽ 10 ദിവസം. അവധിയിൽ റിയാദിലുള്ളവരാണു മുന്നിൽ– ശരാശരി 37 ദിവസം. 

പക്ഷേ ജോലിക്കനുസരിച്ചു മുംബൈക്കാർക്കു വരുമാനമില്ല. ന്യൂയോർക്കിൽ 54 മണിക്കൂർ ജോലി ചെയ്താൽ 85,000 – 98,000 രൂപ കിട്ടുമെന്നിരിക്കെ അതിനു മുംബൈയിൽ ശരാശരി 900 മണിക്കൂർ ജോലി ചെയ്യണം. 

കൂടുതൽ സമയം ജോലി ചെയ്യുന്നവരുടെ പട്ടികയിൽ ഹനോയി, മെക്സിക്കോ സിറ്റി, ന്യൂഡൽഹി എന്നിവയാണു മുംബൈയ്ക്കു പിന്നിൽ. കുറച്ചു സമയം ജോലി ചെയ്യുന്ന നഗരങ്ങളിൽ മുൻനിരയിൽ ഹെൽസിങ്കി, മോസ്കോ, കോപ്പൻഹേഗൻ, പാരിസ്, റോം, ലാഗോസ് എന്നിവയും. ഇൗ വർഷം ജനുവരിക്കും ഏപ്രിലിനും ഇടയിൽ 77 നഗരങ്ങളിലെ 75,000 പേരിൽ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.