Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടികവിഭാഗ സ്ഥാനക്കയറ്റത്തിന് സംവരണം തുടരാം: സുപ്രീം കോടതി

supreme-court

ന്യൂഡൽഹി ∙ പട്ടികവിഭാഗ ജീവനക്കാർക്കു സംവരണാടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റം ‘നിയമാനുസൃതം’ നടപ്പാക്കാൻ കേന്ദ്രസർക്കാരിനു സുപ്രീം കോടതി വാക്കാൽ അനുമതി നൽകി. എന്നാൽ, തുടർനടപടികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള ഹർജികളിലെ വിധിക്കു വിധേയമായിരിക്കും.

സ്ഥാനക്കയറ്റത്തിലെ സംവരണവ്യവസ്ഥ സുപ്രീം കോടതിയും ഹൈക്കോടതികളും പല തരത്തിൽ വ്യാഖ്യാനിക്കുന്നതിനാൽ ഏകദേശം 14,000 ഒഴിവുകൾ നികത്താനാകാത്ത സ്ഥിതിയാണെന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഭരണഘടനാ വ്യവസ്ഥയനുസരിച്ചു (16–4എ വകുപ്പ്) നടപടിയെടുക്കാൻ അനുവദിക്കണമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് വാദിച്ചു. സംവരണം അനുവദിക്കുന്നതാണു വകുപ്പെന്നും നിയമാനുസൃതം സർക്കാരിനു മുന്നോട്ടുപോകാമെന്നും ജഡ്ജിമാരായ ആദർശ് കുമാർ ഗോയൽ, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

തടഞ്ഞതു ഡൽഹി ഹൈക്കോടതി

സ്ഥാനക്കയറ്റത്തിലെ പട്ടികവിഭാഗ സംവരണം അഞ്ചുവർഷം കൂടി തുടരാമെന്ന് 1992 നവംബർ 16ന് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതു 16–4എ വകുപ്പായി 1995ൽ ഭരണഘടനയിൽ ഉൾപ്പെടുത്തി. കോടതി നിർദേശിച്ച അഞ്ചുവർഷ കാലാവധി അവസാനിക്കുന്നതു കണക്കിലെടുത്ത്, സംവരണം സമയപരിധിയില്ലാതെ നീട്ടി കേന്ദ്ര പഴ്സനേൽ വകുപ്പ് 1997 ഓഗസ്റ്റ് 13ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഈ ഉത്തരവും അതിന്റെ അടിസ്ഥാനത്തിൽ നൽകിയ സ്ഥാനക്കയറ്റങ്ങളും കഴിഞ്ഞ ഓഗസ്റ്റ് 23നു ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണു കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.

നാഗരാജ് കേസ് വിധി ചൂണ്ടിക്കാട്ടി 

സുപ്രീം കോടതി 2006ലെ എം.നാഗരാജ് കേസിൽ നൽകിയ വിധിയാണ് 1997ലെ ഉത്തരവു റദ്ദാക്കാൻ ഡൽഹി ഹൈക്കോടതി എടുത്തുകാട്ടിയ കാരണം. 

നാഗരാജ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞതിങ്ങനെ: 

സ്ഥാനക്കയറ്റം നൽകാൻ സർ‍ക്കാർ തീരുമാനിക്കുന്നെങ്കിൽ, അതിനു പിൻബലമേകുന്നതാണു 16–4എ വകുപ്പ്. എന്നാൽ, സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കണമെങ്കിൽ, നിലവിലെ പ്രാതിനിധ്യത്തിന്റെ കണക്കെടുക്കണം, പിന്നാക്കാവസ്ഥ വിലയിരുത്തണം, ഭരണഘടനയുടെ 335–ാം വകുപ്പും കണക്കിലെടുക്കണം. ഭരണപരമായ കാര്യക്ഷമതയുമായി ഒത്തുപോകുംവിധമാണു പട്ടികവിഭാഗങ്ങളുടെ ആവശ്യങ്ങൾ തൊഴിൽ നിയമനങ്ങൾക്കു കേന്ദ്രവും സംസ്ഥാനങ്ങളും പരിഗണിക്കേണ്ടതെന്നാണു 335–ാം വകുപ്പിൽ പറയുന്നത്. 

ഭരണഘടനാ ബെഞ്ചിന്റെ ഈ വിധി വ്യാഖ്യാനിച്ചായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

ഇനി ഭരണഘടനാ ബെഞ്ചിലേക്ക്

പട്ടിക വിഭാഗ സംവരണവുമായി ബന്ധപ്പെട്ട ഏതാനും ഹർജികൾ നിലവിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. നാഗരാജ് കേസിലെ വിധിയുടെ പുനഃപരിശോധനയാണു പ്രധാനം. സ്ഥാനക്കയറ്റ വിഷയത്തിലെ ഡൽഹി ഹൈക്കോടതി വിധിയും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. 

പട്ടിക വിഭാഗത്തിലെ പലർ സംവരണാവകാശം ഉന്നയിച്ചാൽ മേൽത്തട്ട് തത്വം ബാധകമാക്കാമോയെന്ന ചോദ്യം കഴിഞ്ഞ നവംബർ 14നു പരിഗണിച്ച കേസിൽ ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉന്നയിച്ചിരുന്നു. ത്രിപുര സർക്കാരും ജയന്ത ചക്രവർത്തിയും തമ്മിലുള്ളതാണ് ഈ കേസ്.

16–4 എ വകുപ്പ്: മതിയായ പ്രാതിനിധ്യമില്ലെന്നു സർക്കാരിന് അഭിപ്രായമുണ്ടെങ്കിൽ, ഏതു തസ്തികയിലേക്കും പട്ടികവിഭാഗക്കാർക്കു സ്ഥാനക്കയറ്റ സംവരണത്തിനും അനുബന്ധ സീനിയോറിറ്റിക്കും സർക്കാരിനു വ്യവസ്ഥ ചെയ്യാം. 

related stories